അന്വേഷിക്കുന്നത് കണ്ടെത്തുന്നില്ല
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന യൂണിയനാണ് ഇന്ത്യ. സംസ്ഥാനങ്ങള്‍ ഇല്ലെങ്കില്‍ കേന്ദ്രം ഇല്ല. ഇരുപത്തിയെട്ട് സംസ്ഥാനങ്ങളില്‍ അത്ര ചെറുതല്ലാത്ത ഒന്നാണ് കേരളം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അകലവും അടുപ്പവും ഭരണഘടന നിര്‍ണയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ രാഷ്ട്രീയ ഏജന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗവര്‍ണര്‍ എന്ന ഭരണഘടനാപദവിയുള്ള ആള്‍ സംസ്ഥാനത്തുണ്ട്. രാഷ്ട്രീയമായി അനഭിമതമാകുന്ന സംസ്ഥാനത്ത് കേന്ദ്രം ഇടങ്കോലിടുന്നത് ഗവര്‍ണറെ ഉപയോഗിച്ചാണ്. ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുന്നതിന് കേന്ദ്രത്തിന് അധികാരമുണ്ട്. സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണം ഗവര്‍ണറുടെ പേരിലാണ് നടക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷമില്ലെങ്കില്‍ എല്ലാം നന്നായി നടക്കും. സംസ്ഥാനത്ത് നടക്കുന്നതെന്തും അറിയുന്നതിനുള്ള അവകാശം ഗവര്‍ണര്‍ക്കും അറിയിക്കുന്നതിനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുമുണ്ട്. കണക്ക് നോക്കുന്നതിനും ക്രമക്കേടുണ്ടെങ്കില്‍ കണ്ടുപിടിക്കുന്നതിനും സി.എ.ജി എന്ന ഭരണഘടനാസ്ഥാപനമുണ്ട്. എല്ലാറ്റിനുംമേലേ ജുഡീഷ്യല്‍ റിവ്യൂ എന്ന അധികാരവുമായി ഹൈക്കോടതിയും സുപ്രിംകോടതിയുമുണ്ട്.
ഇതിനെല്ലാം ഉപരിയായി ചില അന്വേഷണ ഏജന്‍സികള്‍ വിളിച്ചും വിളിക്കാതെയും കേന്ദ്രത്തിന്റെ മോണിട്ടര്‍മാരായി കേരളത്തില്‍ ചുറ്റിക്കറങ്ങുന്നു. സര്‍ക്കാരിന്റെ നയപരമായ നടപടികളാകെ പരിശോധിക്കുന്നതിനും ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനും ഫയലുകള്‍ ആവശ്യപ്പെടുന്നതിനും എന്‍ഫോഴ്‌സ്‌മെന്റായാലും സി.ബി.ഐ ആയാലും മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയായാലും അധികാരമില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു പുറമേ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നതിനും നിയമവിരുദ്ധമായ ഈ ഇടപെടല്‍ കാരണമാകുന്നു. ഫെഡറലിസമെന്നത് ആലങ്കാരികമായി ഉപയോഗിക്കാനുള്ള പദമല്ല. നമ്മുടെ രാഷ്ട്രസംവിധാനത്തിന്റെ സവിശേഷതയാണ് ഫെഡറലിസം. ഈ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ സാമന്തദേശങ്ങളല്ല. കേന്ദ്രത്തിന് അനാശാസ്യമായി കയറിയിറങ്ങാനുള്ള അന്തിത്താവളങ്ങളുമല്ല.
മുഖ്യമന്ത്രി വിളിച്ചതനുസരിച്ചാണ് ഈ ഏജന്‍സികള്‍ എത്തിയതെന്ന ന്യായീകരണമുണ്ട്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ ഇവര്‍ സ്ഥലം വിടുമോ? നയതന്ത്രചാനലിലൂടെ സ്വര്‍ണം കടത്തിയ കേസ് അന്വേഷിക്കാനാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചത്. ആരും വിളിച്ചില്ലെങ്കിലും കസ്റ്റംസ് അന്വേഷിക്കേണ്ട കേസാണത്. പക്ഷേ പല കാരണം പറഞ്ഞ് പലര്‍ ഇവിടെയെത്തി. എന്‍.ഐ.എ എന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ വരവിന്റെ ഉദ്ദേശ്യം എന്‍.ഐ.എയ്ക്കുവേണ്ടിയുള്ള പ്രത്യേക കോടതിക്കുപോലും മനസിലായില്ല. സ്വര്‍ണം എവിടെനിന്നു വന്നുവെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ അറിയാതെ ഏജന്‍സികള്‍ ഉത്തരം മുട്ടി നില്‍ക്കുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ തുടങ്ങി. കോഫെപോസ ഇല്ലായിരുന്നുവെങ്കില്‍ സ്വപ്ന ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുമായിരുന്നു. കരിനിയമം എന്നറിയപ്പെടുന്ന കരുതല്‍ നിയമങ്ങളുടെ പ്രയോഗത്തിന് സാമര്‍ഥ്യം ആവശ്യമില്ല. ആര്‍ക്കെതിരേയും പ്രയോഗിക്കാവുന്ന അത്തരം ചില നിയമങ്ങള്‍ ഭരണകൂടത്തിന്റെ ആവനാഴിയിലുണ്ട്.
