ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക കുറാഞ്ചേരി ദുരന്തബാധിതര്‍ക്ക്
വടക്കാഞ്ചേരി: കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവര്‍ക്കുമായി ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക സംഭാവന നല്‍കി റിട്ടയേര്‍സ് എസ്.ഐ യുടെ കാരുണ്യ സേവനം.
നെല്ലുവായ് സ്വദേശി തറയില്‍ വര്‍ഗീസ് ആണ് മനുഷ്യ സ്‌നേഹത്തിന്റെ നന്മ നിറഞ്ഞ പ്രതീകമായത്. വടക്കാഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തലപ്പിള്ളി സബ്ട്രഷറിയില്‍ എത്തി ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകക്കുള്ള ചെക്ക് നല്‍കുകയായിരുന്നു. സബ് ട്രഷറി ജീവനക്കാരനായ എ.എം റഷീദീനാണ് ചെക്കു കൈമാറിയത്.
കുറാഞ്ചേരി ദുരന്തത്തില്‍ മരണമടഞ്ഞ 19 പേരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തെക്കുംകര സ്വദേശി ബാലകൃഷ്ണനുമാണ് സഹായം നല്‍കിയത്. പ്രളയ ദുരന്തത്തെ തുടര്‍ന്ന് കുറാഞ്ചേരിയില്‍ നടക്കുന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വപരമായ ഇടപെടല്‍ നടത്തുന്ന തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍ കുമാറുമായി ആലോചിച്ചാണ് ദുരന്തബാധിതരെ സഹായിക്കാന്‍ തീരുമാനിച്ചത്.
ഇതിനായി തലപ്പിള്ളി തഹസില്‍ദാരുമായി ബന്ധപ്പെട്ട് മരിച്ചവരുടെ ബന്ധുക്കളുടെ പേരു വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും ശേഖരിച്ചു. എല്ലാവരുടേയും അക്കൗണ്ടിലേക്ക് തുല്യമായി പണം നിക്ഷേപിക്കുന്നതിനുള്ള ചെക്ക് സബ് ട്രഷറി ജീവനക്കാരനായ എ.എം റഷീദിനു കൈമാറി. വര്‍ഗീസും ഭാര്യ റിട്ടയേര്‍ഡ് അധ്യാപികയുമായ അന്നയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കിയിരുന്നു.
കൂടാതെ ആലപ്പുഴയിലെ ദുരന്തബാധിതരായ നിരവധി പേര്‍ക്കും സഹായങ്ങള്‍ എത്തിച്ചു. ഭാര്യ അന്ന ടീച്ചര്‍ ദീര്‍ഘകാലമായി ഫിസിയോതെറാപ്പി ചികിത്സയിലാണ്. രോഗം മൂലമുള്ള ദുരിതജീവിതത്തിനിടയിലും ഭര്‍ത്താവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയാണ് അന്ന ടീച്ചര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."