തിരൂരിലെ കണ്ടല്‍കാടുകള്‍ 'കുളം തോണ്ടുന്നു'
തിരൂര്‍: ജൈവ വൈവിധ്യങ്ങളുടെ കലവറകളായ കണ്ടല്‍ കാട് പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തി 'കുളം തോണ്ടുന്നു'. തിരൂര്‍ നഗരസഭാപരിധിയില്പ്പെട്ട മേഖലകളിലാണ് വ്യാപകമായി കണ്ടലുകളുടെ ആവാസ വ്യവസ്ഥ മണ്ണിട്ട് നികത്തിയും മറ്റും തകര്‍ക്കുന്നത്. താഴെപ്പാലം, അന്നാര, പച്ചാട്ടിരി മേഖലകളിലാണ് കണ്ടലുകള്‍ക്ക് മേല്‍ കൂടുതല്‍ കൈയേറ്റം. പലയിടങ്ങളിലും സ്വകാര്യവ്യക്തികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ പിന്തുണയുണ്ടെന്നാണ് ആക്ഷേപം.
താഴെപ്പാലത്ത് കണ്ടല്‍ പ്രദേശങ്ങള്‍ മണ്ണിട്ട് മൂടി സ്വകാര്യ സ്റ്റേഡിയം നിര്‍മിക്കാനാണ് നീക്കം. സമ്പല്‍ സമൃദ്ധമായ കണ്ടല്‍കാടുകള്‍ നിറഞ്ഞ 14 ഏക്കര്‍ സ്ഥലം മണ്ണിട്ട് നികത്താനുള്ള നീക്കം ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഇടപെടുന്നില്ലെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്. 4. 5 കോടി രൂപ ചെലവില്‍ നവീകരിച്ച രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയം നിലനില്‍ക്കെയാണ് സമീപത്ത് സ്വകാര്യ സ്റ്റേഡിയം വരുന്നത്. നഗരസഭാ സ്റ്റേഡിയം ഉദാരമായി അനുവദിക്കാതെ സ്വകാര്യ സ്റ്റേഡിയത്തിന് നഗരസഭാ അധികൃതര്‍ അവസരമൊരുക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കണ്ടലുകള്‍ നശിപ്പിച്ചുള്ള സ്റ്റേഡിയം നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പരിസ്ഥിതി സംഘടനകളും ഇതിനെതിരേ രംഗത്തുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് അധികൃതരുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."