റാബിത്വത്തുല്‍ അറബിയ: ഏഷ്യന്‍ പ്രതിനിധികളായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളെയും ഡോ.റാഫി എളമ്പാറയെയും നിയമിച്ചു
ജിദ്ദ : ആഗോള അറബ് സാംസ്‌കാരിക കൂട്ടായ്മയായ റാബിത്വത്തുല്‍ അറബിയ ലിസക്കാഫത്തി വല്‍ ഫിക്കരി അല്‍ അദബിന്റെ ഏഷ്യന്‍ പ്രതിനിധികളായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളെയും ഡോ.റാഫി എളമ്പാറയെയും നിയമിച്ചു. സംഘടനയുടെ ചെയര്‍മാന്‍ ഡോ. അമീര്‍ ഫഹദ് അല്‍ ഹുദൈലിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അറബ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയ സാംസ്‌കാരിക പ്രസ്ഥാനമായ റാബിത്തത്തുല്‍ അറബിയ ലിസക്കാഫത്തി വല്‍ ഫിക്കരി അല്‍ അദബിന് ജി.സി.സി രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇരുപതോളം രാഷ്ട്രങ്ങളില്‍ ശാഖകളുണ്ട്.
അറബ് സാഹിത്യം, സംസ്‌കാരം, ചിന്ത എന്നീ മൂന്ന് മേഖലകളിലുള്ള പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും കൂട്ടായ്മയെന്ന നിലയിലാണ് റാബിത്തത്തുല്‍ അറബിയ അറിയപ്പെടുന്നത്. ആഗോള തലത്തില്‍ അന്‍പതിനായിരത്തോളം അംഗങ്ങളുള്ള ഈ സാംസ്‌കാരിക സംഘടനക്ക് ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും വിവിധ സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി സജീവ ബന്ധമുണ്ട്.
സാംസ്‌കാരിക വിനിമയത്തിന്റെ പുത്തന്‍ മേഖലകള്‍ തുറക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന സംഘടനയാണ് ആഗോള അറബ് സാംസ്‌കാരിക ലീഗെന്ന് ചെയര്‍മാന്‍ ഡോ.അമീര്‍ ഫഹദ് അല്‍ ഹുദൈലി പറഞ്ഞു. പുതുതായി നിയമിക്കപ്പെട്ട രണ്ട് പ്രതിനിധികള്‍ക്കും വെവ്വെറെ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍ ജനറലായി നിയമിച്ചിട്ടുള്ള ബഷീറലി ശിഹാബ് തങ്ങള്‍ക്ക് ഭാഷാ, സാംസ്‌കാരിക പ്രസാധക ചുമതലയും സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ട ഡോ. റാഫി എളമ്പാറക്ക് അറബ് ഇതര ഏഷ്യന്‍ രാജ്യങ്ങളുമായി സാംസ്‌കാരിക വിനിമയത്തിന്റെ പ്രത്യേക ചുമതലയുമാണ് നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റില്‍ മക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര അറബ് സാംസ്‌കാരിക സമ്മേളനത്തില്‍ ജോര്‍ദാന്‍, ഈജിപ്ത്, ടുണീഷ്യ, മൊറൊക്കൊ, മലേഷ്യ, ഇന്തൊനേഷ്യ, ഭ്രുണൈ, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."