നിലയ്ക്കുന്ന സാംസ്‌കാരിക നിലയങ്ങള്‍
സ്വാതന്ത്ര്യ ലബ്ധിക്കുമുന്‍പുതന്നെ ഇന്ത്യയില്‍ ആകാശവാണിയുടെ റേഡിയോ പ്രക്ഷേപണം ആരംഭിച്ചിരുന്നു. 1923 ജൂണില്‍ ബോംബെ റേഡിയോ ക്ലബ്ബ് ആദ്യത്തെ ഇന്ത്യന്‍ റേഡിയോ നിലയം തുടങ്ങിയതോടെയാണ് ഇന്ത്യയില്‍ റേഡിയോയുടെ ചരിത്രം ആരംഭിക്കുന്നത്. 1936 ജൂണിലാണ് ആകാശവാണി അഥവാ ആള്‍ ഇന്ത്യ റേഡിയോ ഔദ്യോഗികമായി നിലവില്‍ വന്നത്. ഏതാനും വന്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന പ്രക്ഷേപണ സംവിധാനമായിരുന്നു അക്കാലത്ത് ആകാശവാണിക്കുണ്ടായിരുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അധികാരത്തില്‍ വന്ന നെഹ്‌റു ഗവണ്‍മെന്റിന് ഇന്ത്യയുടെ സാമൂഹിക സാമ്പത്തികാവസ്ഥയില്‍ റേഡിയോ പ്രക്ഷേപണത്തിനു ലഭിക്കാനിടയുള്ള സ്വീകാര്യതയെ സംബന്ധിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും നിരക്ഷരരായിരുന്ന അക്കാലത്ത്, സര്‍ക്കാരിന് ജനങ്ങളോടും തിരിച്ച് ജനങ്ങള്‍ക്ക് സര്‍ക്കാരിനോടും സംവദിക്കാന്‍ അക്ഷരത്തെ അടിസ്ഥാനമാക്കുന്ന പത്രമാധ്യമങ്ങള്‍ മതിയാകുമായിരുന്നില്ല. അങ്ങനെയാണ് ഗവണ്‍മെന്റിന്റെ ശ്രദ്ധ റേഡിയോയിലേക്കു തിരിഞ്ഞത്. അങ്ങനെ സ്വാതന്ത്ര്യത്തിനുശേഷമുള്ള മാധ്യമവിപ്ലവത്തിന് ഇന്ത്യ തയ്യാറായി. നിരവധി പുതിയ റേഡിയോ സ്റ്റേഷനുകള്‍ ഇന്ത്യയൊട്ടാകെ ആരംഭിച്ചു. അതിന്റെ ഭാഗമായി 1950ല്‍ കോഴിക്കോട് ആകാശവാണിയും നിലവില്‍ വന്നത്.
നിരക്ഷരരോടു വര്‍ത്തമാനം പറയുന്ന മാധ്യമം എന്ന ആശയമാണ് നെഹ്‌റുവിനെ ആകാശവാണി എല്ലാ പ്രധാന സ്ഥലങ്ങളിലും സ്ഥാപിക്കുന്നതിലേക്കെത്തിച്ചതെന്ന് ചരിത്ര രേഖകളില്‍ കാണാം. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ സാംസ്‌കാരിക കലാ രംഗത്തെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതും രണ്ടാമത്തെ ഘടകമായിരുന്നു. അതായത് റേഡിയോയിലൂടെ കുറെ നല്ല പാട്ടുകളും സാഹിത്യവിഭവങ്ങളും പ്രക്ഷേപണം ചെയ്യുക എന്നതിലപ്പുറം ഇവയെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുക എന്ന ദൗത്യം ആകാശവാണിയെ ഏല്‍പ്പിച്ചു.
ആകാശവാണി മലയാളം
1949ലെ പുതുവര്‍ഷത്തിലാണ് മലയാള വാര്‍ത്താ പ്രക്ഷേപണ ചരിത്രത്തില്‍ വലിയൊരു യുഗം പിറന്നത്. ഡല്‍ഹി ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിലെ ഒന്‍പതാം നമ്പര്‍ സ്റ്റുഡിയോയില്‍ ഓണ്‍ എയര്‍ എന്ന സിഗ്‌നല്‍ ലൈറ്റ് മിന്നിയപ്പോള്‍ ആദ്യമായി മലയാളികള്‍ കാതോര്‍ത്തു. കെ. പത്മനാഭന്‍ നായരുടെ ശബ്ദത്തില്‍ കേരളത്തിലെ റേഡിയോകളുള്ള വീടുകള്‍ ദേശീയ അന്തര്‍ദേശീയ വാര്‍ത്തകള്‍ മലയാളത്തില്‍ കേട്ടു തുടങ്ങി.
