50 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; രണ്ടുപേര്‍ രക്ഷപ്പെട്ടു
അടിമാലി (ഇടുക്കി): കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി യുവാവ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായി. പ്രതിയെ സാഹസികമായാണ് നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയത്. രണ്ടുപേര്‍ ഓടി രക്ഷപെട്ടു. ഉപ്പുതോട് പേഴത്താനിയില്‍ റെജി (37)യെയാണ ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബാബുവിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. വാത്തികുടി ചെമ്പാകപ്പാറ ഇലമ്പിതോട്ടത്തില്‍ ഷാജി (45) , ചെമ്പാകപ്പാറ സ്വദേശി വീരപ്പന്‍ എന്നുവിളിക്കുന്ന സുനീഷ് (30) എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ക്കായി തെരച്ചില്‍ വ്യാപകമാക്കി. ചെമ്പകപ്പാറയില്‍ നിന്നു രാജാക്കാട്ടേക്ക് വരുകയായിരുന്ന മാരുതി 800 കാറില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. മൂന്നുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കനത്ത മഴയും കൂരിരുട്ടുമായിരുന്നതിനാലാണ് രണ്ടുപേര്‍ നാര്‍കോട്ടിക് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ കാരണം. പിടിച്ചെടുത്ത കഞ്ചാവിന് 25 ലക്ഷം രൂപ വിലമതിക്കും.
കാറിന്റെ ഡിക്കിയില്‍ മൂന്ന് പ്ലാസ്റ്റിക് ചാക്കിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടിയിലായ റെജിയുടെ മൊഴിപ്രകാരം പെരിഞ്ചാംകുട്ടി വനത്തില്‍ വന്‍ കഞ്ചാവുശേഖരം ഉളളതായ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇടുക്കി ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എന്‍.നെല്‍സന്റെ നേതൃത്വത്തില്‍ പെരിഞ്ചാംകുട്ടി വനമേഖലയില്‍ തെരച്ചില്‍ തുടങ്ങി. കര്‍ണാടകത്തിലെ കഞ്ചാവ് തോട്ടങ്ങളില്‍ നിന്നു ഷാജിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന കഞ്ചാവ് പെരിഞ്ചാംകുട്ടിയിലെ വനത്തില്‍ സൂക്ഷിച്ചിരിക്കുന്നെന്ന വിവരമാണ് നാര്‍കോട്ടിക് സ്‌ക്വാഡിന് ലഭിച്ചത്. രാജാക്കാട്ടെ പ്രമുഖ കഞ്ചാവ് വ്യാപാരികള്‍ക്ക് വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്നു പിടിയിലായ റെജി മൊഴി നല്‍കി. താന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നാണു മൊഴി. ഷാജിയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കടത്തിയിരുന്നത്. ഇയാളെ പിടികൂടിയാല്‍ വന്‍ സംഘങ്ങളെകുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു.
റെയ്ഡിന് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഡി.സജിമോന്‍, കെ.എം.അഷ്‌റഫ്, സി.സി.സാഗര്‍ , സിവില്‍ എക്‌സൈസ് ഒഫിസര്‍മാരായ എ.സി.നെബു, ബിജു മാത്യു, നെല്‍സണ്‍ മാത്യു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."