മൈന്‍ ഭീഷണി അവഗണിച്ച് അതിര്‍ത്തിയില്‍ മാനവികതയുടെ പുതുചരിത്രം രചിച്ച് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: മൈന്‍ ഭീഷണി അവഗണിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ദൗത്യം ജനങ്ങള്‍ക്ക് നല്‍കുന്നത് മാനവികതയുടെ പുതിയ സന്ദേശം. പാക് ഗ്രാമത്തിലെ ഏഴു വയസുകാരന്റെ മൃതദേഹം നദിയിലൂടെ ഒഴുകി വരുന്നത് കണ്ടതോടെയാണ് മനുഷ്യത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഇന്ത്യന്‍ സൈന്യം ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. പ്രതിബന്ധങ്ങള്‍ തട്ടിയകറ്റി മൃതദേഹം നദിയില്‍നിന്ന് പുറത്തെടുത്ത് പാക് സൈന്യത്തിന് കൈമാറിയാണ് പുതിയൊരു സന്ദേശം രചിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ പോലും അവഗണിച്ചായിരുന്നു സൈന്യത്തിന്റെ നീക്കം.
പാക് അധീന കശ്മിരിലെ മിനിമാര്‍ഗ് അസ്തൂര്‍ സ്വദേശിയായ ആബിദ് ഷെയ്ക് എന്ന ബാലന്റെ മൃതദേഹമാണ് കൃഷ്ണ നദിയിലൂടെ ഗുര്‍സ താഴ്‌വരയിലെ അച്ചൂര ഗ്രാമത്തില്‍ ഒഴുകിയെത്തിയത്.
മകനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കുട്ടിയുടെ ഫോട്ടോയും നല്‍കിയിരുന്നു. പാകിസ്താനില്‍നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹമാണ് അച്ചൂരയില്‍ എത്തിയതെന്ന് തിരിച്ചറിഞ്ഞതോടെ ബന്ദിപ്പോര ഡെപ്യൂട്ടി കമ്മിഷനര്‍ ഷബാസ് മിശ്ര ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് മൃതദേഹം നദിയില്‍നിന്ന് പുറത്തെടുക്കുകയായിരുന്നു.
മഞ്ഞുമലകളില്‍ നിന്ന് വെട്ടിയെടുത്ത ഐസ് പാളികള്‍ ഉപയോഗിച്ച് മൃതദേഹം കേടുവരാതെ ഗ്രാമീണര്‍ സംരക്ഷിച്ചു. മൃതദേഹം ഔദ്യോഗിക കൈമാറ്റങ്ങള്‍ നടത്തുന്ന കുപ്‌വാരയിലെ തീത്വാള്‍ ക്രോസില്‍വച്ച് നടത്തണമെന്ന് പാകിസ്താന്‍ നിലപാടെടുത്തു. അച്ചൂരയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണിത്. എന്നാല്‍ ഗുര്‍സ താഴ്‌വരില്‍ വച്ചുതന്നെ മൃതദേഹം കൈമാറാമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഇവിടെ പാകിയ മൈനുകളായിരുന്നു പാക് സൈന്യത്തെ ആശങ്കയിലാക്കിയത്. എന്നാല്‍ അപകടം നിറഞ്ഞ പ്രദേശത്തിലൂടെ സഞ്ചരിച്ച് ഇന്ത്യന്‍ സൈന്യം മൃതദേഹം പാകിസ്താന് കൈമാറി. സംഭവത്തെ ഇരു രാജ്യത്തെയും ഗ്രാമവാസികള്‍ സ്വാഗതം ചെയ്തു. മനുഷ്യത്വത്തിന്റെ പേരില്‍ രണ്ടു രാജ്യങ്ങളും വിദ്വേഷം മറന്നുവെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."