പക്ഷേ, മലയാളത്തിലുള്ള ആദ്യത്തെ സ്ഥിരം വാര്‍ത്താ പ്രക്ഷേപണം കേരളത്തില്‍ കുറച്ചു പേര്‍ മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളൂവെന്ന് ചരിത്ര രേഖകളില്‍ കാണാം. അന്ന് കേരളത്തില്‍ തിരുവിതാംകൂര്‍ രാജാവിന്റെ ട്രിവാന്‍ഡ്രം റേഡിയോ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ നിലയത്തില്‍ സ്വന്തമായി ഇംഗ്ലീഷ്, മലയാളം വാര്‍ത്താ പ്രക്ഷേപണമുണ്ടായിരുന്നതിനാല്‍ ഡല്‍ഹിയില്‍ നിന്നുള്ള ദേശീയ വാര്‍ത്തകള്‍ റിലേ ചെയ്തില്ലായിരുന്നുവെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പിന്നീട് മലബാര്‍ പ്രവിശ്യയുടെ ആസ്ഥാനമായ മദിരാശിയിലെ ആകാശവാണി നിലയത്തില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്ത റിലേ ചെയ്തതോടെയാണ് മലയാളികള്‍ മുഴുവനായും ആദ്യമായി സമ്പൂര്‍ണമായ വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയത്. അതിന് അഞ്ചു വര്‍ഷം മുന്‍പ് രണ്ടാം ലോക മഹാ യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും, അറിയിപ്പുകളുമടങ്ങിയ പ്രത്യേക പ്രക്ഷേപണം മദിരാശി നിലയത്തില്‍ നിന്ന് എല്ലാ ദിവസവും വൈകീട്ട് 'ലോക വാര്‍ത്ത' എന്ന പേരില്‍ പ്രക്ഷേപണം ചെയ്തതായും കാണാം.
1950ല്‍ ട്രിവാന്‍ഡ്രം റേഡിയോ നിലയം ആകാശവാണിയുടെ ഭാഗമായതോടെ, ഇവിടെ നിന്നും ഡല്‍ഹി വാര്‍ത്തകള്‍ റിലേ ചെയ്തു തുടങ്ങി. ഇത് മലയാളികള്‍ക്കിടയില്‍ ആകാശവാണി വാര്‍ത്തകള്‍ക്ക് വന്‍ സ്വീകാര്യത നേടിക്കൊടുക്കാന്‍ കാരണമായി.
കെ. പത്മനാഭന്‍ നായര്‍, വി. ബാലരാമന്‍, സി. രാമന്‍കുട്ടി നായര്‍ എന്ന രാമന്‍കുട്ടി, ഓംചേരി എന്‍.എന്‍ പിള്ള, റോസ്‌കോട്ട് കൃഷ്ണ പിള്ള, കോണ്‍സ്റ്റന്റ്‌റെയ്ന്‍, സത്യേന്ദ്രന്‍ (ജി. സത്യേന്ദ്രന്‍ നായര്‍), ഗോപന്‍ (എന്‍. ഗോപിനാഥന്‍ നായര്‍), പ്രതാപന്‍ (എല്‍. പ്രതാപവര്‍മ്മ), വെണ്‍മണി വിഷ്ണു, ശ്രീകുമാര്‍, ടി.എന്‍ സുഷമ, ശ്രീകണ്ഠന്‍, ഹക്കിം കൂട്ടായി, അനില്‍ചന്ദ്രന്‍, ശ്രീകണ്ഠന്‍, സുഷമ വിജയലക്ഷ്മി, ശ്രീദേവി ഗോപിനാഥ് എന്നിവരും വാര്‍ത്താവതാരകരായി. വി.കെ.എന്നും ഒ.വി വിജയനും വാര്‍ത്ത വായിച്ചിരുന്നു.
പ്രാദേശിക വാര്‍ത്താ യൂണിറ്റുകള്‍ സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചതോടെ, 2017 ഏപ്രില്‍ 23 ന് ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്താ പ്രക്ഷേപണം അവസാനിച്ചു.
1957 ല്‍ സ്വാതന്ത്ര്യ ദിനത്തിലാണ് വൈകീട്ട് ആറു മണിക്ക് കേരളത്തില്‍ നിന്നുള്ള ആകാശവാണിയുടെ ആദ്യ വാര്‍ത്താ പ്രക്ഷേപണം ചെയ്തത്.
