ആന്തൂര്‍ വിഷയത്തില്‍ ഇടപെട്ടതെന്തിന്? എം.വി ഗോവിന്ദനെതിരേ വിമര്‍ശനവുമായി ജെയിംസ് മാത്യു എം.എല്‍.എ
തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂരിലെ സി.പി.എം നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് മുറുകുന്നു. വിഷയത്തിതല്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യ ഇന്ന് രംഗത്തുവന്നു. ആന്തൂരിലെ പ്രശ്‌നം തീര്‍ക്കാന്‍ താന്‍ മന്ത്രിയെ കണ്ട് നേരിട്ട് നടപടി സ്വീകരിപ്പിച്ചതിന് ശേഷം എം.വി ഗോവിന്ദന്‍ മന്ത്രിയെ വിളിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടു വന്നത്. നേതാക്കള്‍ തമ്മില്‍ലുള്ള പ്രശ്‌നങ്ങളാണ് വിഷയം വഷളാവുന്നതിലേക്ക് നയിച്ചതെന്നും എം.എല്‍.എ പറഞ്ഞതായാണ് ലഭിക്കുന്ന സൂചന. ആന്തൂര്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ജെയിംസ് മാത്യു. കണ്‍വന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട് സാജന്‍ തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് മന്ത്രി കെ.ടി ജലീലിന് നിവേദനം നല്‍കിയത്. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സൂപ്രണ്ടിങ് എഞ്ചിനിയറെ ചുമതലപ്പെടുത്തി. ഇതിനിടെയാണ് നഗരസഭാ അധ്യക്ഷ ശ്യാമളയുടെ ഭര്‍ത്താവുകൂടിയായ എം.വി ഗോവിന്ദന്‍ മന്ത്രി ഓഫിസുമായി ഇടപെട്ടതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എം.വി ഗോവിന്ദന്‍ വിമര്‍ശനത്തിന് മറുപടി നല്‍കാതിരുന്നത് ശ്രദ്ധേയമായി. കണ്ണൂരിലെ നേതാക്കള്‍ തമ്മിലുള്ള ഉള്‍പ്പോരിന്റെ ഇരയാണ് സാജനെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഈ വാദത്തിന് ബലമേകുന്നതാണ് എം.എല്‍.എയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."