'ഇഷ്ടം' കൂടിയാല്‍ പെട്ടെന്നു സ്ഥലംമാറ്റം, മാനദണ്ഡം പ്രശ്‌നമല്ല!
മലപ്പുറം: മാനദണ്ഡം മറികടന്നു പൊതുവിദ്യാഭ്യാസ വകുപ്പില്‍ 103 പേര്‍ക്കു സ്ഥലംമാറ്റം. വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സമാന തസ്തികകളിലാണ് സ്വന്തക്കാരായവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയുള്ള അപേക്ഷാ നടപടികള്‍ മറികടന്നു സ്ഥലംമാറ്റം നല്‍കിയത്.
ഓരോ അക്കാദമിക വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പും നടപ്പു കലണ്ടര്‍ വര്‍ഷത്തേക്കു പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കാറുണ്ട്. അഞ്ചു വര്‍ഷമായി ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലംമാറ്റത്തിന് ഒഴിവുകളിലേക്കു സീനിയോറിറ്റി പരിഗണിച്ചാണു സ്ഥലംമാറ്റം നല്‍കാറുള്ളത്. ഇത്തരത്തില്‍ 2018 ഏപ്രിലില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ച പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ മെയ് അവസാനവാരം തന്നെ ലഭ്യമായ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അടിസ്ഥാനത്തില്‍ സീനിയോറിറ്റി പരിഗണിച്ചു സ്ഥലംമാറ്റം നല്‍കിയിരുന്നു.
തുടര്‍ന്നുണ്ടാകുന്ന ഒഴിവുകളിലേക്കും ഓണ്‍ലൈന്‍ സ്ഥലംമാറ്റ അപേക്ഷ മാനദണ്ഡമാക്കി സന്നദ്ധത ഉറപ്പാക്കി സീനിയോറിറ്റി പരിഗണിച്ചു സ്ഥലംമാറ്റം നല്‍കണമെന്നാണു ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ 12 ഒഴിവുകളിലേക്കു സന്നദ്ധത അറിയിക്കാന്‍ ജൂലൈ 18ന് അപേക്ഷ ക്ഷണിക്കുകയും സീനിയോറിറ്റി പരിഗണിച്ച് 20ന് ഈ വര്‍ഷത്തെ സ്ഥലംമാറ്റ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം സംസ്ഥാനത്തുണ്ടായ മൂന്നാമതു സ്ഥലംമാറ്റ ഉത്തരവാണു നേരത്തെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരുടെ സന്നദ്ധത ചോദിക്കാതെയും അപേക്ഷ ക്ഷണിക്കാതെയും പൂര്‍ണമായും മാന്വലായി നടത്തിയത്.
ഇതുമൂലം ഉയര്‍ന്ന സര്‍വിസുള്ള പലരും വിവിധ ജില്ലകളില്‍ തുടരുമ്പോള്‍ ഇഷ്ടക്കാരായവര്‍ ഇഷ്ടമുള്ള സ്‌കൂളുകളിലേക്കു സ്ഥലംമാറ്റം നേടിയിരിക്കുകയാണ്. ഭരണാനുകൂല സംഘടനയിലെയും പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റിലെയും ഉന്നതരുമായി ബന്ധമുള്ള ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുമാണ് ഇത്തരത്തില്‍ സ്ഥലംമാറ്റം നേടിയിട്ടുള്ളത്. അതേസമയം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സുഗമമാക്കാനുമാണ് ഇടക്കാലത്തുള്ള ഈ നടപടിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ വിശദീകരണം.
ഇതോടൊപ്പം ഒഴിവുവന്ന ഹൈസ്‌കൂള്‍ പ്രധാനാധ്യാപക, ഉപജില്ലാ ഓഫിസര്‍ തസ്തികകളില്‍ 26 ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയും ഉത്തരവായിട്ടുണ്ട്. സാധാരണ ഗതിയില്‍ ഡിസംബര്‍ വരെയുള്ള മുഴുവന്‍ സ്ഥലംമാറ്റത്തിനും ഏപ്രിലില്‍ ശേഖരിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷയാണു മാനദണ്ഡമാക്കാറുള്ളത്. ജനുവരി മുതലാണ് ഒറ്റപ്പെട്ട രീതിയില്‍ മാന്വല്‍ സ്ഥലംമാറ്റം നല്‍കാറുള്ളത്. ഇതു ലംഘിച്ചുള്ള നീക്കത്തിനെതിരേ സ്ഥലംമാറ്റത്തിന് അര്‍ഹതയുള്ള സീനിയര്‍ പ്രധാനാധ്യപകര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."