'ആകാശവാണി, തിരുവനന്തപുരം, കോഴിക്കോട്. പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് ബാലരാമന്‍' അങ്ങനെയായിരുന്നു പത്ത് മിനറ്റ് ദൈര്‍ഘ്യമുള്ള പ്രാദേശിക വാര്‍ത്തകള്‍ ആരംഭിച്ചത്. ആദ്യ വാര്‍ത്താ സംഘത്തില്‍ പി. സനാതനനായിരുന്നു ന്യൂസ് എഡിറ്റര്‍. ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ.എന്‍ ദാമോദരന്‍ നായര്‍ സബ് എഡിറ്ററും, 'മാതൃഭൂമി'യില്‍ നിന്ന് രാജിവച്ച്, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസില്‍ ചേര്‍ന്ന പി. ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ടറും.
ആകാശവാണി മലബാറില്പ
'ആകാശവാണി, കോഴിക്കോട്, പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് ശാന്തകുമാരന്‍'. 1966 ഏപില്‍ 14 വിഷു ദിനത്തില്‍ ഉച്ചയ്ക്ക് 12.30ന്റെ ബുള്ളറ്റിന്‍ കെ. ശാന്തകുമാരന്‍ നായര്‍ വായിച്ച് തുടങ്ങിയതോടെ തത്സമയ വാര്‍ത്തകളുടെയും ഫ്‌ളാഷ് ബ്രേക്കിങ് ന്യൂസുകളുടെയും പ്രളയമില്ലാതിരുന്ന അറുപതുകളില്‍ ആധികാരികമായ വാര്‍ത്താ അനുഭവം മലബാറിന് ആകാശവാണി സമ്മാനിക്കുകയായിരുന്നു.
1950ല്‍ തിരുവനന്തപുരം ആകാശവാണി നിലയം നിലവില്‍ വന്നതിന് ശേഷം അവിടെ നിന്നായിരുന്നു ആദ്യകാല വാര്‍ത്താ പ്രക്ഷേപണം. വാര്‍ത്താ ശേഖരണത്തിനും വിതരണത്തിനും ഇന്നത്തെപോലെ സംവിധാനങ്ങളില്ലാതിരുന്ന അക്കാലത്ത് മലബാറില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് പലപ്പോഴും തിരുവനന്തപുരത്ത് നിന്നുള്ള ആകാശവാണി വാര്‍ത്തകളില്‍ ഇടംകിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മലബാര്‍ കേന്ദ്രീകരിച്ച് ഒരു പ്രാദേശിക വാര്‍ത്താ വിഭാഗം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. അന്നത്തെ പ്രമുഖ പത്രങ്ങള്‍ ഇതൊരു കാംപയിനായി ഏറ്റെടുത്തതോടെ കോഴിക്കോട് ആകാശവാണിയില്‍ പ്രാദേശിക വാര്‍ത്താ വിഭാഗത്തിന് തുടക്കമായി. കൊച്ചി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ കൂടി മുന്നില്‍ കണ്ടായിരുന്നു കോഴിക്കോട്ട് പ്രാദേശിക വാര്‍ത്താ വിഭാഗം തുടങ്ങാനുള്ള തീരുമാനം ഉണ്ടാവുന്നത്.
ഉച്ചയ്ക്ക് തുടങ്ങിയ കോഴിക്കോട്ടു നിന്നുളള പ്രാദേശിക വാര്‍ത്തകള്‍ അടിയന്തരാവസ്ഥക്കാലത്താണ് രാവിലെയും ആരംഭിച്ച്, കേരളത്തിലെ മുഴുവന്‍ നിലയങ്ങളും റിലേ ചെയ്യാന്‍ തുടങ്ങിയത്. നിലവില്‍ മീഡിയം വേവില്‍ രാവിലെ 6.45 നും 10.15 നും രണ്ട് ബുള്ളറ്റിനുകളും കോഴിക്കോട്ട് നിന്ന് പ്രക്ഷേപണം ചെയ്യുന്നു.
