നിളയോട് അടങ്ങാത്ത പ്രണയം: സ്വപ്നങ്ങള്‍ ബാക്കിയാക്കി നിത്യതയിലേക്ക് മടക്കം
ചെറുതുരുത്തി: കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി അനില്‍ മാധവ് ദവെയുടെ നിര്യാണം പരിസ്ഥിതി സ്‌നേഹികളേയും, നിളയെ സ്‌നേഹിക്കുന്നവരേയും കണ്ണീരിലാഴ്ത്തുന്നു.
ചെറുതുരുത്തി മേഖല ശോകമൂകമാണ്. ഭാരതപുഴയെ ഏറെ സ്‌നേഹിച്ച പുഴയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ഏറെ വ്യാകുലപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മാധവ് ദിവെ.
നിളയെ പഴയ കാല പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍ അദ്ദേഹം തയ്യാറാക്കി. നിള വിചാരവേദിയുടെ ബാനറില്‍ ഇവ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമം നടത്തി. നിളയുടെ പുനരുജീവനം മാനവിക രാഷ്ട്രീയ പ്രവര്‍ത്തനമാക്കുന്നതിന് ലക്ഷ്യമിട്ട് ജൂണ്‍ 2 മുതല്‍ ലോക പരിസ്ഥിതി ദിനമായ 5 വരെ നടത്തുന്ന നിള ദേശീയ നദീ മഹോത്സവത്തില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
ഈ മഹോത്സവത്തില്‍ വെച്ച് കോടികളുടെ പദ്ധതി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അടുപ്പക്കാരോട് പറയുകയും ചെയ്തിരുന്നതാണ്. 2014ല്‍ കേന്ദ്ര മന്ത്രിയാകുന്നതിന് മുമ്പും അദ്ദേഹം ഭാരതപുഴ സന്ദര്‍ശിച്ചിരുന്നു. നിളയുടെ ദയനീയാവസ്ഥ മനസിലാക്കുന്നതിന് വേണ്ടി പാലക്കാട് മുതല്‍ പൊന്നാനി വരെ അദ്ദേഹം യാത്ര നടത്തുകയും ചെയ്തു.
ദേശീയ നദീ മഹോത്സവത്തിന്റെ ലോഗോ കഴിഞ്ഞ മാസം മാധവ് ദവെയാണ് ഡല്‍ഹിയില്‍ വെച്ച് പ്രകാശനം ചെയ്തത്. മന്ത്രിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നിള വിചാരവേദി നടത്തിയിരുന്നത്. ഇതിനിടയിലാണ് ഞെട്ടിക്കുന്ന മരണ വാര്‍ത്തയെത്തുന്നത്.
ഇത് നിളയുടെ പുനരുജീവന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും കനക്കുകയാണ്. ദേശീയ നദീമഹോത്സവവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സംഘാടകരുടെ തീരുമാനം.
മന്ത്രിയോടുള്ള ആദരസൂചകമായി പ്രത്യേക അനുസ്മരണ സദസ് സംഘടിപ്പിക്കുമെന്ന് നിള വിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."