ക്രിമിനല്‍ കേസില്‍ പ്രതിയായ എസ്.എഫ്.ഐ നേതാവിനെ അടക്കം മൂന്നുപേരെ കിര്‍ത്താഡ്‌സില്‍ നിയമിച്ചത് മാനദണ്ഡം ലംഘിച്ച്: തെളിവുസഹിതം പരാതി നല്‍കിയിട്ടും വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു
കോഴിക്കോട്: യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പുറത്തുവന്ന റാങ്ക് ലിസ്റ്റിലെ അപാകത എസ്.എഫ്.ഐക്കു മേധാവിത്വമുള്ള മറ്റു കോളേജുകളിലും നടന്നതായി പരാതി. കോഴിക്കോട് കിര്‍ത്താഡ്‌സിലും മുന്‍ എസ്.എഫ്.ഐ നേതാക്കളെയും പി.എസ്.സിയില്‍ മാനദണ്ഡം ലംഘിച്ച് നിയമിച്ചു. ഇതിന്റെ വിവരാവകാശ രേഖയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിജിലന്‍സിന് പരാതി നല്‍കിയിട്ടും അന്വേഷണം അട്ടിമറിച്ചു എന്നാണ് പരാതി.
പട്ടികജാതി പട്ടികവര്‍ഗ വകുപ്പിനുകീഴിലുള്ള സ്ഥാപനമായ കിര്‍ത്താഡ്‌സിലെ നിയമനത്തെക്കുറിച്ച് നേരത്തെ സാംസ്‌കാരിക വകുപ്പിനെതിരേ പരാതി ഉയര്‍ന്നിരുന്നു. യു.ഡി.എഫ് അനുകൂല സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചിരുന്നുവെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇതിനു പിന്നാലെയാണ് എസ്.എഫ്.ഐ നേതാക്കളെ സോഷ്യോളജി ആന്ത്രോപോളജി വിഷയങ്ങളില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ നിയമിച്ചതും വിവാദത്തിലാകുന്നത്.
ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന മുന്‍ എസ്.എഫ്.ഐ നേതാവിനും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും നിയമനം നല്‍കിയത് വ്യാജരേഖകളിലൂടെയാണെന്നതിന്റെ വിവരാവകാശ രേഖയാണ് പുറത്തുവന്നത്.
ഈ രേഖകള്‍ സഹിതം സമീപ്പിച്ചിട്ടും പരാതി അന്വേഷിക്കാന്‍ പോലും വിജിലന്‍സ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.
കൃത്രിമ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മൂന്നുപേരും നിയമനം നേടിയത്.
മൂന്നു വര്‍ഷത്തെ ഗവേഷണ പരിചയമാണ് ഈ തസ്തികക്കുവേണ്ട യോഗ്യത. യോഗ്യതയുള്ളവര്‍ കുറവായതിനാല്‍ അഭിമുഖത്തിനുള്ള റാങ്ക് പട്ടിക പരീക്ഷയില്ലാതെ പി.എസ്.സി പ്രസിദ്ധീകരിക്കുകയായിരുന്നു. മറ്റു വിഷയങ്ങളില്‍ പി.എച്ച്.ഡി ഉള്ളവരേ പോലും റാങ്ക് പട്ടികയില്‍ പരിഗണിച്ചതുമില്ല. എന്നാല്‍ നിയമനം നേടിയ മൂന്നുപേരുടേയും ഗവേഷണം പട്ടികജാതി പട്ടികവര്‍ഗ വിഷയത്തില്‍ അല്ല എന്നതാണ് വിചിത്രം.
മൂന്നു വര്‍ഷത്തെ ഗവേഷണ പരിചയവും ആര്‍ക്കും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനത്തിലോ സര്‍ക്കാര്‍ അംഗീകൃത ഗവേഷണ സ്ഥാപനത്തിലോ നിയമിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. പ്ലാനറ്റ് കേരളയെന്ന സര്‍ക്കാര്‍ ഇതര സംഘടനയുടെ വാട്ടര്‍ഷെഡ് പ്രൊജക്ടിലെ ഗവേഷണപരിചയമാണ് നിയമനം നേടിയ രണ്ടുപേര്‍ ഹാജരാക്കിയിട്ടുള്ളത്. മൂന്നാമന്‍ ഒരു ദിവസം പോലും ഗവേഷണം നടത്തിയിട്ടില്ലെന്നും യൂനിവേഴ്‌സിറ്റി രേഖകള്‍ വ്യക്തമാക്കുന്നു. എന്നിട്ടും ഇവരേ നിയമം കാറ്റില്‍ പറത്തി നടത്തിയ നിയമനത്തിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."