തിരൂരങ്ങാടിയിലെ റൗഡി ലിസ്റ്റ് പൊലിസ് പുന:പരിശോധിക്കുന്നു
തിരൂരങ്ങാടി: തിരൂരങ്ങാടി പൊലിസിന്റെ റൗഡി ലിസ്റ്റിലുള്ളവരുടെ പേരുകള്‍ പുനഃ:പരിശോധിക്കുന്നു. പുതിയ ലിസ്റ്റ് എസ്.പിക്ക് സമര്‍പ്പിച്ചു.നിരപരാധികളായ നിരവധിയാളുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ലിസ്റ്റ് പുന:പരിശോധിക്കാന്‍ പൊലിസ് തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പത്തുവര്‍ഷത്തിനകം യാതൊരു കേസുകളിലും ഉള്‍പ്പെടാത്തതുമായ ആളുകളെ ലിസ്റ്റില്‍നിന്നും നീക്കം ചെയ്യും. തിരൂരങ്ങാടി പൊലിസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട 66 പേരില്‍ ഏറെആളുകളും രാഷ്ട്രീയ പൊതു പ്രവര്‍ത്തകരാണ്. ഈയിടെ മുകളില്‍നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് നിത്യേനയെന്നോണം പൊലിസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്ന പൊതുപ്രവര്‍ത്തകരടക്കം റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കാണപ്പെട്ടത്. എല്ലാവരുടെയും ഫോട്ടോയും സംഘടിപ്പിക്കണമെന്ന് നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
ജില്ലയില്‍ മിക്ക സ്റ്റേഷനുകളിലും ഇരുപതിനുതാഴെയാണ് റൗഡികളുടെ എണ്ണം.രണ്ടു കേസുകളുള്ളവരെയാണ് പൊലിസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താറുള്ളത്. പാസ്‌പോര്‍ട്ട് തടഞ്ഞുവെയ്ക്കുക, സര്‍ക്കാര്‍ ജോലിക്ക് അയോഗ്യരാക്കുക, പൊലിസ് വിളിക്കുന്ന സമയം സ്റ്റേഷനില്‍ ഹാജരാവുക തുടങ്ങി ഒട്ടേറെ നൂലാമാലകളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ കാത്തിരിക്കുന്നത്. കുറഞ്ഞ പരിധിയുള്ള തിരൂരങ്ങാടി പൊലിസ് സ്റ്റേഷനില്‍ ഇത്രയും ആളുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് മുന്‍ എസ്.ഐ മാര്‍ക്ക് സംഭവിച്ച അബദ്ധമായാണ് പറയപ്പെടുന്നത്. പ്രതിഷേധ പരിപാടികളിലും സമരങ്ങളിലും അറസ്റ്റ് വരിച്ചവര്‍ വരെ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് പൊലിസിന് തന്നെ നാണക്കേടുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."