ഇത് ജീവിതമാണ് മാഷേ ജീവിതം
കാട്ടാക്കട: കഴുത്തില്‍ കെട്ടിയ മണികളുടെ കിലുക്കവുമായി കാര്‍ഷിക വിഭവങ്ങള്‍ നിറഞ്ഞ റാന്തല്‍ വെളിച്ചത്തില്‍ പാതയിലൂടെ ഇഴഞ്ഞുനീങ്ങുന്ന കാളവണ്ടി കൂട്ടങ്ങളും കാളവണ്ടിക്കാരന്റെ മുഴങ്ങുന്ന ഒച്ചയും. പഴയകാല നാട്ടിന്‍പുറത്തെ സ്മരണകള്‍ ഉണര്‍ത്തുന്ന സുന്ദരകാഴ്ചയുടെ പിന്നാമ്പുറമായി ഇതാ ബാബു. കുണ്ടമണ്‍കടവ് സ്വദേശി ബാബുവിന് ഇത് ജീവിതമാണ്. കഴിഞ്ഞ 30 വര്‍ഷമായി അന്നം തരുന്ന ജീവിത ഉപാധി. മാത്രമല്ല നിരവധി പരിഷ്‌ക്കാരങ്ങള്‍ തിങ്ങി നിറഞ്ഞ റോഡില്‍ വന്നിട്ടും ഉപേക്ഷിക്കാതെ കൂടപിറപ്പിനെ പോലെ കാക്കുന്നുമുണ്ട്.
കാട്ടാക്കട മുതല്‍ തലസ്ഥാനം വരെയുള്ള യാത്രക്കാരുടെ നിത്യ കാഴ്ചയാണ് ബാബുവും തന്റെ കാളവണ്ടിയും. രാവിലെയും വൈകിട്ടും ചരക്കുകളുമായി അങ്ങോട്ടും ഇങ്ങോട്ടും പോയി വരുന്ന കാളവണ്ടിയും ചുണകുട്ടന്മാരായ കാളകളും ഈ റോഡിന് പരിചിതം. കഴിഞ്ഞ 30 വര്‍ഷമായി കാള വണ്ടിയില്‍ ജീവിതം തുടങ്ങിയ ബാബു അത് ഇന്നും ഉപേക്ഷിച്ചിട്ടില്ല. ഒരു കാലത്ത് എന്തിനും ഏതിനും കാളവണ്ടികള്‍ മാത്രമായിരുന്ന സമയത്താണ് ജീവിതം പച്ചപിടിപ്പിക്കാന്‍ ബാബും കാളവണ്ടിയുടെ മുഴക്കോല്‍ ഏന്തിയത്.
അന്ന് കാട്ടാക്കട ചന്തയിലും ചാലയിലും പോകണമെങ്കില്‍ കാളവണ്ടി തന്നെ വേണം. ജീവിതം സുഖകരമായി നീങ്ങിയത് കാളവണ്ടിയുടെ സമ്പാദ്യം കൊണ്ടു തന്നെ. അതിനാല്‍ കൂടപിറപ്പിനെ പോലെ കാളകളെയും വണ്ടിയെയും ബാബു കരുതി. കാലം മാറി, കാളവണ്ടികള്‍ റോഡില്‍ നിന്നും അപ്രത്യക്ഷമായി. മോട്ടോര്‍ വാഹനങ്ങള്‍ പിടിമുറുക്കിയപ്പോള്‍ പലരും കാളവണ്ടികള്‍ ഉപേക്ഷിച്ചു. എന്നാല്‍ ബാബു അതിന് തയ്യാറായില്ല. നിരവധി തവണ രോഗികളേയും എന്തിന് ഗര്‍ഭിണികളെവരെ ആശുപത്രിയില്‍ എത്തിച്ച നിരവധി പേരെ രക്ഷിച്ച തന്റെ ജീവിതം പച്ചപിടിപ്പിച്ച കാള വണ്ടിയെ തള്ളാന്‍ തയ്യാറായില്ല. ഇന്നും തന്റെ ജീവിതത്തിനായി കാള വണ്ടി യുമായി ബാബു യാത്ര തുടരുകയാണ്. വാഹനങ്ങള്‍ തിങ്ങി നെരുങ്ങി പോകുമ്പോള്‍ തന്റെ വണ്ടിയില്‍ സുഖകരമായി പോകുന്ന ബാബു ഇന്നും പലര്‍ക്കും അത്ഭുതമാണ്. ഇപ്പോഴും തനിക്ക് ഓട്ടം നിരവധിയാണെന്ന് ബാബു പറഞ്ഞു. ചന്തകളിലും പോകാനും അവിടെ നിന്നും സാധനങ്ങള്‍ കൊണ്ടുവരാനും പലരും ബാബുവിനെ ആശ്രയിക്കുന്നു. കാര്‍ഷിക വിഭവങ്ങള്‍ ചന്തകളില്‍ എത്തിക്കാന്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും വിശ്വാസം ബാബുവിനെ തന്നെ.
അറുത്തുമാറ്റിയ തടികള്‍ കൊണ്ടുപോകുന്നത് ഉള്‍പ്പടെ എന്തിനും ഇപ്പോഴും ബാബു തയ്യാര്‍. കാളകള്‍ക്ക് പരിചരണം നല്‍കാന്‍ ബാബു മക്കളുടെ സ്ഥാനം തന്നെ നല്‍കുന്നു. അതു പോലെ തന്നെ കാളവണ്ടി മിനുക്കാനും ബാബു പ്രത്യേക സമയം കണ്ടെത്തും. തന്റെ മരണം വരെയും ഈ കാള വണ്ടി തന്റെ കൂടെ ഉണ്ടാകുമെന്ന് ബാബു പറയുന്നു. തലസ്ഥാനത്ത് സമരം നടക്കുമ്പോഴും സാംസ്‌ക്കാരിക സമന്വയങ്ങള്‍ക്കും മറ്റും കാള വണ്ടി വേണമെങ്കില്‍ ആകെയുള്ള ആശ്വാസം ബാബു തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."