HOME
DETAILS
MAL
കിം മടങ്ങി
backup
December 12 2020 | 03:12 AM
തിരുവനന്തപുരം: വൃശ്ചികക്കുളിരേറ്റ് സിനിമാതീര്ഥാടകരൊഴുകിയെത്തുന്ന തലസ്ഥാനത്തെരുവുകളില് ഒരു പിടി വിസ്മയക്കാഴ്ചകളുമായി ഇനി കിം കി ഡുക്ക് എത്തില്ല. ഐ.എഫ്.എഫ്.കെ എന്ന സിനിമാ തീര്‍ഥാടന കാലത്തെ വസന്തമായിരുന്നു കിം കി ഡുക്ക്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അരങ്ങുണരുമ്പോള്‍ ഒരു പക്ഷേ ആദ്യം കേള്‍ക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് 'കിം കി ഡുക്കിന്റെ പടമില്ലേ?' എന്നാണ്, അല്ലെങ്കില്‍ 'കിം കി ഡുക് വരുമോ' എന്ന്.
കൊവിഡിനിടെ നിശ്ചലമായ കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്ര മേളയുടെ നടപ്പു കാലത്തു തന്നെ കിം കി ഡുക്കും യാത്രയാകുന്നു എന്നത് കാലത്തിന്റെ നിയോഗം. മാറ്റിവച്ചില്ലായിരുന്നെങ്കില്‍ ഐ.എഫ്.എഫ്.കെയില്‍ ഒരുപക്ഷേ ഇത്തവണയും കിമ്മിന്റെ പുതിയ സിനിമ എത്തിയേനെ.
ഒരു വിസ്മയവുമായാണ് 2005ല്‍ ആദ്യമായി കിം കി ഡുക് എന്ന കൊറിയന്‍ സംവിധായകന് കേരളത്തിലെത്തിയത്. 'സ്പ്രിങ് സമ്മര്‍ ഫോള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിങ്'മായി എത്തിയ കിമ്മിനെ ചലച്ചിത്രപ്രേമികള്‍ നെഞ്ചോട് ചേര്‍ത്തു. 2005 ഐ.എഫ്.എഫ്.കെയില്‍ അദ്ദേഹത്തിന്റെ അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു- സാമരിറ്റന്‍ ഗേള്‍, ത്രീ അയേണ്‍ ബാഡ് ഗയ്, സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിങ്ങ്, ദ് ബോയ്. തിയേറ്ററുകളില്‍ സിനിമാപ്രേമികളുടെ വാഗണ്‍ ട്രാജഡി തീര്‍ക്കുകയായിരുന്നു കിം കി ഡുക്ക്. ടൈം, ബ്രെത്ത്, ഡ്രീം തുടങ്ങിയ ചിത്രങ്ങളുമായി വീണ്ടും അദ്ദേഹം എത്തി.
2007ല്‍ 'ഡ്രീം' സംവിധാനം ചെയ്തതിനു ശേഷം 2008ലും 2009ലും കിം എത്തിയില്ല. തന്റെ അപ്രത്യക്ഷമാകല്‍ കാലത്തെപ്പോലും കാമറയിലാക്കിയ 'അറിറാങ്' എന്ന ഡോക്യു ചിത്രവുമായി 2010ല്‍ അദ്ദേഹം മടങ്ങിയെത്തി. പിന്നീടങ്ങോട്ട് ആമേന്‍, പിയത്ത, മൊബിയസ്, വണ്‍ ഓണ്‍ വണ്‍, സ്റ്റോപ് ..ഒരുപിടി വിസ്മയങ്ങള്‍. ആദ്യകാലത്തെ ശാന്തത വിട്ട് വയലന്‍സും ലൈംഗികതയും കിമ്മിന്റെ സിനിമകളില്‍ അധികരിച്ചെന്ന് വിമര്‍ശനമുയര്‍ന്നു. 'അക്രമകാരിയായ ചലച്ചിത്രകാരന്' എന്നുവരെ മാധ്യമങ്ങള്‍ വിമര്ശിച്ചകാലം. ഇതേപ്പറ്റി ചോദിപ്പോള്‍, എല്ലാവരും ജീവിതത്തിന്റെ വെളിച്ചത്തെക്കുറിച്ച് സിനിമകളെടുക്കുന്നു, ഞാന്‍ ഇരുളിനെക്കുറിച്ചും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കടും നിറത്തില്‍ രചിക്കപ്പെട്ട ഒരു കവിത പോലെ അയാള്‍ കാലത്തെ അടയാളപ്പെടുത്തി. ഒടുവില്‍ സ്വന്തം സിനിമകളിലെ അപ്രതീക്ഷിത ഞെട്ടിക്കല്‍ പോലെ ഒരു ഞെട്ടല്‍ ബാക്കിയാക്കി കിം മറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."