കേരള കോണ്‍ഗ്രസ് 1979 മുതല്‍ 2019 വരെ
ദേശീയ പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും എതിരായ ചെറുത്തുനില്‍പ്പിന് കൊതിച്ച സാധാരണ കര്‍ഷകന്റെ പോരാട്ടത്തിന്റെ കൊടിയടയാളമായാണ് കേരള കോണ്‍ഗ്രസ് പിറന്നത്, കൃത്യമായി പറഞ്ഞാല്‍ 1964 ഒക്‌ടോബര്‍ 9ന് കോട്ടയത്തെ ലക്ഷ്മി വിലാസം ഓഡിറ്റോറിയത്തില്‍. സംസ്ഥാനത്തെ കോണ്‍ഗ്രസിലുണ്ടായിരുന്ന പി.ടി ചാക്കോ ഗ്രൂപ്പുകാരാണ് അന്ന് കേരള കോണ്‍ഗ്രസായത്. ആര്‍. ശങ്കറുമായുള്ള പോരാട്ടത്തില്‍ മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവന്ന ചാക്കോ, കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിലും തോറ്റതോടെയാണ് ശക്തമായ നീക്കങ്ങള്‍ക്ക് മുതിര്‍ന്നത്. ആഭ്യന്തരമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് വനിതാ നേതാവിനെ ഇരുത്തി പീച്ചി ഗസ്റ്റ് ഹൗസിലേക്ക് ചാക്കോ ഓടിച്ച കാര്‍ കാളവണ്ടിയില്‍ തട്ടി അപകടം സംഭവിച്ചതാണ് രാജിയില്‍ കലാശിച്ച വിവാദം. നിയമസഭാ കക്ഷിയില്‍ ചാക്കോയെ പിന്തുണച്ചവര്‍ 24 പേരുണ്ടായിരുന്നു. പക്ഷെ, കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിനെതിരെ പി.എസ്.പിയിലെ പി.കെ കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ചത് 15 പേര്‍ മാത്രം. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഇവര്‍ എറണാകുളത്ത് മോഡേണ്‍ ടൂറിസ്റ്റ് ഹോമില്‍ യോഗം ചേര്‍ന്നാണ് കേരള കോണ്‍ഗ്രസിന് രൂപം കൊടുത്തത്.
കോണ്‍ഗ്രസില്‍ അന്ന് കര്‍ഷകരുടെ ശബ്ദമായിരുന്നു പി.ടി ചാക്കോ. വടക്കേ ഇന്ത്യന്‍ കുത്തകകള്‍ക്കു വേണ്ടി രാജ്യത്തിന്റെ വികസന പരിപാടികള്‍ക്ക് വേണ്ട മുഴുവന്‍ പണവും ചെലവഴിക്കുന്നതില്‍ പ്രതിഷേധിച്ച് തന്റെ പാര്‍ലമെന്റ് അംഗത്വം വരെ അദ്ദേഹം ഉപേക്ഷിച്ച ചരിത്രമുണ്ട്. 1952ല്‍ ലോക്‌സഭാംഗമായ ചാക്കോ 54ല്‍ രാജിവച്ചു. 1964ല്‍ സ്വന്തമായ ഭരണഘടനയോ കൊടിയോ പോലുമില്ലാതെയാണ് കേരള കോണ്‍ഗ്രസിന്റെ പിറവി. കെ.എം ജോര്‍ജായിരുന്നു സ്ഥാപക ചെയര്‍മാന്‍. എന്‍. ഭാസ്‌കരന്‍ നായര്‍, ഇ.ജോണ്‍ ജേക്കബ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാര്‍. ആര്‍. ബാലകൃഷ്ണപിള്ള, മത്തച്ചന്‍ കുരുവിനാക്കുന്നേല്‍, കെ.ആര്‍ സരസ്വതിയമ്മ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാര്‍. സി.എ മാത്യു ട്രഷററും ഒ.വി ലൂക്കോസ് ഓര്‍ഗനൈസിങ് സെക്രട്ടറിയും. പിന്നെ 25 അംഗ എക്‌സിക്യൂട്ടിവും 151 അംഗ സംസ്ഥാന കമ്മിറ്റിയും. സ്ഥാപക സംസ്ഥാന കമ്മറ്റി ഭാരവാഹികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ആര്‍. ബാലകൃഷ്ണപിള്ള മാത്രം. കോണ്‍ഗ്രസ് കൊടിയിലെ ചര്‍ക്ക ഉപേക്ഷിച്ച് സ്വന്തം കൊടിയാക്കി. 1970 വരെ കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ ഏതാണ്ട് പാലിച്ചു.
