തറച്ച മരച്ചീളു മാറ്റാതെ കാലില്‍ പ്ലാസ്റ്ററിട്ടതായി പരാതി
നീലേശ്വരം: കാലില്‍ തറച്ച മരച്ചീളു മാറ്റാതെ പ്ലാസ്റ്ററിട്ടതായി പരാതി. ഇതേ തുടര്‍ന്ന് ഊമയായ യുവാവിനു ഗുരുതരം. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കൊല്ലമ്പാറ കീഴ്മാല സ്വദേശി പി രവീന്ദ്രനാണ് (35) ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഒരാഴ്ച മുന്‍പാണ് വീടിനു സമീപത്തെ കിണറ്റില്‍ വീണു രവീന്ദ്രനു പരുക്കേറ്റത്. രണ്ടു കാലും ഒടിഞ്ഞ ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇരുകാലിനും പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് അയക്കുകയും ചെയ്തു.
എന്നാല്‍ രണ്ടു ദിവസത്തിനകം രണ്ടു കാലിനും പഴുപ്പും വേദനയും അനുഭവപ്പെട്ടു തുടങ്ങി. ഉടന്‍ നീലേശ്വരത്തെ സഹകരണ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് കാലിനകത്തു മരച്ചീളുകള്‍ തറച്ചതായി കണ്ടെത്തിയത്. തുടര്‍ന്നു രവീന്ദ്രനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനകം രണ്ട് ഓപ്പറേഷനും കഴിഞ്ഞു. നിര്‍ധന കുടുംബമായതു കൊണ്ടുതന്നെ ചികിത്സാ ചെലവും താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഡോക്ടറുടെ അനാസ്ഥ കാരണം യുവാവ് ദുരിതത്തിലായ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ബന്ധുക്കള്‍. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, എം.പി, കലക്ടര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."