ചൈനയുടെ സാമ്പത്തിക ഇടനാഴി ഇന്ത്യക്ക് ഭീഷണി
പാപ്പരായ തങ്ങളെ സഹായിക്കാനും അഭിവൃദ്ധിപ്പെടുത്താനുമാണെന്ന വാഗ്ദാനമാണ് ചൈനയുടെ സാമ്പത്തിക ഇടനാഴിയോട് പാകിസ്താന്‍ സമരസപ്പെടാന്‍ കാരണം. പാകിസ്താനും ചൈനയും സാമ്പത്തിക ഇടനാഴിയുമായി മുന്നോട്ടുപോകുന്നത് അയല്‍ രാജ്യങ്ങളായ ഇന്ത്യക്കും മറ്റും ഏറെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. സാമ്പത്തിക ഇടനാഴിയിലൂടെ പാകിസ്താനെ തങ്ങളുടെ കോളനിയാക്കി മാറ്റാനാണ് ചൈനീസ് ശ്രമമെന്നാണ് മറ്റൊരു വിലയിരുത്തല്‍.
വണ്‍ ബെല്‍റ്റ് വണ്‍ റോഡ്
ചൈന-പാക് കൂട്ടുകെട്ടില്‍ നാഴികക്കല്ലായാണ് സാമ്പത്തിക ഇടനാഴിയെന്ന നിര്‍ദേശം ചൈന മുന്നോട്ടുവച്ചത്. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്കു കീഴില്‍ പാകിസ്താനെ ഉള്‍പ്പെടുത്തിയുള്ളതാണ് ഈ സാമ്പത്തിക ഇടനാഴി. ഏഷ്യയില്‍ സാമ്പത്തിക ശക്തിയാര്‍ജിക്കാനുള്ള ചൈനയുടെ നീക്കത്തിന് എന്നും ഇന്ത്യയാണ് വെല്ലുവിളി ഉയര്‍ത്താറ്. ഇപ്പോഴും സ്ഥിതി വിഭിന്നമല്ല. അതുകൊണ്ടുതന്നെ ചെറുരാജ്യങ്ങളെ കൂട്ടി സാമ്പത്തിക ഇടനാഴി എന്ന ആശയം ചൈന മുന്നോട്ടുവച്ചത് കൂര്‍മ ദൃഷ്ടിയാണെന്നാണ് ഇന്ത്യ കരുതുന്നത്.
ഈ ആശയത്തോട് പാപ്പരായ പാകിസ്താനെ അടുപ്പിക്കാന്‍ ഇന്ത്യ എന്ന ചീട്ടും സാമ്പത്തികം എന്ന തുറുപ്പുചീട്ടുമാണ് ചൈന പ്രയോഗിച്ചിരിക്കുന്നത്. 46 ബില്യന്‍ ഡോളര്‍ തങ്ങള്‍ ചെലവഴിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നെങ്കിലും അത് 62 ബില്യനാക്കി ഉയര്‍ത്തിയത് പാകിസ്താന്റെ കണ്ണുകളെ മഞ്ഞളിപ്പിക്കാന്‍തന്നെയാണ്. വ്യവസായ പാര്‍ക്കുകള്‍, റെയില്‍ ഗതാഗതം, പാക് തുറമുഖമായ ഗ്വാഡറിനെയും സിന്‍ജിയാങ് എന്ന ചൈനീസ് പ്രവിശ്യയെയും ബന്ധിപ്പിക്കുന്ന റോഡ് ഇതൊക്കെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നാണ് ചൈന പറയുന്നത്.
അതേസമയം പാകിസ്താനിലേക്ക് ചൈന പണമൊഴുക്കുന്നത് വരാനിരിക്കുന്ന ആപത്തായാണ് തദ്ദേശിയരും പരിസ്ഥിതി പ്രവര്‍ത്തകരും മനസിലാക്കുന്നത്. സ്വതേ ഊര്‍ജ പ്രതിസന്ധിയുള്ള പാകിസ്താനിലെ ഈ പ്രവിശ്യയില്‍ 10000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമവും പദ്ധതിയിലുള്‍പ്പെടുത്തിയത് ഇത് മുന്നില്‍ കണ്ടാണ്. ആധുനിക സാങ്കേതികത മാറ്റിവച്ച് കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണ് വൈദ്യുതി ഉല്‍പാദനത്തിന് ചൈന ഉപയോഗിക്കുന്നത്. ഇത് ഈ പദ്ധതി കാലതാസമുണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്നും കാണാം.
