പരാധീനതകളില്‍ വീര്‍പ്പുമുട്ടി മാനന്തവാടി ഫയര്‍റെസ്‌ക്യു സ്‌റ്റേഷന്‍
മാനന്തവാടി: പരാധീനതകളാലും അസൗകര്യങ്ങളാലും വീര്‍പ്പുമുട്ടുകയാണ് മാനന്തവാടി ഫയര്‍ റെസ്‌ക്യു സ്‌റ്റേഷന്‍. മാനന്തവാടി മുനിസിപ്പാലിറ്റി എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച താല്‍ക്കാലിക കെട്ടിടത്തില്‍ 2004 നവംബര്‍ 24നാണ് അഗ്നിരക്ഷാ നിലയം പ്രവര്‍ത്തനമാരംഭിച്ചത്.
സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്ത ജില്ലയിലെ ഏക അഗ്നിരക്ഷാ യൂനിറ്റ് കൂടിയാണ് മാനന്തവാടിയിലേത്. 24 ഫയര്‍മാന്‍, ഏഴ് ഫയര്‍മാന്‍ ഡ്രൈവര്‍, നാല് ലീഡിങ് ഫയര്‍മാന്‍, രണ്ട് ഓഫിസര്‍, 12 ഹോംഗാര്‍ഡ് എന്നി ക്രമത്തില്‍ 48 ജീവനക്കാരാണ് ഇടുങ്ങിയ ഈ ഓഫിസിനുള്ളില്‍ ജോലി ചെയ്യുന്നത്.
48 ജീവനക്കാര്‍ രണ്ട് ടേണ്‍ ആയി ജോലി ചെയ്യുന്ന സ്‌റ്റേഷനില്‍ 23 ജീവനക്കാര്‍ എപ്പോഴും ഡ്യൂട്ടിയിലുണ്ടായിരിക്കും. ഇവര്‍ക്ക് റെസ്റ്റ് ചെയ്യുന്നതിന് വേണ്ടി ചെറിയ ഒരു റൂം മാത്രമാണുള്ളത്. ഇതില്‍ പരമാവധി ഒന്‍പത് കട്ടില്‍ മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. കൂടാതെ ജീവനക്കാരുടെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്നത് ഈ റൂമിലാണ്.
സ്ഥലപരിമിതിമൂലം ജീവനക്കാര്‍ ഗ്യാരേജിലും വാഹനങ്ങളിലുമാണ് റെസ്റ്റ് ചെയ്യുന്നത്. കൂടാതെ ഏഴ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മൂന്ന് ഗ്യാരേജ് മാത്രമാണുള്ളത്. ബാക്കിയുള്ള വാഹനങ്ങള്‍ മഴയും വെയിലുമേറ്റ് കോമ്പൗണ്ടില്‍ കിടക്കുകയാണ്. സ്‌റ്റേഷന്റെ മറ്റ് ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് റൂമുകള്‍ മാത്രമുള്ള കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്.
ഈ മുന്ന് റൂമുകളിലാണ് സ്‌റ്റേഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍, ഓഫിസ് റൂം, വാച്ച് റൂം, സ്‌റ്റോര്‍ റൂം, സ്റ്റാഫ് റൂം, ഫ്യുവല്‍ സ്‌റ്റോക്ക് റൂം പ്രവര്‍ത്തിക്കുന്നത്.
കനത്ത മഴയില്‍ കെട്ടിടത്തിന്റെ ഉള്ളില്‍വരെ വെള്ളം കയറാറുണ്ട്. പലപ്പോഴും അടിയന്തിര ഘട്ടങ്ങളില്‍ വാഹനങ്ങള്‍ പോലും പുറത്തേക്ക് കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ആവശ്യമായ സ്ഥലസൗകര്യം ഇല്ലാത്തതിന്റെ പേരില്‍ വകുപ്പില്‍ നിന്നുള്ള ആധുനിക ഉപകരണങ്ങളും ഓഫീസ്‌സ്‌റ്റേഷനറികളും ഫര്‍ണിച്ചറുകളും ഈ നിലയത്തിലേക്ക് പലപ്പോഴും ലഭിക്കാതെ വരികയാണ്. 48 ജീവനക്കാര്‍ക്ക് രണ്ട് ടോയിലറ്റ് മാത്രമാണുള്ളത്. അത് പൊട്ടിപൊളിഞ്ഞെങ്കിലും ജീവനക്കാര്‍ സ്വന്തം നിലയില്‍ റിപ്പയര്‍ ചെയ്ത് ഉപയോഗിച്ച് വരികയാണ്.
കെട്ടിടത്തിന്റെ സീലിങ്ങും തകര്‍ന്ന് കിടക്കുകയാണ്. ജീവനക്കാര്‍ പണമെടുത്ത് ഷീറ്റ് വിരിക്കുകയായിരുന്നു. 2004ല്‍ കെട്ടിടം നിര്‍മിച്ചതിന് ശേഷം യാതൊരു വിധ അറ്റകുറ്റപണികളും നടത്തിയിട്ടില്ല. ഭൂരിപക്ഷം വാതിലുകളും ജനലുകളും തകര്‍ന്ന് കിടക്കുകയാണ്.
യൂനിറ്റിന്റെ കോമ്പൗണ്ടില്‍ നിര്‍മിച്ചിട്ടുള്ള കിണറ്റില്‍ വെള്ളമില്ലാത്തതിനാല്‍ പുഴയിലെ വെള്ളമാണ് ജീവനക്കാര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നത്.
ഫയര്‍സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് മിനിസിവില്‍ സ്‌റ്റേഷന് സമീപത്ത് സ്ഥലം ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അനന്തര നടപടികള്‍ ഇല്ലാത്തതാണ് ജീവനക്കാര്‍ക്ക് തീരാദുരിതമായി മാറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."