തകര്‍ന്ന മാള ടൗണിന്റെ പുനര്‍നിര്‍മാണം അനിശ്ചിതമായി നീളുന്നു
മാള: പ്രളയം തകര്‍ത്ത മാള ടൗണിന്റെ പുനര്‍നിര്‍മാണം അനിശ്ചിതമായി നീളുന്നു.
പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴും പ്രളയം തകര്‍ത്തെറിഞ്ഞ മാളയുടെ മുഖം വികൃതമായി തന്നെ തുടരുകയാണ്. തകര്‍ന്ന റോഡുകളും തോടുകളും പാലങ്ങളും എന്ന് പുനര്‍നിര്‍മ്മിക്കുമെന്ന് ആര്‍ക്കും പറയാനാകുന്നില്ല. ബസ്സ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ നിര്‍മിതികളും കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറുമടക്കമാണ് പ്രളയം തകര്‍ത്തത്. പ്രളയം പഞ്ചായത്തിന് വരുത്തിയ കഷ്ടനഷ്ടങ്ങളുടെ വ്യാപ്തി പോലും കണക്കാക്കാനായിട്ടില്ല.
ഇക്കാര്യത്തില്‍ പഞ്ചായത്തധികൃതരും ഇരുട്ടില്‍ തപ്പുകയാണ്. ഗതിമാറിയെത്തിയ പുഴ മാളക്കുളത്തേയും അവിടത്തെ നിര്‍മിതികളേയും തൂത്തെറിഞ്ഞാണ് നെയ്തക്കുടി പാടശേഖരത്തിലേക്ക് കടന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ലോകബാങ്ക് സഹായത്തോടെ 12 ലക്ഷം രൂപ ചെലവില്‍ നടത്തിയ നിര്‍മിതികളെല്ലാം നശിച്ചു. കുളത്തിന്റെ കിഴക്ക് ഭാഗം പൂര്‍ണമായി ഇടിഞ്ഞു. മറ്റ് ഭാഗങ്ങളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കുളത്തിന് ചുറ്റിലും സ്ഥപിച്ചിരുന്ന കൈവരികളും നടപ്പാതയിലെ സിമന്റ് ടൈലുകളും ഇളകിമാറി.
പുനര്‍നിര്‍മാണത്തിന് 25 ലക്ഷം രുപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. പ്രളയത്തിലെ കുത്തൊഴുക്കില്‍ ടൗണ്‍റോഡും കെ.കെ റോഡും ഭാഗികമായി ഒളിച്ചുപോയി. വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഈ ഗര്‍ത്തങ്ങളിലൂടെയാണ് ഒരുമാസം പിന്നിട്ടപ്പോഴും പണിപ്പെട്ട് വാഹനങ്ങള്‍ ഓടിക്കുന്നത്. കുഴികളടക്കുവാനെങ്കിലും നടപടിയായിട്ടില്ല. ടൗണ്‍ റോഡ് പൊതുമരാമത്ത് വകുപ്പിന്റേയും കെ.കെ റോഡ് ജില്ലാ പഞ്ചായത്തിന്റേയും അധീനതയിലാണ്. കൊടവത്തുകുന്നിലെ റോഡ് രണ്ടിടങ്ങളിലായി ഒലിച്ചുപോയി. പാലവും ഭാഗികമായി തകര്‍ന്നു. ഗതിമാറിയ പുഴയാണ് ഇവിടേയും നാശം വിതച്ചത്. 300 മീറ്ററോളം റോഡും അനുബന്ധപാലവും പുനര്‍ നിര്‍മിക്കണം. ഇതിനായി പൊതുമരാമത്ത് വകുപ്പ് പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുന്നുണ്ട്. ദുരന്തനിവാരണത്തില്‍ ഉള്‍പ്പെടുത്തി തുക ലഭിക്കുന്ന മുറക്കേ നിര്‍മാണം നടക്കു.
റോഡ് മണ്ണിട്ട് നികത്തി ഗതാഗതം പുനസ്ഥാപിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി കോട്ടമുറികൊടവത്തുകുന്ന് റോഡില്‍ ഗതാഗതം നിലച്ചിരിക്കയായിരുന്നു. കഴിഞ്ഞ ദിവസം ശ്രമധാനത്തിലൂടെ റോഡിന്റെ തകര്‍ന്ന ഭാഗം മണ്ണിട്ടുയര്‍ത്തിയെങ്കിലും എത്രനാള്‍ മഴയെ അതിജീവിക്കുമെന്നത് സംശയകരമാണ്.
പ്രളയത്തിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ പ്രയാസം അനുഭവിക്കുന്നുണ്ട് വ്യാപാരികളും. സാധനസാമഗ്രികളെല്ലാം മാറ്റി കടമുറികല്‍ വൃത്തിയാക്കി വീണ്ടും അതിജീവനത്തിന്റെ പാതയിലാണ് വ്യാപാരികള്‍. പകുതിയോളം കടമുറികള്‍ ഇതിനകം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ലക്ഷങ്ങള്‍ മുടക്കി വീണ്ടും കടമുറികള്‍ തുറക്കാന്‍ സാധിക്കാത്തവുരുമുണ്ട്. മുങ്ങിയവയില്‍ സബ്ബ് ട്രഷറി, ബാങ്കുകള്‍, ലാഭം ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയും ഉള്‍പ്പെടും. ഏതാനും ദിവസം മുന്‍പ് മാത്രമാണ് ട്രഷറിയുടെ പ്രവര്‍ത്തനം ഭാഗികമായി പുനഃരാരംഭിക്കാനായത്. ലാഭം മാര്‍ക്കറ്റ് ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സ്റ്റേറ്റ് ബാങ്കിന്റെ ശാഖയും തുറന്നിട്ടില്ല. താല്‍ക്കാലികമായി എസ് ബി ഐയുടെ പ്രവര്‍ത്തനം പൊയ്യ ബ്രാഞ്ചിലേക്ക് മാറ്റിയിരിക്കയാണ്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പരാതികളില്ലാതെ പൂര്‍ത്തിയായി. ക്യാംപുകളുടെ പ്രവര്‍ത്തനം, വൈദ്യുതി പുനസ്ഥാപിക്കല്‍, ശുചീകരണം എന്നിവയുടെ പ്രവര്‍ത്തനം കുറ്റമറ്റനിലയിലായിരുന്നു. സന്നദ്ധ സംഘടനകളും സൈനികരും പൊലിസും കൈകോര്‍ത്തായിരുന്നു പ്രവര്‍ത്തനം.
എന്നാല്‍ പുനര്‍നിര്‍മാണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ വേഗത നഷ്ടമാകുകയാണ്. ഇത് എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് ആര്‍ക്കും പറയാനാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."