എക്‌സൈസ് മന്ത്രിക്കെതിരേ യൂത്ത് ലീഗിന്റെ കരിങ്കൊടി
കോഴിക്കോട്: എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെതിരേ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി. സംസ്ഥാനത്തു പുതുതായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിലൂടെ കോടികളുടെ അഴിമതി നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഇന്നലെ രാവിലെ കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന വിദേശമദ്യ വ്യവസായ തൊഴിലാളി യൂനിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂരിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തി കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ ഉടന്‍ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ബ്രൂവറി വിവാദം കത്തിനില്‍ക്കുന്നതിനാല്‍ പ്രതിഷേധ സാഹചര്യം കണക്കിലെടുത്തു മന്ത്രിക്കു പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
യൂത്ത് ലീഗ് നേതാക്കളായ സാജിദ് നടുവണ്ണൂര്‍, സി. ജാഫര്‍ സാദിഖ്, എ. ഷിജിത് ഖാന്‍, ഷഫീഖ് അരക്കിണര്‍, ശിഹാബ് നല്ലളം, മന്‍സൂര്‍ മാങ്കാവ് എന്നിവരെയാണ് കസബ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സര്‍ക്കാരിന്റെ മദ്യനയത്തിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് കോഴിക്കോട് ജില്ലയില്‍ പഞ്ചായത്തുതലങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."