അന്വേഷണസംഘത്തിനു മുമ്പില്‍ പതറി ഫ്രാങ്കോ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പതറിയതായി സൂചന. കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങള്‍ സംബന്ധിച്ചു തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണു ബിഷപ്പ് പ്രതിരോധത്തിലായത്.
ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ ബിഷപ്പിന്റെ അറസ്റ്റു രേഖപ്പെടുത്തിയേക്കുമെന്നു ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ദിനവും ഏഴുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം വൈകുന്നേരത്തോടെ വിട്ടയക്കുകയായിരുന്നു. ഇന്നു വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നിര്‍ദേശം നല്‍കിയാണു വിട്ടയച്ചത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്ന് അറസ്റ്റു രേഖപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് പൊലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ബുധനാഴ്ച നോട്ടിസ് നല്‍കിയതനുസരിച്ചു ഇന്നലെ രാവിലെ 11 മണിക്കുതന്നെ ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രത്യേക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു. അതിനു മുമ്പുതന്നെ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കോട്ടയം ജില്ലാ പൊലിസ് സൂപ്രണ്ട് എസ്. ഹരിശങ്കര്‍, അന്വേഷണോദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരും എത്തിയിരുന്നു.
ബുധനാഴ്ച ബിഷപ്പിന്റെ മൊഴിയെടുക്കലാണ് കാര്യമായി നടന്നതെങ്കില്‍ ഇന്നലെ ക്രോസ് ചെയ്യല്‍ സ്വഭാവത്തിലേക്കു ചോദ്യംചെയ്യല്‍ രീതി മാറി. ബിഷപ്പ് ബുധനാഴ്ച നല്‍കിയ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ ഇന്നലെ 250 ഓളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയാറാക്കിയിരുന്നു. ആദ്യം പീഡനം നടന്നുവെന്ന് ആരോപിക്കപ്പെട്ട 2014 മെയ് 5നു ബിഷപ്പ് കോട്ടയം കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തില്‍ തങ്ങിയിരുന്നോ എന്നതു സംബന്ധിച്ചായിരുന്നു കാര്യമായ ചോദ്യങ്ങള്‍. കഴിഞ്ഞ ആഗസ്റ്റ് 13ന് അന്വേഷണ സംഘം ജലന്ധറിലെ രൂപതാ ആസ്ഥാനത്തെത്തി മൊഴി രേഖപ്പെടുത്തിയപ്പോള്‍ ബിഷപ്പ് പറഞ്ഞത് പ്രസ്തുത ദിവസം താന്‍ കുറവിലങ്ങാട് മഠത്തില്‍ പോയിട്ടില്ല എന്നായിരുന്നു. എന്നാല്‍, ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തുടങ്ങിയവ കുരുക്കായി മാറുമെന്നു കണ്ടതോടെ പ്രസ്തുത ദിവസം താന്‍ കുറവിലങ്ങാട് മഠത്തില്‍ പോയെങ്കിലും അവിടെ തങ്ങിയില്ലെന്നും കന്യാസ്ത്രീകള്‍ രജിസ്റ്റര്‍ തിരുത്തിയാണു തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നുമായിരുന്നു മൊഴി.
മൊഴികളിലെ ഈ വൈരുദ്ധ്യം മുന്‍ നിര്‍ത്തി അന്വേഷണ സംഘം തുടരെ ചോദ്യങ്ങളുന്നയിച്ചതോടെ ബിഷപ്പ് പ്രതിരോധത്തിലായി. പീഡനം സംബന്ധിച്ചു കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴി, ഇതര സിസ്റ്റര്‍മാരുടെ മൊഴികള്‍, കന്യാസ്ത്രീ ധ്യാനംകൂടിയ കേന്ദ്രത്തില്‍ നിന്നു ശേഖരിച്ച തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. ഇതോടെ ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ പ്രദര്‍ശിപ്പിച്ച ആത്മവിശ്വാസം ബിഷപ്പിന് ഇല്ലാതായി. തെളിവുകള്‍ നിരത്തിയുള്ള പല ചോദ്യങ്ങളോടും 'അക്കാര്യം തനിക്കറിയില്ല' എന്ന നിലപാടായിരുന്നു ബിഷപ്പ് കൈക്കൊണ്ടതെന്നും സൂചനയുണ്ട്. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും വിവിധ വീഡിയോ ക്യാമറകളിലായി ചിത്രീകരിക്കുന്നുമുണ്ട്.
രണ്ടാംദിവസത്തെ ചോദ്യംചെയ്യലിനു ശേഷം അന്വേഷണ സംഘം പ്രത്യേക യോഗം ചേര്‍ന്നു ബിഷപ്പിന്റെ മൊഴി വിലയിരുത്തി. ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ തങ്ങിയോ എന്ന കാര്യം ഉറപ്പുവരുത്തിയ ശേഷമേ അറസ്റ്റിലേക്കു നീങ്ങാനാവൂ. ബിഷപ്പ് മഠത്തില്‍ എത്തിയതായി ഡ്രൈവറുടെ മൊഴിയുണ്ടെങ്കിലും തങ്ങിയതായി ഉറപ്പിക്കാവുന്ന കൃത്യമായ തെളിവില്ല.
ഇതുസംബന്ധിച്ച രജിസ്റ്ററിലും ബിഷപ്പ് എത്തിയ കാര്യം മാത്രമാണു പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ കൃത്യത വരുത്തുന്നതിനായി പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെയും മഠത്തിലെ മറ്റു അന്തേവാസികളുടെയും മൊഴി ഒരിക്കല്‍കുടി രേഖപ്പെടുത്തണോ എന്ന കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്.
ഇന്നലെയും ചോദ്യം ചെയ്യല്‍ കേന്ദ്രത്തിനു മുമ്പില്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. കനത്ത പൊലിസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. അതിനിടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ക്രൈംബ്രാഞ്ച് ഓഫിസിനു മുമ്പില്‍ ബിഷപ്പിന്റെ കോലം കത്തിച്ചു. കഴിഞ്ഞ ദിവസം ഇവര്‍ ബിഷപ്പിനെ കരിങ്കൊടി കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."