ഡല്‍ഹിയില്‍ ജനസേവനത്തില്‍ കേന്ദ്രത്തേക്കാള്‍ മുന്നില്‍ ആംആദ്മി സര്‍ക്കാര്‍: എ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ
കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വാളാട് വെണ്ണോറയില്‍ പാലം നിര്‍മിക്കുമെന്ന് ഡല്‍ഹിയിലെ ജങ്പുര നിയോജക മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
പ്രളയാനന്തരമുള്ള ദുരിതാശ്വാസ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട് സന്ദര്‍ശിച്ച അദ്ദേഹം കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വയനാടിന്റെ പുനര്‍നിര്‍മാണ പദ്ധതിയില്‍ ഈ പാലം ഉള്‍പ്പെടുത്താന്‍ താന്‍ ഡല്‍ഹി സര്‍ക്കാര്‍ വഴി കേരള സര്‍ക്കാരിനോട് ആവശ്യപ്പെടും. മുഴുവന്‍ ആം ആദ്മി എം.എല്‍.എമാരുടെയും എം.പിമാരുടെയും ഒരു മാസത്തെ ശമ്പളവും ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ വേതനവും കൂടാതെ പത്ത് കോടി രൂപയും കേരളത്തിന് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമം ദത്തെടുക്കാന്‍ തീരുമാനമെടുത്ത സഞ്ജയ് സിങിന് പുറമെ തന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ പ്രത്യേക അനുമതി തേടിയിട്ടുണ്ടന്നും പ്രവീണ്‍ കുമാര്‍ എം.എല്‍.എ പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മത്സരിച്ചിട്ട് കാര്യമില്ലെന്നും അരവിന്ദ് കെജരിവാള്‍ നേതൃത്വം കൊടുക്കുന്ന ആം ആദ്മി സര്‍ക്കാരിന് തന്നെയാണ് ഇതില്‍ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേരികളുടെയും റോഡുകളുടെയും വികസനം മുതല്‍ ഹൈടെക് വികസനം വരെ സാധ്യമാക്കാന്‍ സംസ്ഥാന ഭരണത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ജലവിതരണം, വൈദ്യുതി, ടോയ്‌ലറ്റ്, വിദ്യാഭ്യാസം ,ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യത്തില്‍ ഉയര്‍ന്ന നിലവാരവും വളര്‍ച്ചയുമാണ് ഉണ്ടായിട്ടുള്ളത്. ഡല്‍ഹിയില്‍ പിസ്സ മാത്രമല്ല 1076 എന്ന നമ്പറിലേക്ക് ഒരു ഫോണ്‍ ചെയ്താല്‍ സര്‍ക്കാരും വീട്ടിലെത്തും. ഇത്തരത്തില്‍ നാല്‍പത് സേവനങ്ങള്‍ നല്‍കുന്നുണ്ട്. അധികം താമസിയാതെ ഈ സേവനങ്ങളുടെ എണ്ണം നൂറ് ആക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."