നാലു ഗ്രഹങ്ങള്‍ ഒന്നിച്ചുള്ള 'പരേഡ് '; നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാം
മലപ്പുറം: നാലു ഗ്രഹങ്ങള്‍ ഒന്നിച്ചു നേര്‍രേഖയില്‍ ദൃശ്യമാകുന്ന 'ഗ്രഹപരേഡ് ' ഈ മാസവും ഒക്ടോബറിലുമായി ദൃശ്യമാകും. സൂര്യന്‍ അസ്തമിച്ച് ഇരുട്ടുവീഴാന്‍ തുടങ്ങുന്നതോടെ പടിഞ്ഞാറന്‍ ആകാശത്ത് ഏറെ ശോഭയോടെ ശുക്രന്‍ തെളിയും. ഇരുട്ട് കൂടുന്നതോടെ ശുക്രന്റെ കിഴക്കായി വ്യാഴവും വ്യാഴത്തിന്റെ കിഴക്കായി ശനിയും ശനിയുടെ കിഴക്കായി ചൊവ്വയും ഏകദേശം നേര്‍രേഖയില്‍ പ്രത്യക്ഷപ്പെടും.
തിളക്കമേറിയ ഈ നാലു ഗോളങ്ങളും ചേര്‍ന്നു മനോഹരമായ ദൃശ്യവിരുന്നൊരുക്കുമെന്നും കൗതുകമുണര്‍ത്തുന്ന ഈ കാഴ്ച നഗ്‌നനേത്രങ്ങള്‍കൊണ്ടു കാണാനാകുമെന്നും വാന നിരീക്ഷകന്‍ ഇല്യാസ് പെരിമ്പലം പറഞ്ഞു. ചന്ദ്രനെ ഉപയോഗപ്പെടുത്തി ശനിയെ വേഗത്തില്‍ തിരിച്ചറിയാം. ഇന്നു സന്ധ്യയ്ക്കു ചന്ദ്രന്റെ ഏകദേശം അടുത്തായി ശനിയെ കാണാം. ഈ സമയത്തു ചന്ദ്രനും ശനിക്കുമിടയില്‍ നാലു പൂര്‍ണചന്ദ്രന്‍മാരെ വയ്ക്കാനുള്ള വിടവുള്ളതായി തോന്നും. അര ഡിഗ്രി കോണീയ വലിപ്പത്തില്‍ പൂര്‍ണചന്ദ്രനെ കാണുന്നതാണ് അതിനു കാരണം. നിത്യവും ഏകദേശം 13.5 ഡിഗ്രി വീതം കിഴക്കോട്ട് നീങ്ങുന്ന ചന്ദ്രന്‍ 19നു ചൊവ്വയുടെ എട്ടു ഡിഗ്രി പടിഞ്ഞാറായും 20ന് ആറു ഡിഗ്രി കിഴക്കായും കാണപ്പെടും. ഈ ദിവസങ്ങളില്‍ ചന്ദ്രനെ ഉപയോഗപ്പെടുത്തി ചൊവ്വയെ തിരിച്ചറിയാനും എളുപ്പമാണ്.
ടെലിസ്‌കോപ്പ് ഉപയോഗിച്ചുള്ള ഗ്രഹനിരീക്ഷണത്തിന് ഏറെ സാധ്യതയുള്ള സമയംകൂടിയാണിത്. ശനിയുടെ മനോഹരമായ വളയം, വ്യാഴത്തിന്റെ അയോ, യൂറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നീ നാലു പ്രധാന ഉപഗ്രഹങ്ങളെയും ടെലിസ്‌ക്കോപ്പിലൂടെ ഇപ്പോള്‍ നിരീക്ഷിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."