ബാലകൃഷ്ണപിളളയ്ക്ക് കനകസിംഹാസനവും, കെ.എം മാണിക്ക് ചുവപ്പ് പരവതാനിയും ഇടതു സര്‍ക്കാരിന്റെ നേട്ടം: വി.ഡി.സതീശന്‍
പാലക്കാട്: ബാലകൃഷ്ണപിള്ളക്കെതിരേയും കെ.എം. മാണിക്കെതിരേയും കാലങ്ങളായി സമരപരമ്പരകള്‍ നടത്തിയ ഇടതു സര്‍ക്കാര്‍ ഇന്ന് ബാലകൃഷ്ണപിള്ളക്ക് കനകസിംഹാസനം നല്‍കിയും, കെ.എം. മാണിക്ക് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ച് ആദരിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടമെന്ന് കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ ഒരു മന്ത്രി കൊലക്കേസില്‍ പ്രതിയും, ഒരു വര്‍ഷത്തിനിടക്ക് രണ്ടു മന്ത്രിമാര്‍ രാജി വയ്ക്കുകയും ചെയ്തു. കേരള പിറവിക്കു ശേഷം ഏറ്റവും വെറുക്കപ്പെട്ട സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ ഭരിക്കുന്നത്.
സ്വാശ്രയ കോളജുകള്‍ പിണറായി സര്‍ക്കാര്‍ മാനേജ്‌മെന്റിന് തീറെഴുതികൊടുത്തിരിക്കുകയാണ്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ ചക്കളത്തി പോരാണ് നടത്തി വരുന്നത്. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മൊത്തത്തില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നത്.
ഇത് ഉപദേശികളുടെ ഭരണമാണ്. എട്ട് ഉപദേശികളുണ്ടായിട്ടും ഭരണം കാര്യക്ഷമമായി നടത്താന്‍ കഴിയാത്തത് ഇടതുപക്ഷത്തിന്റെ പരാജയമാണ്. മൂന്നാറില്‍ നടന്നത് ഒഴിപ്പിക്കല്‍ നാടകമാണെന്നും വന്‍കിടക്കാരെ നിലനിര്‍ത്തി പേരിന് ഒന്നു രണ്ടു ചെറുകിടക്കാരെ ഒഴിപ്പിച്ച് തടിതപ്പിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വര്‍ഷത്തെ ഭരണനേട്ടം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി, ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍, മുസ്‌ലീം ലീഗ് ജില്ലാ സെക്രട്ടറി കളത്തില്‍ അബ്ദുളള, എം.എം. ഹമീദ്, കെ. ഭാസ്‌കരന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."