ആദ്യ വാര്‍ത്താ സംഘത്തില്‍ സബ് എഡിറ്റര്‍ കെ. ഗോപിനാഥ്, റിപ്പോര്‍ട്ടറായി വി.കെ മൊയ്തീന്‍ കോയയുമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വാര്‍ത്ത വായിക്കാന്‍ ഡല്‍ഹി നിലയത്തില്‍ നിന്ന് എം. രാമചന്ദ്രനെത്തി. തുടര്‍ന്ന്, കോഴിക്കോട്ടുകാരിയായ സി.പി ജയലക്ഷ്മി, എ.പി അച്യുതന്‍കുട്ടി, രത്‌നാഭായ്, വെണ്മണി വിഷ്ണു, ശ്രീകണ്ഠന്‍ (കെ. ശ്രീകണ്ഠന്‍ നായര്‍), കെ. രത്‌നമ്മ, കാപ്പില്‍ വി. സുകുമാരന്‍, വി. നാരായണന്‍, അബ്ദുള്ള നന്മണ്ട തുടങ്ങി ഇപ്പോള്‍ അനില്‍ ചന്ദ്രന്‍, ഹക്കീം കൂട്ടായി എന്നിവരില്‍ എത്തിനില്‍ക്കുന്നു അര നൂറ്റാണ്ട് കാലത്തിനിടയിലെ കോഴിക്കോട് നിലയത്തിലെ വാര്‍ത്താ അവതാരകരുടെ പട്ടിക. സി.വി ബാലകൃഷ്ണന്‍, സക്കറിയ തുടങ്ങിയ കാഷ്വല്‍ വാര്‍ത്താ അവതാരകരും ദീര്‍ഘകാലം റേഡിയോ പ്രേക്ഷകരുടെ മനസില്‍ നിലകൊണ്ടു. ഇന്ന് കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗത്തില്‍ രണ്ട് സ്ഥിരം വാര്‍ത്താ അവതാരകരും പത്തിലേറെ കാഷ്വല്‍ വാര്‍ത്താ അവതാരകരും സേവനമനുഷ്ടിക്കുന്നുണ്ട്.
ഡി. പ്രതാപചന്ദ്രന്‍, പെരുന്ന കെ.എന്‍ നായര്‍, പി. ചന്ദ്രശേഖരന്‍, പി.സി.സി രാജ, കെ. ഗോവിന്ദന്‍കുട്ടി, എം.എസ് വര്‍ഗീസ്, കെ.കെ മണി, മധു വര്‍മ, പി. കേശവന്‍ നമ്പൂതിരി, എ.എം തോമസ്, ഡോ. കെ. പരമേശ്വരന്‍, കെ.പി രാജീവന്‍, വി.എം അഹമ്മദ്, ബിജു മാത്യു, രാജ്‌മോഹന്‍, എന്‍.വിജയ എന്നിവരും വാര്‍ത്താ വിഭാഗത്തിന്റെ ഭാഗമായവരാണ്.
മലബാറിന്റെ സാംസ്‌കാരിക തീഹ്ലഥാടന കേന്ദ്രം
കോഴിക്കോട് ആകാശവാണി മലബാറിന്റെ സാംസ്‌കാരിക തീര്‍ത്ഥാടനകേന്ദ്രമായിരുന്നു. മലയാള സാഹിത്യത്തേയും കലയേയും സിനിമയേയും സംഗീതത്തേയുമൊക്കെ സമ്പന്നമാക്കിയ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഇടമാണ് ആകാശവാണി. ഉറൂബ് എന്ന പ്രശസ്ത നോവലിസ്റ്റിന്റേയും തിക്കോടിയന്‍ എന്ന അതുല്യനാടകകൃത്തിന്റേയും വളര്‍ച്ച ആകാശവാണിയുടെ കുടക്കീഴിലായിരുന്നു.
കവിതാരംഗത്തുനിന്ന് അക്കിത്തം, എന്‍.എന്‍ കക്കാട്, ഗാനരചനാരംഗത്തുനിന്ന് പി. ഭാസ്‌കരന്‍, ശാസ്ത്രീയ സംഗീത രംഗത്തുനിന്ന് ജി.എസ് ശ്രീകൃഷ്ണന്‍, കലാനിപുണരും പണ്ഡിതരുമായ പി.വി കൃഷ്ണമൂര്‍ത്തി, ഇ.എം.ജെ വെണ്ണിയൂര്‍ എന്നിവരാണ് ആദ്യകാലത്ത് ആകാശവാണിയെ സാംസ്‌കാരിക സമ്പന്നമാക്കിയത്.
