ജില്ലാ ആശുപത്രി കൗണ്ടര്‍ രോഗികള്‍ പൂട്ടിയത് ഡി.എം.ഒ അറിഞ്ഞില്ല ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു ഡെങ്കിപ്പനി,മലേറിയ എന്നിവ കുറഞ്ഞതായി ആരോഗ്യ വകുപ്പ്
കാഞ്ഞങ്ങാട്: സമയത്തിന് മുമ്പേ ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയതിന്റെ തുടര്‍ന്ന് രോഗികള്‍ ഒ.പി കൗണ്ടറിന്റെ വാതില്‍ പൂട്ടിയ സംഭവം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നു ജില്ലാ മെഡിക്കല്‍ ഒഫിസര്‍ ഡോ. ദിനേശ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 ഓടെയാണ് ചെമ്മട്ടം വയലിലെ ജില്ലാ ആശുപത്രിയില്‍ പരിശോധനാ സമയം കഴിയുന്നതിന് മുമ്പേ തന്നെ ഡോക്ടര്‍മാര്‍ മുങ്ങിയതിനെ തുടര്‍ന്ന് രോഗികള്‍ ഒ.പി കൗണ്ടറിന്റെ വാതില്‍ പൂട്ടിയിട്ടത്. ആശുപത്രി വളപ്പില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത് സംബന്ധിച്ച് ആരും തന്നെ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ പരാതി നല്‍കിയിട്ടില്ല. ഇതിന് പുറമേ ജില്ലാ ആശുപത്രി സൂപ്രണ്ടിനും ഇത്തരം ഒരു പരാതി ലഭിച്ചതായി അറിയില്ലെന്നും ഡി.എം.ഒ പറഞ്ഞു.
അതേ സമയം കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി ഡി.എം.ഒ പറഞ്ഞു. പ്രതിദിനം ആയിരത്തിനടുത്ത് രോഗികളാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്.
രോഗികളില്‍ കൂടുതല്‍ ആളുകളും വൈറല്‍ പനി ബാധിച്ചവരാണ്. കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയവരില്‍ 10 പേരാണ് ഡെങ്കിപ്പനി നിരീക്ഷണത്തിലുള്ളത്. 2 പേര്‍ക്ക് ഇത് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജില്ലയില്‍ ഡെങ്കിപ്പനി, മലേറിയ, എലിപ്പനി എന്നിവ നിയന്ത്രണ വിധേയമാണ്. അതേ സമയം മഴ അല്‍പ്പം നിന്നാല്‍ കൊതുക് വളരുകയും വീണ്ടും ഇത്തരം പനികള്‍ ആളുകള്‍ക്ക് പിടികൂടാന്‍ സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇക്കാര്യത്തില്‍ പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒരു ഫിസിഷ്യന്‍ ഡോക്ടറെ കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ നൂറു കണക്കിന് രോഗികള്‍ അഭയം പ്രാപിക്കുന്ന ജില്ലാ ആശുപത്രിയില്‍ പരമാധി ജീവനക്കാരെ ഏര്‍പ്പെടുത്താന്‍ ശ്രമം നടത്തി വരുന്നതായി ഡി.എം.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."