ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി 25ലേക്ക് മാറ്റി. ജസ്റ്റിസ് രാജ വിജയ രാഘവനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇരുഭാഗങ്ങളുടെയും വാദംകേള്‍ക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ മാറ്റിയത്.
സര്‍ക്കാരിനുവേണ്ടി ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായത്. അറസ്റ്റ് ചെയ്യണമോയെന്നത് ബിഷപ്പിനെ ചോദ്യംചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന് ബിഷപ്പിന്റെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടില്ല. പരാതിക്കുപിന്നില്‍ വ്യക്തിവിരോധമാണെന്നും കന്യാസ്ത്രീ കള്ളക്കഥ മെനയുകയാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഹരജിയില്‍ ആരോപിച്ചിരുന്നു.
മിഷനറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിനുപിന്നില്‍ താനാണെന്ന് കന്യാസ്ത്രീ തെറ്റിദ്ധരിച്ചിരുന്നു. തുടര്‍ന്നുണ്ടായ വ്യക്തിവിരോധമാണ് ലൈംഗികാരോപണത്തിന് പിന്നില്‍. പരാതിക്കാരിയായ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പേരിലാണ് കന്യാസ്ത്രീയെ പരിയാരത്തേക്ക് സ്ഥലംമാറ്റിയതെന്നും ഹരജിയില്‍ ആരോപിക്കുന്നു. ജാമ്യാപേക്ഷയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്ന ബിഷപ്പിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."