ടാങ്ക്‌വേധ മിസൈലായ നാഗിന്റെ പരീക്ഷണം വിജയം
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ടാങ്ക് വേധ മിസൈലായ നാഗ് വിജയകരമായി പരീക്ഷിച്ചു. രാത്രിയും പകലുമായി വ്യത്യസ്ത സമയങ്ങളിലായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയത്. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മിസൈലിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പുള്ള അവസാനവട്ട പരീക്ഷണമാണ് പൊഖ്‌റാന്‍ ഫയറിങ് റേഞ്ചില്‍ നടന്നത്.
മൂന്ന് സാഹചര്യത്തിലും മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചെന്ന് ഡി.ആര്‍.ഡി.ഒ പറയുന്നു. കരസേനയില്‍ മിസൈല്‍ സംവിധാനം ഉള്‍പ്പെടുത്താന്‍ 524 കോടിയുടെ പദ്ധതിക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്.
നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ധിക്കും. കര ആക്രമണത്തില്‍ സൈന്യത്തിന് മുതല്‍കൂട്ടാകുന്ന ആയുധമാണ് നാഗ് മിസൈല്‍. ഇതിന്റെ കാര്യക്ഷമത കൂടുതല്‍ ഉറപ്പാക്കുന്നതിനാണ് ഇന്നലെ പരീക്ഷണം നടത്തിയത്. നാല് കിലോമീറ്റര്‍ പ്രഹരപരിധിയുള്ള നാഗ് മിസൈല്‍ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം. തെര്‍മല്‍ ഇമേജിങ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച് ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."