ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത് 3.57 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം
സ്വന്തം ലേഖകന്‍
തൊടുപുഴ: കാലവര്‍ഷം ശക്തിപ്പെട്ടതോടെ അണക്കെട്ടുകളില്‍ ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത് 3.57 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലാണ് ഇത്രയും വെള്ളം ഒഴുകിയെത്തിയത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.87 അടി ഉയര്‍ന്ന് 2304.4 അടിയായി. സംഭരണശേഷിയുടെ 13.1 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 2380.46 അടിയായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്.
ഇടുക്കി പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് 12.08 സെ.മീ. മഴ ലഭിച്ചപ്പോള്‍ 15.649 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. 3.558 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റം നിലയത്തിലെ ഇന്നലത്തെ വൈദ്യുതി ഉല്‍പ്പാദനം.
മറ്റ് പദ്ധതികളില്‍ ഒഴുകിയെത്തിയ വെള്ളത്തിന്റെ കണക്ക് ഇങ്ങനെയാണ്. പമ്പ 7.071 ദശലക്ഷം യൂനിറ്റ്, ഷോളയാര്‍ 1.697, ഇടമലയാര്‍ 1.59, കുണ്ടണ്ടള 1.276, കുറ്റ്യാടി 4.884 ദശലക്ഷം യൂനിറ്റ്.
ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്താണ് (പാംബ്ല) കൂടുതല്‍ മഴ ലഭിച്ചത്, 22.1 സെ.മീ. നേര്യമംഗലം(കല്ലാര്‍കുട്ടി) 18, പെരിങ്ങല്‍കുത്ത് 17.58, കക്കി 15.1, പമ്പ 14.3, ഇടമലയാര്‍ 10.08, തരിയോട് 9.8, ഷോളയാര്‍ 9.6, പൊന്മുടി 9.5, കുറ്റ്യാടി 8 സെ.മീ. വീതവും മഴ ലഭിച്ചു.
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ഇന്നലെ 66.55 ദശലക്ഷം യൂനിറ്റിലേക്ക് താഴ്ന്നു. സംഭരണ ശേഷി കുറഞ്ഞ മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ നിറഞ്ഞ് കിടക്കുകയാണ്. ആനയിറങ്കല്‍, മാട്ടുപ്പെട്ടി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് മഴ തീരെ കുറവായിരുന്നു. മാട്ടുപ്പെട്ടിയില്‍ അര സെ.മീ. മഴ പെയ്തപ്പോള്‍ ആനയിറങ്കലില്‍ ഒരുതുള്ളി പെയ്തില്ല.
ആനയിറങ്കല്‍ വറ്റിക്കിടക്കുകയാണ്. ഏഴും ശതമാനമാണ് മാട്ടുപ്പെട്ടിയിലെ ജലനിരപ്പ്.
മറ്റ് പദ്ധതികളിലെല്ലാം ജലനിരപ്പ് മെല്ലെ ഉയരുന്നുണ്ട്. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി പോലുള്ള ചെറിയ അണക്കെട്ടുകളുടെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ വൈദ്യുതോല്‍പ്പാദനം ഉയര്‍ത്തി വലിയ പദ്ധതികളില്‍ വെള്ളം സംഭരിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."