സംവരണം പറയാതെ വിജ്ഞാപനം; എട്ടു വിഷയങ്ങളില്‍ ചുരുക്കപ്പട്ടിക
മലപ്പുറം: സംവരണം പറയാതെ അധ്യാപക നിയമന വിജ്ഞാപനം ഇറക്കിയതിനെ ചോദ്യം ചെയ്ത കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലിരിക്കേ അടുത്തിടെ സര്‍വകലാശാല പ്രസിദ്ധീകരിച്ചത് എട്ട് വിഷയങ്ങളിലെ അധ്യാപക നിയമനത്തിനുള്ള ചുരുക്കപ്പട്ടിക.
സംസ്ഥാനത്തെ മറ്റു സര്‍വകലാശാലകള്‍ വിജ്ഞാപനത്തില്‍ തന്നെ വിവിധ പഠന വിഭാഗങ്ങളില്‍ വ്യത്യസ്ത സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ തസ്തികകള്‍ ഏതെന്ന് പ്രത്യേകം പറഞ്ഞാണ് അപേക്ഷ സ്വീകരിക്കാറ്. കാലങ്ങളായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും ഇതേ രീതി തുടര്‍ന്നിരുന്നെങ്കിലും ഇത്തവണ ഭരണകക്ഷി ഉദ്ദേശിക്കുന്നവര്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കില്ലെന്നു കണ്ടെത്തിയാണ് സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തിലുള്ള രഹസ്യമായ നിയമന നീക്കം. ഇതുചോദ്യം ചെയ്ത കേസ് നിലനില്‍ക്കേ ഏകപക്ഷീയമായി അറബിക് അധ്യാപക നിയമനത്തിന്റെ ചുരുക്കപ്പട്ടികയാണ് സര്‍വകലാശാല ആദ്യം ഇറക്കിയത്. പിന്നാലെ ഇംഗ്ലീഷ്, ഫിലോസഫി, റഷ്യന്‍, കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഹിന്ദി, ജേണലിസം, ലൈബ്രറി സയന്‍സ് എന്നിവയിലെ നിയമനത്തിനുള്ള ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. നിയമപ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ നിയമനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ യാതൊന്നും സ്വകീരിക്കില്ലെന്ന് സര്‍വകലാശാലതന്നെ ഹൈക്കോടതിയില്‍ അണ്ടര്‍ടേക്കിങ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."