എസ്.കെ പൊറ്റെക്കാട്ട്, പി. കുഞ്ഞിരാമന്‍ നായര്‍, എം.ടി വാസുദേവന്‍ നായര്‍, കെ.എ കൊടുങ്ങല്ലൂര്‍, യു.എ ഖാദര്‍, വിനയന്‍, വി.കെ.എന്‍, എന്‍.വി കൃഷ്ണവാരിയര്‍, കോഴിക്കോട് അബുല്‍ ഖാദര്‍, ശാന്ത പി. നായര്‍, കോഴിക്കോട് പുഷ്പ, ഗായത്രി ശ്രീകൃഷ്ണന്‍, ജാനമ്മ ഡേവിഡ്, രേണുക, കെ.പി ബ്രഹ്മാനന്ദന്‍ നിരവധി പേരാണ് ആകാശവാണിയിലൂടെ മലബാറിന്റെ സാംസ്‌കാരിക രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിച്ചവര്‍.
ജൂനിയര്‍ സ്‌ക്രിപ്റ്റ് റൈറ്ററായി ആകാശവാണിയിലെത്തി മലയാളത്തിന്റെ പ്രിയ കവിയായ പി.പി ശ്രീധരനുണ്ണി, ആകാശവാണിയില്‍ അനൗണ്‍സറായി പിന്നീട് ചലച്ചിത്ര പിന്നണി ഗായകനായി മാറിയ കെ.പി ഉദയഭാനു, അസാധാരണ വശ്യശക്തിയുള്ള ശബ്ദംകൊണ്ട് ലക്ഷക്കണക്കിന് ശ്രോതാക്കളുടെ മനസില്‍ ഇന്നും ജീവിക്കുന്ന കെ. തറുവയി എന്ന ഖാന്‍ കാവില്‍, എം. പുഷ്പകുമാരി, രാജം കെ. നായര്‍, തുടങ്ങി എത്രയോ കലാകാരന്‍മാരുടെ വിളനിലമായിരുന്നു ആകാശവാണി.
മലയാള സംഗീത ലോകത്ത് ലളിതഗാനം എന്ന ആശയത്തിന് വിത്തു പാകിയതും കെ. രാഘവന്‍ മാസ്റ്റര്‍, കെ. പത്മനാഭന്‍, പി. ഭാസ്‌കരന്‍ തുടങ്ങിയ ആകാശവാണിയിലെ അതുല്യ പ്രതിഭകളായിരുന്നുവെന്നും ചരിത്രരേഖകളില്‍ കാണാം.
ര@ാം പിറവി
മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്ന കേരളത്തിലെ ഭാഷാ വൈജാത്യങ്ങളെ മറികടക്കുന്ന ഏകീകൃതമായൊരു ഭാഷാശൈലി രൂപപ്പെടുത്തിയെടുത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് ആകാശവാണിയും വാര്‍ത്തകളുമാണ്. പ്രാദേശികമായ പദങ്ങള്‍ക്കും, ശൈലികള്‍ക്കും, ഉച്ചാരണങ്ങള്‍ക്കും പകരം എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ മാനക ഭാഷ രൂപപ്പെടുത്തിയത് റേഡിയോ അനൗണ്‍സ്‌മെന്റുകള്‍, പ്രഭാഷണങ്ങള്‍, വാര്‍ത്തകള്‍ എന്നിവയിലൂടെയായിരുന്നു. ആ ഭാഷാശുദ്ധിയും ഉച്ചാരണശുദ്ധിയും ആകാശവാണിയുടെ അനന്യമായ മഹിത പൈതൃകമാണ്.
1980 കളില്‍ ടെലിവിഷന്റെ വരവും അതിനാഗരികമായ ഒരു സംസ്‌കാരത്തിന്റെ കടന്നുകയറ്റവും ആകാശവാണിക്കു മങ്ങലുണ്ടാക്കാന്‍ ഇടയായെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തോടെ എഫ്.എം നിലയം സ്ഥാപിച്ചതോടെ റേഡിയോ വീണ്ടും ജനകീയമായി. റിയല്‍ എഫ്.എം, അനന്തപുരി എഫ്.എം, മഞ്ചേരി എഫ്.എം, കേരളത്തില്‍ കൊച്ചിയടക്കം പ്രധാന നഗരങ്ങളില്‍ ആരംഭിച്ച റെയിന്‍ബോ എഫ്.എം എന്നീ ചാനലുകളിലൂടെ കൂടുതല്‍ എന്റര്‍ടെയിന്‍മെന്റ് പരിപാടികള്‍ കൂടി വന്നതോടെ ജനകീയതയിലേക്ക് ആകാശവാണി വീണ്ടും വളര്‍ന്നു. അത് ആകാശവാണിയുടെ രണ്ടാം പിറവിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."