മഹാപ്രളയത്തില്‍നിന്ന് കരയേറാന്‍ കരുത്തായ കരങ്ങള്‍ക്ക് അനന്തപുരിയുടെ ആദരം
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍നിന്നു കരയേറാന്‍ കേരളത്തിനു കരുത്തേകിയ കരങ്ങള്‍ക്ക് അനന്തപുരിയുടെ ആദരം. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും രാപകലില്ലാതെ അധ്വാനിച്ച യുവ വളണ്ടിയര്‍മാരെയും ഉദ്യോഗസ്ഥരെയും ജില്ലാ ഭരണകൂടം അനുമോദിച്ചു.
നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയത്തെ ഒറ്റക്കെട്ടായി നിന്ന് കേരളം തരണം ചെയ്തത് ശ്വാസമടക്കിപ്പിടിച്ചാണു ലോകം കണ്ടതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
ജാതി, മത ഭേദമില്ലാതെ ഒറ്റശരീരമെന്ന നിലയ്ക്കാണു കേരളം മഹാപ്രളയത്തെ നേരിട്ടത്. ഇതില്‍ ഏറെ ശ്രദ്ധേയമായിരുന്നു യുവതലമുറയുടെ സമീപം. പകിട്ടാര്‍ന്ന ലോകത്തെക്കുറിച്ചു മാത്രം സ്വപ്നംകാണുന്നവരാണു യുവതലമുറയെന്ന ധരണ അവര്‍ തിരുത്തി. തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം തുറന്ന കളക്ഷന്‍ സെന്ററുകളിലേക്ക് സ്വയം സേവനസന്നദ്ധരായി യുവാക്കള്‍ ഒഴുകുന്ന കാഴ്ച മനുഷ്യ മനസുകളില്‍ നന്മ വറ്റിയിട്ടില്ലന്നു കേരളം ലോകത്തോടു വിളിച്ചുപറയുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശവക്കൂനകള്‍ തീര്‍ക്കാമായിരുന്ന വന്‍ പ്രളയത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചത് സ്വന്തം ജീവന്‍പോലും പണയംവച്ചു രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളും സൈനികരും മറ്റു രക്ഷാ ഉദ്യോഗസ്ഥരും ദുരിതാശ്വാസ സഹായം നല്‍കി നന്മയുടെ തണലൊരുക്കിയ യുവാക്കളുമാണെന്നും ഇതു കേരളത്തെ ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റിയെന്നും ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മനസാന്നിധ്യവും സഹായമനസ്‌കതയുംകൊണ്ടു കേരളം ജയിച്ച പ്രളയമായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു.
പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് ജില്ലാ ഭരണകൂടം തുറന്ന കളക്ഷന്‍ സെന്ററുകളിലും അവ വിതരണം ചെയ്യുന്നതിനുമുള്ള ജോലികളില്‍ സഹായത്തിനെത്തിയ ആയിരക്കണക്കിന് യുവാക്കള്‍ ഇന്നലെ നിശാഗന്ധിയിലെത്തിയിരുന്നു.
ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രളയ ബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയ സര്‍ക്കാര്‍ വകുപ്പുകളേയും ഉദ്യോഗസ്ഥരേയും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അനുമോദിച്ചു. വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ കെ. ആന്‍സലന്‍, സി.കെ ഹരീന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം, സബ് കലക്ടര്‍ ഇമ്പശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ പ്രിയങ്ക, എ.ഡി.എം വി.ആര്‍ വിനോദ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അനു എസ്. നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."