യാനങ്ങള്‍ അപകടഭീഷണിയില്‍ തൃക്കുന്നപ്പുഴ ചീപ്പില്‍ വൈദ്യുതി വിളക്കുകള്‍ കണ്ണടച്ചു
ഹരിപ്പാട്: തൃക്കുന്നപ്പുഴ ചീപ്പില്‍ വൈദ്യുതി വിളക്കുകള്‍ കണ്ണടച്ചിട്ട് നാലരമാസം. ബില്ലടക്കാത്തതിനാല്‍ ചീപ്പിലെ കാവല്‍പ്പുരയിലെ വൈദ്യുതി വിഛേദിച്ചതാണ് ചീപ്പും പരിസരവും ഇരുട്ടിലാകാന്‍ കാരണം.
ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലാണ് ചീപ്പ്. നൂറുകണക്കിനു വള്ളങ്ങളും വിനോദസഞ്ചാര നൗകകളും രാപ്പകല്‍ ഭേദമന്യേ കടന്നു പോകുന്നതാണിവിടം. കനാലിനു രണ്ട് ചാനലുകളാണുള്ളത്. ഒരു വള്ളത്തിനു മാത്രം കഷ്ടിച്ച് കടന്നു പോകാനുള്ള വീതി മാത്രമാണുള്ളത്. ശക്തമായ ഒഴുക്കുള്ളപ്പോള്‍ അല്‍പ്പം തെറ്റിയാല്‍ മധ്യഭാഗത്തുള്ള കല്‍ക്കെട്ടിലിടിച്ച് ജലയാനങ്ങള്‍ അപകടത്തില്‍പ്പെടുക പതിവാണ്.
രാത്രി കാലങ്ങളില്‍ വെളിച്ചംകൂടി ഇല്ലാതാകുമ്പോള്‍ അപകടത്തിന്റെ തീവ്രത കൂടുന്ന സ്ഥിതിയാണുള്ളത്. ഇരുവശങ്ങളില്‍ നിന്നും ശക്തമായി ഒഴുകിയെത്തുന്ന വെള്ളം ചീപ്പിന്റെ വീതികുറഞ്ഞ ഭാഗത്തെത്തുമ്പോള്‍ പതിന്മടങ്ങു ശക്തിയിലാകും. ഇവിടെ ജലയാനങ്ങള്‍ നിയന്ത്രിക്കുക ശ്രമകരമാണ്. രാത്രി വെളിച്ചം ഇല്ലാതാകുന്നത് വള്ളക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
മൂന്നുവര്‍ഷം മുമ്പ് ഒഴുക്കില്‍ നിയന്ത്രണംവിട്ട വള്ളം കല്‍ക്കെട്ടിലിടിച്ച് മണല്‍വാരല്‍ തൊഴിലാളി മരണപ്പെട്ടിരുന്നു. വിനോദ സഞ്ചാരികളുടെ വഞ്ചിവീടുകളും മറ്റും കല്‍കെട്ടിലിടിച്ച് കേടുപാടുകളുണ്ടാകുന്നു. മത്സ്യബന്ധന സീസണ്‍ ആരംഭിക്കുന്നതോടെ നൂറുകണക്കിനു വള്ളങ്ങളാണ് രാത്രി തുടര്‍ച്ചയായി ചീപ്പുവഴി പോകുന്നത്.
ചീപ്പിലും പരിസരങ്ങളിലുമുള്ള വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ അടിയന്തര നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."