കുറ്റിപ്പുറത്ത് യുവാക്കളില്‍ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഞ്ചാവിന്റെയും മയക്ക് മരുന്നിന്റെയും ഉപയോഗം യുവാക്കളില്‍ വര്‍ധിച്ചു വരുന്നതായി എക്സൈസ് വിഭാഗം.
പൊലിസ് പിടികൂടിയ കേസുകള്‍ വേറെയുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ കേസുകളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2018 ല്‍ മാത്രം 28 എന്‍.ഡി.പി.എസ് കേസുകളാണ് കുറ്റിപ്പുറം എക്സൈസ് വകുപ്പിന്റെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ മിക്ക കേസുകളിലും ഒന്നിലധികം പ്രതികളും കൂട്ടുപ്രതികളുമുള്ളവയാണ്. ഈ മാസം കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് പരിസരത്ത്നിന്ന് 2.5 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതിലെ പ്രതികളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവും തിരൂര്‍ എക്സൈസ് വകുപ്പ് പിടികൂടിയിരുന്നു.
വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കഞ്ചാവ്, മയക്ക് മരുന്ന് മാഫിയകളുടെ കടന്നുകയറ്റം. തമിഴ്നാട്ടിലെ കമ്പം, തേനി ഭാഗങ്ങളില്‍ നിന്നാണ് കുറ്റിപ്പുറത്ത് കഞ്ചാവ് എത്തിക്കുന്നത്. മയക്കുമരുന്ന്, കഞ്ചാവ് കേസുകളുടെ കാര്യത്തില്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ അബ്കാരി കേസുകളില്‍ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം 20 ലധികം അബ്കാരി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനങ്ങളില്‍ കള്ള വാറ്റിന്റെയും ചാരായത്തിന്റെയും ഉപയോഗം ഗണ്യമായി കുറഞ്ഞത് കുറ്റിപ്പുറത്ത് സ്പിരിറ്റ് കേസുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പരിശോധനയില്‍ 2018ല്‍ മാത്രം 120 കേസ് എക്സൈസ് വകുപ്പ് കുറ്റിപ്പുറത്ത് എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."