കോപയില്‍ ഇന്ന് കൊടുങ്കാറ്റടിക്കും
റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ കണ്ട മറാക്കാന സ്റ്റേഡിയത്തില്‍ ഇന്ന് കോപ അമേരിക്കന്‍ ഫുട്‌ബോളിന്റെ കലാശപ്പോരാട്ടം അരങ്ങേറും. ബ്രസീലും പെറുവും തമ്മിലാണ് കോപ അമേരിക്ക കിരീടത്തിന് വേണ്ടി ഇന്ന് പോരാടുന്നത്. ഗ്രൂപ്പ് എയില്‍ നിന്നുള്ള രണ്ടു ടീമുകളാണ് കോപ അമേരിക്ക കിരീടത്തിന് വേണ്ടി കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് എയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു പെറു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇവിടെനിന്ന് തുടങ്ങിയ ജൈത്ര യാത്രയാണ് ഫൈനലിലെത്തിയത്. ഇതേ ഗ്രൂപ്പില്‍നിന്ന് ഏഴ് പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായ ബ്രസീലും ഫൈനലിലേക്ക് യോഗ്യത നേടി. സെമി ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തായിരുന്നു ബ്രസീല്‍ ഫൈനല്‍ ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലും പെറുവും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ബ്രസീല്‍ ജയിച്ചിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ പെറുവിന്റെ മിന്നുന്ന പ്രകടനമാണ് ഫൈനലിലേക്കുള്ള വഴി തുറന്നത്. ക്വാര്‍ട്ടറില്‍ ഉറുഗ്വെയെ നേരിട്ട പെറു പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു വിജയം കണ്ടെത്തിയത്. സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലിയായിരുന്നു പെറുവിന്റെ എതിരാളികള്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ചിലിയെ കെട്ടുകെട്ടിച്ചായിരുന്നു പെറു ഫൈനലിലേക്ക് യോഗ്യത നേടിയത്. അഞ്ച് മത്സരം കളിച്ച ബ്രസീല്‍ നാല് മത്സരത്തിലും ഗോള്‍ വഴങ്ങിയിട്ടില്ല. ശക്തമായ പ്രതിരോധത്തിന്റെയും ഗോള്‍ കീപ്പര്‍ ആലിസണ്‍ ബക്കറിന്റെയും കരുത്തായിരുന്നു ബ്രസീലിന് തുണയായത്.
അര്‍ജന്റീനക്കെതിരേയുള്ള മത്സരത്തിലും മെസ്സിയുടെ ഷോട്ടുകളില്‍ നിന്ന് ബ്രസീലിനെ രക്ഷിച്ചത് ആലിസണായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നാല് ക്ലീന്‍ ഷീറ്റുള്ള ആലിസണായിരിക്കും ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൗ ജേതാവ്. ഇങ്ങനെ ആണെങ്കില്‍ ഒരു സീസണില്‍ മൂന്ന് ഗോള്‍ഡന്‍ ഗ്ലൗ നേടുന്ന ഗോള്‍കീപ്പറെന്ന അപൂര്‍വ നേട്ടവും ആലിസണെ തേടിയെത്തും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ് എന്നിവയില്‍ ആലിസണ്‍ ബക്കറിനായിരുന്നു ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ലഭിച്ചത്. പരുക്കേറ്റ ബ്രസീല്‍ താരം വില്യന്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. റിച്ചാര്‍ലിസണിന്റെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. തുടക്കം മുതല്‍ ബ്രസീല്‍ പിന്തുടര്‍ന്ന ലൈനപ്പായ 4-2-3-1 എന്നതായിരിക്കും ഇന്നത്തെ മത്സരത്തിലും ബ്രസീല്‍ പിന്തുടരുക. ഒരു പക്ഷെ ഇന്ന് എവര്‍ട്ടന്റെ സ്ഥാനത്ത് നെരസിനെ കളിപ്പിക്കാനും തീരുമാനമുണ്ട്. പെറുവും ബ്രസീലിന്റെ സമാന ലൈനപ്പാണ് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."