മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മാനദണ്ഡം വ്യക്തമാക്കണമെന്ന് ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു.
ദുരിതാശ്വാസ നിധിയില്‍നിന്ന് തുക അനുവദിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ ഉത്തരവുകളും സ്‌കീമുകളും ഹാജരാക്കുവാന്‍ ചീഫ് സെക്രട്ടറിക്ക് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി മുന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ശശികുമാര്‍ ആണ് ലോകായുക്തയില്‍ പരാതി നല്‍കിയത്.
എന്‍.സി.പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എം.എല്‍.എ ആയിരുന്ന രാമചന്ദ്രന്‍ നായരുടെ സ്വകാര്യ കടങ്ങളായ കാര്‍ വായ്പയും സ്വര്‍ണ വായ്പയും വീട്ടുന്നതിന് എട്ടര ലക്ഷത്തിലധികം രൂപയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട പൊലിസുകാരന്റെ കുടുംബത്തിന് നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് കാബിനറ്റ് തീരുമാന പ്രകാരം നല്‍കിയതിനെതിരേയാണ് പരാതി. മന്ത്രിസഭയില്‍ അജന്‍ഡക്ക് പുറമേ എടുത്ത ഈ തീരുമാനങ്ങള്‍ അഴിമതിയും അനീതിയും സ്വജനപക്ഷപാതവുമാണെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."