സെക്രട്ടേറിയറ്റ് അടിമുടി അഴിച്ചുപണിയും കഴിവുള്ളവര്‍ക്കു മാത്രം പ്രമോഷന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് അടിമുടി അഴിച്ചുപണിയാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തിപഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു.
ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് നടത്തിയ ഫീല്‍ഡ് പഠനത്തിനു ശേഷം തയാറാക്കിയ റിപ്പോര്‍ട്ടാണ് അംഗീകരിച്ചത്. ഇനി സര്‍വിസിനൊപ്പം കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും സെക്രട്ടേറിയറ്റിലെ സ്ഥാനക്കയറ്റം. അധികമുള്ള തസ്തികകള്‍ ആവശ്യമുള്ള മറ്റു വകുപ്പുകളിലേക്കു പുനര്‍വിന്യസിക്കും.
സംഘടനകളുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും മുഖ്യമന്ത്രി ഇടപെട്ടു റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അസിസ്റ്റന്റ് തസ്തികയില്‍ വന്നവര്‍ സ്‌പെഷല്‍ സെക്രട്ടറി വരെയുള്ള പ്രൊമോഷനില്‍ രണ്ടു തട്ടില്‍ മത്സരപ്പരീക്ഷ വഴി കഴിവു തെളിയിക്കേണ്ടിവരും. താഴ്ന്ന കാറ്റഗറിയിലുള്ള ജീവനക്കാര്‍ തസ്തികമാറ്റം വഴിയുള്ള നിയമനത്തിലും പി.എസ്.സി വഴിയുള്ള ടെസ്റ്റ് പാസാകേണ്ടിവരും. മറ്റു വകുപ്പുകളിലും സമാനമായ പഠനം നടത്തി തീരുമാനമെടുക്കും.സെക്രട്ടേറിയറ്റിലെ ഓഫിസ് അറ്റന്‍ഡന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്) തസ്തികകളില്‍ 750 പേര്‍ ജോലി ചെയ്യുന്നുണ്ട്. 450 പേരെ മാത്രമേ സെക്രട്ടേറിയറ്റില്‍ ആവശ്യമുള്ളൂ എന്നും ബാക്കിയുള്ളവരെ മറ്റു വകുപ്പുകളിലേക്കു പുനര്‍വിന്യസിക്കണമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്തത്. ഇ ഫയല്‍ ആയതോടെ ഓഫിസ് അറ്റന്‍ഡന്റുമാര്‍ക്കും ടൈപ്പിസ്റ്റുകള്‍ക്കും കാര്യമായ ജോലിയില്ലാതെയായി. വകുപ്പുകളില്‍ അധികമുള്ള ഇത്തരം ജീവനക്കാരെ ജോലി കൂടുതലുള്ള ആഭ്യന്തരം, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്കു മാറ്റണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫിസ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളില്‍ അധികമായി കണ്ടെത്തുന്ന തസ്തികകള്‍ ജീവനക്കാരുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരമൊഴികെ മറ്റു ജില്ലകളില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കും. പൊതുഭരണ സെക്രട്ടേറിയറ്റില്‍ നടത്തിയതിനു സമാനമായ പ്രവൃത്തിപഠനം നിയമവകുപ്പിലും ധനകാര്യവകുപ്പിലും നടത്താനും മന്ത്രിസഭ തീരുമാനിച്ചു.
പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിമാരായ രഞ്ജിത്കുമാര്‍, ഷൈന്‍ എ. ഹഖ്, സി. അജയന്‍, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ജോയിന്റ് സെക്രട്ടറിമാരായ നാസറുദ്ദീന്‍, സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."