സ്വര്‍ണം, ഈന്തപ്പഴം, പിന്നെ ഐ-ഫോണും കെ-ഫോണും. ഇങ്ങനെ നാലു മാസമായി മാധ്യമങ്ങള്‍ ഈ ഏജന്‍സികള്‍ കൗശലത്തോടെ ഇട്ടുകൊടുക്കുന്ന അപ്പക്കഷണങ്ങള്‍കൊണ്ട് വിരുന്നൊരുക്കുന്നു. അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കണം; ചിലപ്പോള്‍ വല്ലതും കണ്ടെത്തിയെന്നു വരും. പക്ഷേ നിയമത്തിന്റെ നിയന്ത്രണം വിട്ട് ഈ ഏജന്‍സികള്‍ കൂത്താടുന്നത് ആര്‍ക്കുവേണ്ടിയാണ്. ക്ഷണിച്ച മുഖ്യമന്ത്രിക്ക് അവരെ ശാസിക്കേണ്ട അവസ്ഥയായി. ആ ശാസനയില്‍ അര്‍ഥവും മുന്നറിയിപ്പുമുണ്ട്. ഇത് കേന്ദ്രത്തിന്റെ അവിഹിതമായ ഇടപെടലാണ്. ചെന്നിത്തലയ്‌ക്കോ രാജഗോപാലിനോ മന്ത്രിസഭ രൂപീകരിക്കുന്നതിന് പ്രകാശവര്‍ഷത്തിന്റെയെങ്കിലും ദൂരത്തില്‍ സാധ്യത ഉണ്ടായിരുന്നെങ്കില്‍ പിണറായി വിജയനെ കേന്ദ്രം ഇതിനകം അധികാരത്തില്‍നിന്ന് ഇറക്കിവിടുമായിരുന്നു. ഇനിയിപ്പോള്‍ അവര്‍ ഉന്നംവയ്ക്കുന്നത് തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പില്‍ ഉന്നയിക്കാവുന്ന നേട്ടങ്ങളുടെ ശോഭ കുറയ്ക്കുന്നതിനുള്ള കുത്സിതമായ നീക്കമാണ് ഈ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്നത്.
മാധ്യമങ്ങളുടെ നാമകരണരീതികള്‍ വിചിത്രമാണ്. പണ്ട് നാവികസേനാമേധാവിയുടെ പൗത്രന്‍ മദ്യപിച്ച് കാറോടിച്ച് കുറേ പേരെ കൊന്ന കേസുണ്ടായി. ബി.എം.ഡബ്ല്യു കേസെന്നാണ് അതറിയപ്പെട്ടത്. ബി.എം.ഡബ്ല്യു കാറിലായിരുന്നു പ്രതിയുടെ യാത്ര എന്നതിലുപരി കേസുമായി ആ പേരിന് ബന്ധമൊന്നുമില്ല. ലൈഫ് മിഷന്റെ അവസ്ഥയും ഇതുതന്നെയാണ്. രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് ഭവനം നല്‍കുകയും അനേകായിരങ്ങള്‍ക്ക് ഇനിയും നല്‍കാനിരിക്കുന്നതുമായ ഒരു ബൃഹത്പദ്ധതിയാണ് ലൈഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലൈവ്‌ലിഹുഡ് ഇന്‍ക്‌ളൂഷന്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ എംപവര്‍മെന്റ് എന്ന പദ്ധതി. അതില്‍പ്പെട്ട ഒരു പ്രോജക്ട് മാത്രമാണ് വടക്കാഞ്ചേരിയിലേത്. യു.എ.ഇയിലെ റെഡ് ക്രസന്റ് എന്ന സംഘടന ഏറ്റെടുത്ത പ്രോജക്ടാണത്. അവിടെ ക്രമക്കേട് നടന്നെങ്കില്‍ അന്വേഷിക്കേണ്ടത് സംസ്ഥാനത്തെ വിജിലന്‍സാണ്. അവിടെ സി.ബി.ഐ അതിക്രമിച്ചെത്തിയെന്നു മാത്രമല്ല പ്രോജക്ടിനാകെ ആക്ഷേപമുണ്ടാകത്തക്ക രീതിയില്‍ ലൈഫ് മിഷന്‍ കേസ് എന്നൊരു പേര് മാധ്യമങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു. സര്‍ക്കാരിന്റെ പണമല്ല, റെഡ് ക്രസന്റിന്റെ പണമാണ് സ്വപ്നയും കൂട്ടരും ചേര്‍ന്ന് അടിച്ചുമാറ്റിയത്. റെഡ് ക്രസന്റും അതേക്കുറിച്ച് അന്വേഷിക്കാതിരിക്കില്ല.