ചൈനയില്‍ അധികോല്‍പാദനമുള്ള ഗ്ലാസ്, സ്റ്റീല്‍, സിമെന്റ് എന്നിവ പദ്ധതിയില്‍ ഏറെ മുടക്കില്ലാതെ ഉപയോഗിക്കാം. അവരുടെ ഏറ്റവും വലിയ മേന്‍മയായ മനുഷ്യവിഭവശേഷിയും നിര്‍ലോഭം ഉപയോഗിക്കാം. ഇതൊക്കെ പദ്ധതിയുടെ ചെലവ് ചുരുക്കും. യുദ്ധസ്ഥലത്ത് തങ്ങളുടെ പട്ടാളത്തെ അയച്ച് സഖ്യരാജ്യത്ത് കോളനിയുണ്ടാക്കുന്ന അമേരിക്കന്‍ വല്യേട്ടന്‍ നയമാണിതെന്ന് അറിയാന്‍ ഏറെ ജ്ഞാനമാവശ്യമില്ല. അത് വികസനത്തിന്റെ പേരിലാവുമ്പോള്‍ സംശയിക്കുകയുമില്ല. തങ്ങളുടെ ആയിരക്കണക്കിന് പൗരന്‍മാരെ പാകിസ്താന്റെ ചെലവില്‍ പണിസ്ഥലത്ത് പാര്‍പ്പിക്കാമെന്ന് ചൈന കണക്കുകൂട്ടുന്നത് ഈ പുതിയ തന്ത്രമാണ്. പദ്ധതിയിലൂടെ പാകിസ്താന്റെ മുതുകില്‍ ചവിട്ടി തങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്താമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. സ്വന്തം കമ്പനികളും തൊഴിലാളികളും പണം സ്വന്തം രാജ്യത്തെത്തിക്കുമെന്നും ചൈനയ്ക്കറിയാം.
അടി പാകിസ്താനുതന്നെ
പ്രത്യക്ഷത്തില്‍ ചൈനയുടേത് സ്‌നേഹമസൃണമായ നീക്കമാണെന്ന് പാകിസ്താന് തോന്നിയേക്കാമെങ്കിലും അത് തെറ്റിദ്ധാരണയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയുമായുള്ള ഭിന്നത മാത്രമാണ് പാക്-ചൈന ബന്ധത്തിന്റെ കാതല്‍. അതു നന്നായി മനസിലാക്കിത്തന്നെയാണ് പാകിസ്താനെ ചാക്കിടാന്‍ ചൈന ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതും.പാകിസ്താനെ രാഷ്ട്രീയമായും സാമ്പത്തികപരമായും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഇതിലൂടെ ചൈനയ്ക്ക് സാധിക്കും. 2030ല്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതി ആരംഭിച്ചതോടെ പാകിസ്താന് ചൈനയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ ഞെരിയേണ്ട സ്ഥിതിയാണുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ചൈനയ്ക്ക് പാദസേവ ചെയ്യുന്ന പാകിസ്താനെയാവും ഇനി കാണേണ്ടി വരിക.
വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ പാകിസ്താനെക്കൊണ്ട് വായ്പയെടുപ്പിക്കാന്‍ ഈ പദ്ധതിയുടെ പേരില്‍ ചൈനയ്ക്കാവുമെന്നും ഗ്രീസിനുണ്ടായതിനേക്കാള്‍ വലിയ പ്രത്യാഘാതമാണ് പാകിസ്താന്‍ നേരിടാന്‍ പോകുന്നതെന്നും ഡോ.കൈസര്‍ ബംഗാളിയുള്‍പ്പെടെ ആ രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍തന്നെ മുന്നറിയിപ്പ് നല്‍കുന്നതും ഇത് മനസിലാക്കിയാണ്.
നിലവില്‍ എട്ടു ശതമാനം പലിശയാണ് ചെലവഴിക്കുന്ന തുകയ്ക്ക് ചൈന പാകിസ്താനില്‍ നിന്ന് ഈടാക്കുക. സാമ്പത്തിക ഇടനാഴി പാകിസ്താന് നല്ലതാണെന്ന് സ്വന്തം ജനതയില്‍ തോന്നലുണ്ടാക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തുന്ന ശ്രമങ്ങളെയും ഇക്കൂട്ടര്‍ അപലപിക്കുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുന്‍പ് അനുഭവിച്ചറിഞ്ഞ പാഠങ്ങള്‍ ഒന്നു മറിച്ചുനോക്കാന്‍ പോലും പാവം പാകിസ്താന് കഴിയുന്നില്ലെന്നുള്ളത് ദയനീയമാണ്.
