മലപ്പുറത്ത് അങ്ങിങ്ങ് അക്രമം; പൊലിസ് ലാത്തി വീശി
മലപ്പുറം: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പെരുമ്പടപ്പ്, താനൂര്‍, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെടുന്ന കോടത്തൂര്‍ പോളിങ് സ്റ്റേഷനില്‍ പോളിങ് ഏജന്റ് ഓപണ്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പേരില്‍ ആദ്യം സംഘര്‍ഷം ഉണ്ടായിരുന്നു.
പൊലിസ് ഇടപെട്ട് പരിഹരിച്ചെങ്കിലും പിന്നീട് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വാഹനം ഇടിപ്പിച്ചു പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
പെരുമ്പടപ്പ് ഗ്രാമപഞ്ചായത് മുന്‍ വൈസ് പ്രസിഡന്റും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ സുഹറ അഹമ്മദിനെയാണ് വണ്ടിയിടിച്ചു പരുക്കേല്‍പ്പിച്ചത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ ബൈക്കിലെത്തിയ രണ്ടുപേര്‍ തന്നെ തട്ടി താഴെയിട്ടതായി സുഹറ അഹമ്മദ് പറഞ്ഞു.
എന്നാല്‍ അത്തരത്തിലുള്ള ഒരു സംഭവം നടന്നിട്ടില്ലെന്നാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നത്. കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ വിരട്ടി ഓടിക്കുകയായിരുന്നു.
വേങ്ങരയിലും താനൂരിലുമുണ്ടായ കയ്യാങ്കളി പൊലിസ് ഇടപെട്ട് പരിഹരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."