ഇതുതന്നെയാണ് കെ-ഫോണിന്റെയും അവസ്ഥ. കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്‌വര്‍ക്ക് എന്നതിന്റെ ചുരുക്കപ്പേരാണ് കെ-ഫോണ്‍. അര്‍ഹതയുള്ളവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്ന പദ്ധതിയാണിത്. ഇന്റര്‍നെറ്റ് പൗരാവകാശമാകുന്നതോടെ അറിയുന്നതിനുള്ള അവകാശത്തിന്റെ അവിശ്വസനീയമായ വിപുലീകരണമാണ് നടക്കുന്നത്. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യത പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ രാജ്യമാണ് ഫിന്‍ലന്‍ഡ്. രണ്ടാമത് സംസ്ഥാനം മാത്രമായ കേരളം. ഇന്റര്‍നെറ്റ് ഇല്ലാത്ത അവസ്ഥ അറിയണമെങ്കില്‍ ജമ്മു-കശ്മിരില്‍ പോകണം. ഈ കെ-ഫോണിനെയാണ് ഐ-ഫോണുമായി മാധ്യമങ്ങള്‍ കൂട്ടിക്കെട്ടുന്നത്.
തുടര്‍ച്ചയായുള്ള മഹാമാരികള്‍ സൃഷ്ടിച്ച മരവിപ്പിലും ചില വലിയ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ലൈഫും കെ-ഫോണും. ഇത്തരം നേട്ടങ്ങള്‍ സംസ്ഥാനത്തിന് നിഷേധിക്കുന്നതിനുവേണ്ടിയാണ് കേന്ദ്ര ഏജന്‍സികള്‍ ഇറങ്ങിയിരിക്കുന്നത്. കഥയറിയാതെ കൂത്തു കാണുന്ന മാധ്യമങ്ങളും അവര്‍ക്കൊപ്പം കൂടിയിട്ടുണ്ട്. ഹാമ്‌ലിനിലെ കുഴലൂത്തുകാരന്റെ പിന്നാലെ കൂടിയ കുട്ടികളുടെ യാത്ര അപകടത്തിന്റെ ഗര്‍ത്തത്തിലേക്കായിരുന്നു. ഭരണഘടനയ്ക്കും ഫെഡറല്‍ തത്ത്വങ്ങള്‍ക്കും അനുസൃതമായി സംസ്ഥാനത്തെ തിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്രത്തിനു കഴിയുമെന്നിരിക്കേ ട്രോജന്‍ കുതിരകളെ ഇറക്കി കളിക്കേണ്ട കാര്യമില്ല. ഏറ്റുമുട്ടണമെങ്കില്‍ അത് നേര്‍ക്കുനേര്‍ ആകണം. കേന്ദ്രത്തിന്റെ ഒളിപ്പോര്‍ സംസ്ഥാനങ്ങള്‍ക്കെതിരേ വേണ്ട.
എച്ച്.എം.വി എന്ന് ചുരുക്കി അറിയപ്പെട്ടിരുന്ന ഹിസ് മാസ്‌റ്റേഴ്‌സ് വോയിസ് ഗ്രാമഫോണിന്റെ കാലത്ത് സംഗീതരംഗത്തെ പ്രശസ്തമായ പേരായിരുന്നു. യജമാനന്റെ ശബ്ദത്തിനുവേണ്ടി കാതോര്‍ക്കുന്ന ഏജന്‍സികളാണ് നമുക്കുള്ളത്. അതിനു പകരം സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ഏജന്‍സികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം നിക്ഷിപ്തമായിരിക്കുന്നത് ഗവര്‍ണറില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധ പതിയേണ്ടതായ വിഷയമാണിത്. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് രാഷ്ട്രീയമോ ഭരണപരമോ ആയ അസ്ഥിരത ഉണ്ടാക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരേ സി.ബി.ഐ തയാറാക്കിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദേശിച്ചുകൊണ്ടായിരുന്നു പരാമര്‍ശം. മുഖ്യമന്ത്രിയുടെ ചേംബറിലേക്കുള്ള വഴി തെരയുന്ന വ്യഗ്രതയിലാണ് കേന്ദ്ര ഏജന്‍സികള്‍. എത്ര ഓടിയിട്ടും പുറപ്പെട്ടിടത്തുതന്നെ എത്തുന്നുവെന്നതാണ് ഏജന്‍സികളെ കുഴയ്ക്കുന്ന വലിയ പ്രശ്‌നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."