ആന്തൂര്‍ ആത്മഹത്യ: തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരം പരിമതപ്പെടുത്തുമെന്നും നഗരസഭാ സെക്രട്ടറിമാരുടെ തീരുമാനങ്ങള്‍ക്ക് എതിരായ അപ്പീലുകള്‍ പരിഗണിക്കാന്‍ ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ടും തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും ട്രിബ്യൂണലുകള്‍ സ്ഥാപിക്കുക. ആന്തൂര്‍ നഗരസഭയില്‍ കെട്ടിട പ്രവര്‍ത്തനാനുമതി നിഷേധിച്ച സംഭവത്തില്‍ സാജന്‍ എന്ന സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് നിയമങ്ങളില്‍ സെക്രട്ടറിക്കു മാത്രമാണ് അധികാരമുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ വകുപ്പ് 509 (6) പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ മുമ്പാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ല എന്ന സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഭവം വ്യക്തമാക്കുന്ന ഒരു കാര്യം കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അവ പരിഹരിക്കുക എന്നത് പ്രധാനമാണെന്ന് സര്‍ക്കാര്‍ കാണുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ ട്രിബ്യൂണല്‍ തിരുവനന്തപുരത്തു മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. 6 മാസം മുതല്‍ 1 വര്‍ഷം വരെ അപ്പീല്‍ തീര്‍പ്പാക്കാന്‍ സമയമെടുക്കുന്നു എന്ന സ്ഥിതി നിലവിലുണ്ട്. പെന്റന്‍സി കണക്കാക്കി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കൂടി ഈ സംവിധാനം വിപുലപ്പെടുത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അപേക്ഷകളിലെ ന്യൂനതകളുടെ കാര്യത്തില്‍ സമഗ്രമായി പഠിച്ച് ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കേണ്ടതാണ് എന്ന കാര്യം ഉറപ്പുവരുത്തും. ഘട്ടംഘട്ടമായി ചോദ്യങ്ങള്‍ ചോദിച്ച് കാലംതാമസം വരുത്തുന്ന പ്രവണത തടയുന്നതിന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതുമാണ്.
നിലവിലെ ഓണ്‍ലൈന്‍ സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുന്‍കൈ എടുക്കും. ഇത് സംബന്ധിച്ച് ചില മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. നിലവിലെ ചട്ടങ്ങള്‍ പ്രകാരം കെട്ടിടനിര്‍മ്മാണത്തിന്റെ അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതിന് സെക്രട്ടറിയാണ് അന്തിമ അധികാരി. സാങ്കേതികവൈദഗ്ധ്യമുള്ള എഞ്ചിനീയര്‍ പോലുള്ള ഉദ്യോഗസ്ഥരേയും സെക്രട്ടറിക്ക് മറികടക്കാന്‍ ചട്ടപ്രകാരം തടസ്സമില്ല. കാര്യകാരണ സഹിതം സാങ്കേതികവൈവിധ്യമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ മറികടക്കാനുള്ള സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യവും ആലോചിക്കുന്നതാണ്.
ഇക്കാര്യത്തില്‍ സെക്രട്ടറിക്ക് മറിച്ചൊരു തീരുമാനമെടുക്കണമെങ്കില്‍ സെക്രട്ടറി സാങ്കേതികവിദഗ്ധനായ ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ടശേഷം (ചര്‍ച്ചയുടെ മിനിട്‌സ് സെക്രട്ടറിയും സാങ്കേതിക ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തി ഫയലില്‍ രേഖപ്പെടുത്തേണ്ടതാണ്.) ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതാണ്.
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടിയുണ്ടായിട്ടുണ്ട്. സാജന്റെ ആത്മഹത്യ ദു:ഖകരമാണ്. നാല് പേരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെന്നും പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."