വയനാടിന്റെ വികസനം: തന്റെ കാഴ്ചപ്പാടുകള്‍ നേതാക്കള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് രാഹുല്‍
ന്യൂഡല്‍ഹി: വയനാടിന്റെ വികസനം സംബന്ധിച്ച് തന്റെ കാഴ്ചപ്പാടുകള്‍ നേതാക്കള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. വയനാടിന്റെ വികസന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ വിളിച്ച വയനാട്ടിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും യോഗത്തിലാണ് രാഹുല്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്.
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിക്കാമെന്ന് രാഹുല്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളുമായ 33 പേരെയാണ് രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. 7 നിയോജമണ്ഡലങ്ങളിലേയും നേതാക്കളെ പ്രത്യേകമായി രാഹുല്‍ കണ്ടു. എല്ലാവര്‍ക്കും പറയാനുള്ളത് ക്ഷമയോടെ കേട്ടു. കാര്യങ്ങള്‍ പഠിച്ച് വേണ്ടത് ചെയ്യാമെന്ന് അറിയിച്ചു.
വയനാട്ടിലെ കര്‍ഷക പ്രശ്‌നങ്ങള്‍, ആദിവാസി ഭൂമി വിഷയം,വിദ്യാഭ്യാസ മേഖലയിലെ വികസനം, നിലമ്പൂര്‍-നഞ്ചംകോട് റെയില്‍ പാത തുടങ്ങിയ വിഷങ്ങളും ചര്‍ച്ചയായി.
രാത്രിയാത്രാ നിരോധന പ്രശ്‌നം ആദ്യപരിഗണനയായെടുത്ത് പരിഹരിക്കാമെന്നാണ് രാഹുല്‍ ഉറപ്പ് നല്‍കിയത്. തുടര്‍ന്ന് ഇടയ്ക്കിടെ വയനാട്ടില്‍ വരാമെന്നും രാഹുല്‍ അറിയിച്ചു. വയനാട്ടിലും മുക്കത്തും ഇതിനായി ഓഫിസ് തുറക്കും. വയനാടിനെ ടൂറിസം മേഖലയായി വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നേതാക്കള്‍ തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കനുസൃതമായ കാര്യങ്ങളല്ല പറയുന്നതെന്നതില്‍ രാഹുല്‍ സന്തുഷ്ടി പ്രകടിപ്പിച്ചതായും നേതാക്കള്‍ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിച്ചെങ്കിലും രാഹുല്‍ ഉത്തരം ചിരിയിലൊതുക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, പി.കെ ജയലക്ഷ്മി, പി.കെ ബഷീര്‍ എം.എല്‍.എ. വയനാട്,കോഴിക്കോട് മലപ്പുറം തുടങ്ങിയ ജില്ലകളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ടി.സിദ്ദിഖ്,വി.വി പ്രകാശ്, വയനാട് ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, സി.പി ചെറിയമുഹമ്മദ്, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ ഹുസൈന്‍ കുട്ടി, മലപ്പുറം ജില്ലാ ലീഗ് സെക്രട്ടറി ഇസ്മാഈല്‍ മൂത്തേടം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."