പത്ത് വര്‍ഷത്തിനിടെ റോഡില്‍ പൊലിഞ്ഞത് 43,970 ജീവന്‍
കൊണ്ടോട്ടി: കേരളത്തിലെ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന. 2002ല്‍ 38,762 അപകടങ്ങളില്‍ 2,792 പേരാണ് മരിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 39,420 റോഡ് അപകടങ്ങളില്‍ 4,287 പേര്‍ മരിക്കുകയും 44,108 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
2015ല്‍ 39,141 അപകടങ്ങളില്‍ മരിച്ചത് 4,196 പേരാണ്. 15 വര്‍ഷമായി അപകടങ്ങള്‍ ശരാശരിക്കൊപ്പം നില്‍ക്കുമ്പോള്‍ മരണസംഖ്യയും പരുക്കേല്‍ക്കുന്നവരുടെ എണ്ണവുമാണ് ക്രമാതീതമായി കൂടുന്നത്. മരിക്കുന്നവരില്‍ കൂടുതല്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ്. 2015-ല്‍ ഇരു ചക്ര വാഹനങ്ങളില്‍ 1,305 അപകടങ്ങളില്‍ 1,330 പേര്‍ മരിക്കുകയും 14,858 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കാര്‍, ജിപ്പ്, ടാക്‌സി എന്നിവ കാരണമായ 886 അപകടങ്ങളില്‍ 912 പേരും, 477 സ്വകാര്യ ബസ് അപകടങ്ങളിലായി 527 പേരും മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ കാരണമായ 192 അപകടങ്ങളില്‍ 216 പേരാണ് മരിച്ചത്. ട്രക്കുകള്‍ അപകടത്തില്‍ പെട്ട് 553 പേരും, ചരക്ക് വാഹനങ്ങള്‍ അപകടങ്ങളില്‍പെട്ട് 201 പേരും മരിച്ചു.
കേരളത്തില്‍ 10 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മാത്രം മരിച്ചത് 43,970 പേരാണ്. മരണ സംഖ്യ ഏറെയും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചവരിലാണ്. കഴിഞ്ഞ വര്‍ഷം 1,340 പേരാണ് ബൈക്ക് അപകടങ്ങളില്‍ മരിച്ചത്. 2015ല്‍ 1,330 പേരും 2014ല്‍ 1,343 പേരുമാണ് മരിച്ചത്.
അശ്രദ്ധമായി വാഹനമോടിക്കല്‍, റോഡുകളുടെ തകര്‍ച്ച, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയവയാണ് നിരത്തുകളില്‍ അപകടം വിളിച്ചുവരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."