കോടതി വിധി: കെട്ടിടത്തില്‍ വീട്ടുകാര്‍ താമസം തുടങ്ങി; സ്കൂള്‍ പൂട്ടി
തളിപ്പറമ്പ്: കോടതിവിധിയെ തുടര്‍ന്ന് സ്വകാര്യ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഉടമസ്ഥര്‍ താമസം തുടങ്ങി. യാതൊരു മുന്നറിയിപ്പുമില്ലാതെ സ്കൂള്‍ അടച്ചുപൂട്ടിയതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പെരുവഴിയിലായി. തളിപ്പറമ്പ് മന്നയില്‍ പ്രവര്‍ത്തിക്കുന്ന റയാന് ഇംഗ്ലിഷ് സ്കൂളാണ് മുന്നറിയിപ്പില്ലാതെ പൂട്ടിയത്. പത്തുമാസത്തേക്ക് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാനായിരുന്നു സ്വകാര്യ സ്കൂള്‍ അധികൃതര്‍ക്ക് വീട് വിട്ടുനല്‍കാന്‍ ഗൃഹനാഥന് തയാറായത്. എന്നാല്‍ കാലാവധിക്ക് ശേഷവും അധികൃതര്‍ ഒഴിയാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് പ്രശ്നം കോടതിയിലെത്തിയത്. സ്കൂള്‍ ഉടമകള്‍ വിചാരണ വേളയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ഹരജിക്കാരന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.
ക്ലാസുകളെ കുറിച്ചറിയാന്‍ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും അവര്‍ ഫോണ്‍ എടുക്കാന്‍ പോലും തയാറായില്ലെന്നും ആക്ഷേപമുണ്ട്. മോണ്ടിസോറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ പഠനമാണ് ഇതോടെ പ്രതിസന്ധിയിലായത്. കുട്ടികളില്‍ നിന്ന് ഈ അധ്യയന വര്‍ഷത്തേക്കുള്ള മുഴുവന്‍ ഫീസും ഈടാക്കിയിരുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ എന്‍.ഒ.സിയോ പോലുമില്ലാതെ ആയിരുന്നു സ്വകാര്യ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടികളുടെ തുടര്‍പഠനത്തിന്റെ കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ സമരരംഗത്തിറങ്ങാനാണ് രക്ഷിതാക്കളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."