ഇറാനെ നിലക്ക് നിര്‍ത്താന്‍ അമേരിക്കന്‍ എഫ് 22 റാപ്റ്റര്‍ യുദ്ധവിമാനങ്ങള്‍ അറേബ്യന്‍ ഗള്‍ഫില്‍
റിയാദ്: ഇറാനെതിരെയുള്ള നടപടികളുടെ ഭാഗമായി അമേരിക്ക കൂടുതല്‍ സൈനിക ശക്തി പ്രകടനത്തിനൊരുങ്ങുന്നത് മധ്യേഷയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. അറബ് രാജ്യങ്ങളുടെ സമ്മതത്തോടെ അമേരിക്ക നടത്തുന്ന സൈനിക സജ്ജീകരണ നീക്കങ്ങളാണ് സമാധാന പ്രേമികളെ ആശങ്കയിലാഴ്ത്തുന്നത്. ഏറ്റവും ഒടുവിലായി ഇറാന്‍ ഭാഗത്തു നിന്നുള്ള ഭീഷണികളെ നേരിടാനായി എഫ ്22 റാപ്റ്റര്‍ യുദ്ധവിമാനങ്ങള്‍ ഗള്‍ഫ് രാജ്യത്തെത്തിച്ചു അമേരിക്ക പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാനു മുന്നറിയിപ്പ് നല്‍കാനായി മിഡില്‍ ഈസ്റ്റില്‍ അമേരിക്ക ആംരഭിച്ച സൈനിക സന്നാഹങ്ങളില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ എഫ് 22 യുദ്ധ വിമാനങ്ങള്‍ ഖത്തറിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിലാണ് എത്തിച്ചത്.
അമേരിക്കന്‍ അത്യാധുനിക ഡ്രോണ്‍ ഇറാന്‍ നേരത്തെ തകര്‍ത്തിരുന്നു. റഡാര്‍ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ ഇറാന്‍ തകര്‍ത്തത് അമേരിക്കക്ക് തിരിച്ചടിയാണെന്ന വിലയിരുത്തലിനിടെയാണ് കൂടുതല്‍ നടപടികള്‍.
റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള ഏറ്റവും നൂതനമായ എഫ് 22 പോര്‍ വിമാനങ്ങള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയ്ക്ക് സമീപമുള്ള അല്‍ ഉദൈദ് വ്യോമതാവളത്തിലാണ് വിന്യസിച്ചിരിക്കുന്നത്. മേഖലയിലെ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതെന്ന് അമേരിക്കന്‍ വ്യോമ സേന സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡ് പ്രസ്താവനയില്‍ അവകാശപ്പെട്ടു. എന്നാല്‍ എത്രയെണ്ണമാണ് എത്തിച്ചതെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. അല്‍ ഉദൈദ് താവളത്തിന് മുകളില്‍ അഞ്ച് വിമാനങ്ങള്‍ പറക്കുന്ന ഫോട്ടോകള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
ഇറാനെ നേരിടാനായി നേരത്തെ ബി 52 ബോംബര്‍ വിമാനങ്ങള്‍ അറേബ്യന്‍ ഗള്‍ഫില്‍ എത്തിഎത്തിച്ചിരുന്നു. ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് മദ്ധ്യേഷ്യയിലെ നിലവിലെ അമേരിക്കന്‍ സൈനിക സജ്ജീകരണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനാണു പുതിയ യുദ്ധ സജ്ജീകരണങ്ങള്‍ അയച്ചത്. ഇറാനെ പ്രതിരോധിക്കാനായി അബ്രഹാം ലിങ്കണ്‍ യുദ്ധ വിമാന വാഹിനികള്‍ അറേബ്യാന്‍ ഗള്‍ഫ് കടലില്‍ നേരത്തെ തന്നെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സഊദിയിലെ എണ്ണ പൈപ്പുകള്‍ക്ക് നേരെ നടന്ന ആക്രമണം ഇറാഖില്‍ നിന്നാണ് ആസൂത്രണം ചെയ്തതെന്ന് അമേരിക്ക വ്യക്തമാക്കിയതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വ്യക്തമാക്കി. യമനിലെ ഇറാന്‍ അനുകൂല ഹൂതികളാണ് സംഭവത്തിന് പിന്നിലെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഹൂതികള്‍ ഇക്കാര്യം ഏറ്റെടുക്കയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് തെളിവുകള്‍ സഹിതം ഇറാഖില്‍ നിന്നാണ് ഇതിന്റെ കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് അമേരിക്ക സ്ഥിരീകരിച്ചത്. മേഖലയിലെ ഇറാന്‍ ഇടപെടല്‍ ഉണ്ടാകുന്നുവെന്നതിനുള്ള തെളിവുകള്‍ കൂടുതല്‍ ശക്തമാക്കുന്നതാണ് തെക്കന്‍ ഇറാഖില്‍ നിന്നുമാണ് ഡ്രോണ്‍ ആക്രമണം ആസൂത്രണം ചെയ്തതെന്ന കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."