ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി പെരുമറ്റത്ത് മാലിന്യ കൂമ്പാരം
മൂവാറ്റുപുഴ: ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി മാലിന്യ കൂമ്പാരം. പായിപ്ര പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പെരുമറ്റം മസ്ജിദ് റോഡിന്റെ അരികിലാണ് മാലിന്യ നിക്ഷേപം. ദൂരെ ദിക്കുകളില്‍ നിന്ന് പോലും ആളുകള്‍ ഇരുട്ടിന്റെ മറവില്‍ ഇവിടെ മാലിന്യം നിക്ഷേപിക്കുകയാണ്.
വീടുകളില്‍ നിന്നും പ്ലാസ്റ്റിക് കൂടുകളില്‍ കെട്ടികൊണ്ട് വരുന്ന മാലിന്യങ്ങളും വീവാഹ വീടുകളില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളടക്കം ഇവിടെ നിക്ഷേപിക്കുകയാണ്. രാത്രി കാലങ്ങളില്‍ വാഹനങ്ങളിലെത്തുന്ന സംഘമാണ് ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
അതിനാല്‍ ആരാണ് മാലിന്യം നിക്ഷേപിക്കുന്നത് എന്നത് കണ്ടെത്താന്‍ സാദിക്കുന്നില്ല. മാലിന്യം ഇവിടെ കുമിഞ്ഞ് കൂടാന്‍ തുടങ്ങിയതോടെ ഈച്ചയും കൊതുകും പെരുകി പ്രദേശവാസികള്‍ പകര്‍ച്ചവ്യാധി ഭീക്ഷണിയിലാണ്. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ കാക്കകള്‍ കൊത്തി വലിച്ച് സമീപത്തെ കിണറുകളില്‍ നിക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്.പായിപ്ര പഞ്ചായത്തില്‍ വര്‍ഷങ്ങളായി മാലിന്യ നീക്കം നിലച്ചിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് വാങ്ങിയ വാഹനം കട്ടപ്പുറത്താണ്.
പഞ്ചായത്തില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ച് നിരവധിയാളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പരിസര ശുചീകരണത്തിനായി ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും വ്യാപകമായ പ്രചരണമാണ് നടത്തുന്നത്. എന്നാല്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ന്റെ വാര്‍ഡിലെ മാലിന്യകൂമ്പാരം അധികൃതര്‍ കണ്ടില്ലന്ന് നടിക്കുകയാണ്.
മസ്ജിദിലേക്കും മദ്റസയിലേക്കും സ്കൂളിലേയ്ക്കും അടക്കം നിരവധിയാളുകള്‍ സഞ്ചരിക്കുന്ന പെരുമറ്റം മസ്ജിദ് റോഡിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ പെരുമറ്റം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."