പാകിസ്താനിലെ നിര്‍ബന്ധിത വിവാഹം: ഇന്ത്യന്‍ യുവതിക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് കോടതി
ഇസ്ലാമാബാദ്: പാക് യുവാവിനെ നിര്‍ബന്ധിത വിവാഹം കഴിക്കേണ്ടിവന്ന ഡല്‍ഹി സ്വദേശിയായ യുവതിക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് പാക് കോടതി. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഉസ്മ അഹ്്മദ് എന്ന യുവതിക്ക് ഇന്ത്യയിലേക്ക് മടങ്ങാമെന്ന് ഉത്തരവിട്ടത്. തന്നെ പാക് പൗരന് താഹിര്‍ അലി നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിച്ചെന്ന് യുവതി കോടതിയില്‍ പറഞ്ഞിരുന്നു.
ബന്ധുക്കളെ കാണാന്‍ പാകിസ്താനിലെത്തിയതായിരുന്നു യുവതി. ഖൈബര്‍ പ്രവിശ്യയിലെ ബുനെര്‍ സ്വദേശിയായ താഹിര്‍ അലിയാണ് തോക്കിന് മുനയില്‍ നിര്‍ത്തി ഇവരെ വിവാഹം ചെയ്തത്.
ഭര്‍ത്താവിനെ കോടതിയില്‍ കാണണമോയെന്ന് ജഡ്ജി മുഹ്സിന് അക്തര്‍ കയാനി ചോദിച്ചെങ്കിലും യുവതി നിരസിച്ചു.
യുവതിയെ വാഗാ അതിര്‍ത്തിയില്‍ പൊലിസ് സുരക്ഷയോടെ എത്തിക്കാന്‍ പിന്നീട് കോടതി ഉത്തരവിട്ടു. ഉത്തരവിനു പിന്നാലെ യുവതി ഇന്ത്യന്‍ ഹൈക്കമ്മിഷനിലെത്തി.
നാട്ടിലേക്ക് പോകാനുള്ള രേഖകള്‍ ശരിയാകുന്നതുവരെ ഉസ്മ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ താമസിക്കും. തന്നെ അലി മര്‍ദിച്ചെന്നും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ മൊഴി. ഉറക്കഗുളിക നല്കി പീഡിപ്പിച്ചുവെന്നും യുവതി കോടതിയില്‍ പറഞ്ഞു. വാഗാ അതിര്‍ത്തിയിലൂടെ മെയ് ഒന്നിനാണ് ഉസ്മ പാകിസ്താനിലെത്തിയത്. രണ്ടു ദിവസം കഴിഞ്ഞായിരുന്നു നിര്‍ബന്ധിത വിവാഹം. ഭാര്യയെ വിട്ടുകിട്ടണമെന്ന അലിയുടെ വാദം കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."