1965 മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നു. 131 മണ്ഡലങ്ങളില്‍ 56 ഇടത്ത് കേരള കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ 25 മണ്ഡലങ്ങളില്‍ വിജയിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ആറിടത്ത് വീതവും കോട്ടയത്ത് ഏഴിടത്തും എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഒരിടത്തും പാര്‍ട്ടി ഒറ്റയ്ക്ക് അഞ്ചിടത്തും ജയിച്ചതോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയ ഭൂപടത്തില്‍ സ്ഥാനം പിടിച്ചു. പിന്നീട് 1967ല്‍ 62 ഇടത്ത് മത്സരിച്ച പാര്‍ട്ടിക്ക് ലഭിച്ചത് 5 സീറ്റാണ്. 1970 ല്‍ 31 സീറ്റുകളില്‍ മത്സരിച്ച് 13 ഇടത്ത് വിജയിച്ചു. 1974 ഒക്‌ടോബര്‍ 14ന് പാര്‍ട്ടി ആദ്യമായി പിളര്‍ന്നു. 1976 ല്‍ സ്ഥാപക നേതാവായ കെ.എം ജോര്‍ജും കെ.എം മാണിയും രണ്ട് ചേരികളിലായി നിന്ന് ഉണ്ടാക്കിയ പിളര്‍പ്പ് പാര്‍ട്ടിയെ അക്ഷരാര്‍ഥത്തില്‍ ദുര്‍ബലമാക്കി. കെ.എം ജോര്‍ജിന്റെ മരണശേഷം ഇരു ഗ്രപ്പുകളും ലയിച്ചു. 1977ല്‍ ആര്‍. ബാലകൃഷ്ണപിള്ള പാര്‍ട്ടി പിളര്‍ത്തി പിള്ള ഗ്രൂപ്പ് ഉണ്ടാക്കി. ഇടതുമുന്നണിക്കൊപ്പം നിന്ന പിള്ള ഗ്രൂപ്പ് 22 സീറ്റില്‍ മത്സരിച്ചെങ്കിലും രണ്ടു സീറ്റിലാണ് ജയിച്ചത്. എന്നാല്‍ മാണി ഗ്രൂപ്പ് 20 സീറ്റി നേടി.
പി.ജെ ജോസഫിന്റെ കാലം തെളിയുന്നത് 1977ലാണ്. അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം 77 ഡിസംബറില്‍ മാണിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. മന്ത്രിസ്ഥാനം മാണി രാജിവച്ചു. വി.ടി സെബാസ്റ്റ്യനും ഒ. ലൂക്കോസും കെ.വി കുര്യനും മന്ത്രി സ്ഥാനത്തിന് വേണ്ടി ഇടിച്ചു. ഇവരെ ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന് മാണിക്ക് ഉറപ്പായിരുന്നു. പകരം ചെറുപ്പക്കാരനായ പി.ജെ ജോസഫിനെ മാണി മന്ത്രിയാക്കി. ജോസഫ് അങ്ങനെ ആഭ്യന്തരമന്ത്രിയായി. ആറു മാസത്തിന് ശേഷം മാണിയുടെ തെരഞ്ഞെടുപ്പ് സുപ്രിംകോടതി ശരിവച്ചു. മന്ത്രി സ്ഥാനത്ത് കടിച്ചു തൂങ്ങാതെ മാണിക്കുവേണ്ടി ജോസഫ് സ്ഥാനമൊഴിഞ്ഞു. 1978ല്‍ ഇ. ജോണ്‍ ജേക്കബ് അന്തരിച്ചു. ഇതിനിടെ പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ ശക്തമായ ഗ്രൂപ്പ് രൂപപ്പെട്ടു. മന്ത്രി ജോണ്‍ ജേക്കബ് മരിച്ച ഒഴിവിലേക്ക് ഡോ. ജോര്‍ജ് മാത്യുവിനെ പാര്‍ട്ടി തീരുമാനിച്ചു. പക്ഷെ, ജോസഫ് വിട്ടില്ല. ടി.എസ് ജോണിനെ ജോസഫ് മന്ത്രിയാക്കി. ഇതോടെ മാണിയും ജോസഫും അകന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ് മൂന്നായി പിളര്‍ന്നു. മാണി, ജോസഫ്, കുറുപ്പ് ഗ്രൂപ്പുകള്‍. പി.കെ ഇട്ടൂപ്പ് മാണി ഗ്രൂപ്പില്‍ ചേര്‍ന്നു. കെ.എ മാത്യു ജോസഫ് ഗ്രൂപ്പിലേക്ക് മാറി. പിന്നീട് കേരളം കണ്ടത് കാലുമാറ്റത്തിന്റെ പെരുന്നാളായിരുന്നു. കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരെല്ലാം എങ്ങോട്ടെല്ലാം മാറിയെന്ന് അവര്‍ക്കുപോലും അറിയാത്ത അവസ്ഥ വന്നു. ഇതിനിടെ ശക്തമായ ഗ്രൂപ്പ് ജോസഫ് സ്വന്തമായി സൃഷ്ടിച്ചു.
