നിപാ സംശയം: മെഡി. കോളജില്‍ ഒരുക്കിയത് വന്‍ സുരക്ഷ
സലീം മൂഴിക്കല്‍
ചേവായൂര്‍: പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചയാള്‍ക്ക് നിപായെന്ന പ്രചാരണം വ്യാപകമായതോടെ ആശുപത്രിയൊരുക്കിയത് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍. മേപ്പയ്യൂര്‍ സ്വദേശിയാണ് കഴിഞ്ഞദിവസം പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
മരിച്ചയാളുമായി ബന്ധപ്പെട്ട രണ്ടുപേര്‍ക്കു കൂടി പനി ബാധിച്ചതോടെയാണു മരണകാരണം നിപായാണെന്ന പ്രചാരണം ശക്തമായത്. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര സുരക്ഷാ സംവിധാനമൊരുക്കുകയായിരുന്നു. സാഹചര്യം നേരിടാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ ഒരുക്കിനിര്‍ത്തിയതോടൊപ്പം ആവശ്യത്തിനുള്ള നഴ്‌സുമാരെയും ജീവനക്കാരെയും തയാറാക്കി നിര്‍ത്തി. ജീവനക്കാര്‍ക്കും നഴ്‌സുമാര്‍ക്കും മാസ്‌ക് നല്‍കി. ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിച്ചു. പനിബാധിച്ചെത്തിയ മേപ്പയ്യൂര്‍ പ്രദേശത്തുള്ളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മരിച്ചയാളുടെ സ്രവം മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. രോഗകാരണം കണ്ടെത്താന്‍ പനിബാധിച്ചെത്തിയവരുടെയും സാംപിളുകള്‍ മണിപ്പാലിലേക്കയച്ചു. ഇവര്‍ക്ക് പ്രതിരോധ മരുന്നായ 75 മില്ലിഗ്രാമിന്റെ ഒസാള്‍ട്ടാമിവിര്‍ രണ്ടു നേരം നല്‍കുകയും ചെയ്തു.നിതാന്ത ജാഗ്രതയോടെ മറ്റൊരു ദുരന്തത്തെ നേരിടാനുള്ള തയാറെടുപ്പിലായിരുന്നു അധികൃതര്‍.
അതിനിടെ എച്ച് 1 എന്‍ 1 ബാധിച്ചാണ് മേപ്പയ്യൂര്‍ സ്വദേശി മരിച്ചതെന്ന മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വന്നു. ഇതോടെ മെഡിക്കല്‍ സംഘമടങ്ങുന്ന ആശുപത്രി അധികൃതര്‍ക്ക് ആശ്വാസമാവുകയായിരുന്നു. മരിച്ച രോഗി ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ നിപാക്ക് സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി സജിത് കുമാര്‍ പറഞ്ഞു.
രോഗിക്ക് ഡെങ്കി, എച്ച് 1 എന്‍ 1 എന്നിവയാണു സംശയിച്ചത്. നിപായെന്ന പ്രചാരണം വന്നതോടെ അതിനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇന്‍ഫെക്ഷന്‍ നിയന്ത്രണത്തിന്റെ ഭാഗമായാണ് മാസ്‌ക് ധരിച്ചതെന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരും സുഖം പ്രാപിച്ചു വരികയാണെന്നും സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."