വിവാദപ്പെട്ടിയില്‍ വോട്ട് വീഴുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളെയും വിവാദങ്ങളെയും മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ യു.ഡി.എഫ് ക്യാംപ് ഊര്‍ജിതമാക്കി.
സര്‍ക്കാരിനെതിരായ വിവാദങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ യു.ഡി.എഫ് സര്‍വകാല റെക്കോര്‍ഡ് വിജയം നേടുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. യു.ഡി.എഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
പ്രാദേശികാടിസ്ഥാനത്തില്‍ യോജിക്കാന്‍ കഴിയുന്നവരുടെയൊക്കെ പിന്തുണയുറപ്പാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് യു.ഡി.എഫിന്റെ ശ്രമം. വെല്‍ഫെയര്‍ പാര്‍ട്ടിയെ യു.ഡി.എഫിലേക്ക് ഔദ്യോഗികമായി എടുത്തിട്ടില്ലെങ്കിലും വടക്കന്‍ കേരളത്തില്‍ പലയിടത്തും പ്രാദേശികാടിസ്ഥാനത്തില്‍ അവരുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ഘടകക്ഷികള്‍ക്കിടയില്‍ സീറ്റ് ധാരണ സംബന്ധിച്ച അസ്വാരസ്യങ്ങള്‍ നിലന്നിരുന്നെങ്കിലും യു.ഡി.എഫ് ജില്ലാ നേതൃയോഗങ്ങളില്‍ സംസ്ഥാന നേതാക്കള്‍ നേരിട്ട് പങ്കെടുത്ത് ഒരു പരിധിവരെ അതിനു പരിഹാരമുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫ് ജില്ലാ യോഗങ്ങള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാക്കാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത് നാളെയോടെ തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. അതേസമയം, മുന്നോക്ക സംവരണ വിഷയത്തില്‍ സ്വീകരിച്ച അടവുനയം ന്യൂനപക്ഷ വോട്ടുകളെ എങ്ങനെ സ്വാധീനിക്കുമെന്നതില്‍ നേതൃത്വത്തിനിടയില്‍ തന്നെ ആശങ്കയുണ്ട്. പ്രധാന ഘടകക്ഷിയായ മുസ്‌ലിം ലീഗ് മുന്നോക്ക സംവരണത്തെ എതിര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മലബാര്‍ മേഖലയില്‍ മുസ്‌ലിം ലീഗിന്റെ സ്വാധീനം മൂലം അധികം പോറലേല്‍ക്കില്ലെങ്കിലും മറ്റിടങ്ങളില്‍ സാമ്പത്തിക സംവരണത്തിലെ അടവുനയം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പ്രാദേശിക ഘടകങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."