1980ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ചു. അവിടെ നേരത്തെയുണ്ടായിരുന്ന പിള്ള ഗ്രൂപ്പും മാണിയുമായി 1981ല്‍ ലയിച്ച് ഒന്നായി. 1981ല്‍ ഇടതമുന്നണി വിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ലോനപ്പന്‍ നമ്പാടന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ് ഉണ്ടാക്കി. പിന്നീട് ഇവര്‍ സി.പി.എമ്മിന്റെ ഭാഗമായി. 1984 നവംബറില്‍ മാണി - ജോസഫ് വിഭാഗങ്ങള്‍ ലയിച്ചെങ്കിലും 87ല്‍ വീണ്ടും രണ്ടായി. 1989ലെ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ജോസഫ് വിഭാഗം യു.ഡി.എഫ് വിട്ടു. ഇതിനോട് യോജിക്കാതെ പിള്ള സ്വന്തം ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. കുറേക്കാലം ഒരു മുന്നണിയിലും ഇല്ലാതെ കഴിഞ്ഞ് പള്ളിയേയും പട്ടക്കാരേയും തള്ളിപ്പറഞ്ഞ് 96ലെ തെരഞ്ഞെടുപ്പിന് മുമ്പ് ജോസഫ് ഇടതുമുന്നണിയില്‍ എത്തി. കേരള കോണ്‍ഗ്രസിലെ അടുത്ത പിളര്‍പ്പ് 1993 ഡിസംബര്‍ 16നായിരുന്നു. കോട്ടയത്തെ ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന പരിവര്‍ത്തക സമ്മേളനത്തില്‍ ടി.എം ജേക്കബിന്റെ നേതൃത്വത്തില്‍ നാല് എം.എല്‍.എ മാര്‍ മാണി ഗ്രൂപ്പ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി. ജേക്കബിനെകൂടാതെ ജോണി നെല്ലൂര്‍, പി.എം മാത്യു, മാത്യു സ്റ്റീഫന്‍ എന്നിവര്‍. പേര്, കേരള കോണ്‍ഗ്രസ് (ജേക്കബ്). പി.എം മാത്യു പാര്‍ട്ടി ചെയര്‍മാനായി.
2005 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് ഇറങ്ങിക്കളിച്ചു. മൂവാറ്റുപുഴയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസ് വിജയിച്ചു. തോമസിന്റെ വിജയവും ഇടതു സ്ഥാനാര്‍ഥിയുടെ പരാജയവും വിവാദമായി. വോട്ട് ചോര്‍ച്ച അന്വേഷണത്തിന് നിയോഗിച്ച പന്ന്യന്‍ കമ്മിറ്റി ഒന്നും കണ്ടെത്തിയില്ലെങ്കിലും പി.സി തോമസ്, ജോസഫിന്റെ പാര്‍ട്ടിയിലായി. 2003 മെയില്‍ ജോസഫ് ഗ്രൂപ്പ് വീണ്ടും പിളര്‍ന്ന് പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെക്കുലര്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടായി. പിന്നീടിത് മാണി ഗ്രൂപ്പില്‍ ലയിച്ചു. പി.സി ജോര്‍ജ് പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാനുമായി. 2010 ഏപ്രില്‍ 30ന് ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. തുടര്‍ന്ന് കോട്ടയത്ത് വന്‍ സമ്മേളനം നടത്തി മാണി ഗ്രൂപ്പില്‍ ലയിച്ചു. ജോസഫ് പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനുമായി. പി.സി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം കേരള കോണ്‍ഗ്രസായി ഇടതുമുന്നണിയില്‍ ബര്‍ത്ത് കണ്ടെത്തി. പിന്നീട് സ്‌കറിയാ തോമസിനെ എല്‍.ഡി.എഫ് അംഗീകരിച്ചതോടെ പി.സി തോമസ് പുറത്തായി. തുടര്‍ന്ന് പി.സി തോമസ് ചെന്നെത്തിയത് ബി.ജെ.പി പാളയത്തില്‍, എന്‍.ഡി.എ ഘടകകക്ഷിയായി. 2014 മാര്‍ച്ച് 11 ന് യുവനേതാവ് നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കേരള കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് (നാഷനലിസ്റ്റ്) പാര്‍ട്ടിയുണ്ടാക്കി എന്‍.ഡി.എക്കൊപ്പം ചേര്‍ന്നു. ഏറെക്കാലം ജോസഫിന്റെ നിഴലായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്, മാണിയോടുള്ള എതിര്‍പ്പുമൂലം പാര്‍ട്ടിവിട്ട് 2016 മാര്‍ച്ചില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച് എല്‍.ഡി.എഫ് ഘടകകക്ഷിയുമായി. കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിനും ഇടതുമുന്നണിയില്‍ ഇടംകിട്ടി.
കേരള കോണ്‍ഗ്രസുകളുടെ ലയനവും പിളര്‍പ്പുമെല്ലാം ഒരിക്കലും ആശയപരമായിരുന്നില്ല. കത്തോലിക്കാ സഭയുടേയും വ്യക്തികളുടേയും താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു അവയെല്ലാം. അത് തുറന്നുപറയുന്നതില്‍ കേരള കോണ്‍ഗ്രസുകാര്‍ക്ക് മടിയുമില്ല. കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ ഇന്നലെ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ നടന്ന പിളര്‍പ്പിന്റെ പിന്നിലും വ്യക്തി താല്‍പ്പര്യം മാത്രമാണ്. പിളര്‍പ്പ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ കെ.എം മാണിയില്ലാത്ത ആദ്യ പിളര്‍പ്പെന്ന പ്രത്യേകതയുമുണ്ട് ഇക്കുറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."