പാകിസ്താന്‍ ഇപ്പോള്‍ത്തന്നെ ചൈനയ്ക്ക് 28 ബില്യന്‍ ഡോളര്‍ നല്‍കാനുണ്ട്. ഇതുകൂടാതെ 73 ബില്യന്‍ ഡോളറിന്റെ മറ്റ് അന്താരാഷ്ട്ര കടങ്ങള്‍ വേറെയും. ഇതിനുപുറമേ പുതിയ പദ്ധതിയില്‍ വായ്പ എടുക്കുന്നതോടെ സാമ്പത്തികത്തകര്‍ച്ച പാകിസ്താനില്‍ ആസന്നമായിരിക്കുന്നു.
ആശങ്ക ഏറെ ഇന്ത്യക്ക്
പ്രഖ്യാപിത സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന കശ്മിരിലൂടെയാണ്. ഇപ്പോള്‍ തന്നെ പാകിസ്താനും ഇന്ത്യയും തമ്മില്‍ ഈ ഭൂപ്രദേശത്തെ സംബന്ധിച്ച് തര്‍ക്കത്തിലിരിക്കേ ഒരു മൂന്നാം രാജ്യത്തെ ആ പ്രദേശത്തേക്ക് പ്രവേശിപ്പിക്കാനുള്ള പാക് ശ്രമം ഒരു വെല്ലുവിളിയായാണ് ഇന്ത്യ കാണുന്നത്.
കശ്മിര്‍ ഇന്ത്യ-പാക് പ്രശ്‌നമാണെന്നും തങ്ങള്‍ അതില്‍ ഇടപെടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ചൈന സൗകര്യപൂര്‍വം അക്കാര്യം മറന്ന് തര്‍ക്ക പ്രദേശത്തുകൂടി തന്നെ സാമ്പത്തിക ഇടനാഴിയുമായി എത്തുന്നത് ഇന്ത്യക്ക് ആശങ്കക്ക് കാരണമാണെന്ന് എടുത്തുപറയേണ്ടതില്ല. സാമ്പത്തിക ഇടനാഴി പാകിസ്താനെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന വിലയിരുത്തലുകള്‍ അയല്‍ രാജ്യമായ ഇന്ത്യക്ക് ഭീഷണിയാണ്. വരുംകാലത്ത് പാകിസ്താനില്‍ നിന്ന് അഭയാര്‍ഥി പ്രവാഹമുണ്ടാവാനുള്ള സാധ്യതപോലും ഇന്ത്യ മുന്‍കൂട്ടി കാണുന്നു.
അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ വിഷയം ആശങ്ക ഉയര്‍ത്തുന്നതില്‍ പ്രധാന കാരണങ്ങളിലൊന്നാണിത്. മാത്രമല്ല, കശ്മിര്‍ വഴിതന്നെ സാമ്പത്തിക ഇടനാഴിക്ക് ശ്രമിക്കുന്നത് ഈ പ്രവിശ്യ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കാനാണെന്നും വാദമുണ്ട്. അതുപോലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന കൂടുതല്‍ ശക്തി ആര്‍ജിക്കുന്നതും ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
ഇന്ത്യയുടെ ആശങ്കകള്‍ മനസിലാക്കിയിട്ടെന്നവണ്ണം സാമ്പത്തിക ഇടനാഴിയുടെ പേരുപോലും മാറ്റാന്‍ തയാറാണെന്ന മട്ടില്‍ ചൈന പ്രസ്താവനകളിറക്കുന്നത് എങ്ങനെയും പദ്ധതി എതിര്‍പ്പുകള്‍ മറികടന്ന് സുഗമമായി മുന്നോട്ടുപോകാനാണ്. കാര്യം കഴിഞ്ഞശേഷമാവാം വെല്ലുവിളിയെന്ന നയം ചൈന പണ്ടും പയറ്റിയിട്ടുമുണ്ട്.
പദ്ധതി പ്രദേശമായ ബലൂചിസ്താനില്‍ സുരക്ഷയുടെ പേരില്‍ പാകിസ്താന്‍ സൈന്യത്തെ നിയോഗിച്ചിരിക്കുന്നത് ഇവിടെ ജനജീവിതം ദുഷ്‌കരമാക്കിയിരിക്കുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."