പോളിമര്‍
ചെറുകണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മിക്കുന്ന ചങ്ങല പോലെ രസതന്ത്രത്തിലെ ഇത്തിരിക്കുഞ്ഞന്മാരായ മോണോമറുകളെ കൂട്ടിച്ചേര്‍ത്ത് നിര്‍മിക്കുന്ന ബൃഹത്ഘടനയുള്ള തന്മാത്രയാണ് പോളിമര്‍.
ധാരാളം ലഘു തന്മാത്രകളെ ചേര്‍ത്തുവച്ച് ബൃഹത്ഘടനയുള്ള വലിയ തന്മാത്രകളെ സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ് പോളിമറൈസേഷന്‍. അനേകം ചെറുതന്മാത്രകള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെടുന്നതാണ് പോളിമര്‍ എന്ന വലിയ തന്മാത്ര. അനേകം മോണോമറുകള്‍ കൂടിച്ചേരുമ്പോള്‍ രൂപപ്പെടുന്ന ഘടകത്തിന്റെ പേരിന് മുമ്പില്‍ പോളി എന്ന പ്രത്യയം ചേര്‍ത്തും പോളിമറിനെ സൂചിപ്പിക്കാം.
ഉദാ: പ്രൊപ്പീന്‍, വിനൈല്‍ ക്ലോറിന്‍ എന്നിവ യഥാക്രമം പോളി പ്രൊപ്പീന്‍, പോളി വിനൈല്‍ ക്ലോറൈഡ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പോളിമറുകളാണ്. പോളിസ് (അനേകം) മെറോസ് (ഘടകങ്ങള്‍) എന്നീ ഗ്രീക്ക് വാക്കുകള്‍ ചേര്‍ന്നാണ് പോളിമര്‍ എന്ന വാക്കിന്റെ വരവ്.
പോളിമറിനെ രണ്ടായി വിഭജിച്ചിട്ടുണ്ട്. പ്രകൃതിജന്യവും കൃത്രിമവും. സസ്യജന്തുജാലങ്ങളുടെ ഡി.എന്‍.എ, സ്റ്റാര്‍ച്ച്, റബര്‍ എന്നിവ പ്രകൃതിജന്യ പോളിമറാണ്. മോണോമെറുകളെ ചങ്ങല രൂപത്തിലാണ് പോളിമറുകള്‍ നിര്‍മിക്കുന്നതെന്നു പറഞ്ഞല്ലോ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ശൃംഖലകള്‍ക്കിടയില്‍ ചിലപ്പോള്‍ കുരുക്കുകള്‍ വീഴാം. ഈ കുരുക്കുകള്‍ വളരെ എളുപ്പത്തില്‍ അഴിച്ചെടുക്കാവുന്നതോ (ഇവമശി ലിമേിഴഹലാലിെേ) അഴിക്കുന്തോറും മുറുകുന്നതോ (ഇവലാശരമഹ ഇൃീഹൈശിസ)െആകാം. ഈ കുരുക്കുകളെ രാസപരമായി സൃഷ്ടിക്കേണ്ട ആവശ്യവും ചിലപ്പോള്‍ വരാറുണ്ട്. വള്‍ക്കനൈസേഷന്‍ എന്നാണ് ഇങ്ങനെയുണ്ടാക്കുന്ന കുരുക്കിന് പറയുന്ന പേര്
പോളിമര്‍ നിര്‍മാണത്തില്‍ നിരവധി ശൃംഖലകള്‍ കൂടിച്ചേരുമ്പോള്‍ ചിലപ്പോള്‍ അവ യഥാസ്ഥാനത്തുനിന്ന് തെന്നിപ്പോകാന്‍ സാധ്യതയുണ്ട്. ഇങ്ങനെ തെന്നിപ്പോകുന്ന ശൃംഖലകളെ യഥാസ്ഥാനത്ത് നിലനിര്‍ത്താന്‍ കുരുക്കുകള്‍ക്ക് സാധിക്കും. റബറിന്റെ ഇലാസ്തികതയ്ക്കു കാരണം ഇത്തരം കുരുക്കുകളാണ്. കുരുക്കുകള്‍ ഇലാസ്തികത നില നിര്‍ത്താന്‍ സഹായിക്കുമെങ്കിലും കുരുക്കുകള്‍ കൂടിയാല്‍ റബറിന്റെ ഇലാസ്തികത പൂര്‍ണമായും നഷ്ടപ്പെട്ട് എബോണൈറ്റായി മാറിയേക്കും. പോളിമര്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇങ്ങനെ കുരുക്കുകളിടാറുള്ളത്. വ്യത്യസ്ത ഗുണങ്ങളുള്ള ഒന്നിലധികം പോളിമറുകള്‍ കൂട്ടിക്കലര്‍ത്തി തയാറാക്കുന്നവയാണ് പോളിമര്‍ മിശ്രിതങ്ങള്‍. ഇങ്ങനെ മിശ്രിതങ്ങള്‍ നിര്‍മിക്കുമ്പോള്‍ ചില പോളിമറുകള്‍ നന്നായി കൂടിച്ചേരുമെങ്കിലും ചില പോളിമറുകള്‍ എത്ര കൂട്ടിച്ചേര്‍ത്താലും വേര്‍പിരിഞ്ഞെന്നും വരും. ഇങ്ങനെ വേര്‍പിരിയുന്നവരെ കൂട്ടിച്ചേര്‍ക്കാന്‍ കമ്പാറ്റിബിലൈസറുകള്‍ എന്ന അനുരഞ്ജകരെ പോളിമര്‍ നിര്‍മാണത്തില്‍ ഉപയോഗിച്ചു വരുന്നു.
പോളിത്തീന്‍
ബാഗുകള്‍
പ്ലാസ്റ്റിക് നിരോധനം വരുന്നതിന് മുമ്പ് കടകളില്‍ സുലഭമായിരുന്ന സഞ്ചികളാണ് പോളിത്തീന്‍ ബാഗുകള്‍. പോളിത്തീന്‍ എന്നത് എഥിലിന്‍ എന്നു പേരുള്ള അനേകം മോണോമറുകള്‍ ചേര്‍ന്ന ഘടകമാണ് . പ്രസ്തുത ഘടകം ഉപയോഗിച്ച് അനേകം വസ്തുക്കള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. പ്ലാസ്റ്റിക്കുകള്‍ പോളിമറുകള്‍ക്ക് ഉദാഹരണമാണ്. 1953 ല്‍ ബ്രിട്ടനിലെ ഇംപീരിയല്‍ കെമിക്കല്‍ കമ്പനിയാണ് എഥിലിന്‍ വാതകത്തെ പോലിമറൈസ് ചെയ്തു പ്ലാസ്റ്റിക്കാക്കി മാറ്റുന്നതില്‍ ആദ്യം വിജയം വരിച്ചത്. ആദ്യകാലത്ത് വൈദ്യുത കമ്പികളെ പൊതിഞ്ഞു സംരക്ഷിക്കാനാണ് പോളിത്തീന്‍ ഉപയോഗിച്ചിരുന്നത്.
ഫൈബര്‍
ബലമുള്ള നൂലുകള്‍ നിര്‍മിക്കാന്‍ അനുയോജ്യമായ പോളിമറുകളെ ഫൈബറുകള്‍ എന്നു വിളിക്കുന്നു. നാര് എന്നാണ് ഫൈബര്‍ എന്ന പദത്തിന്റെ അര്‍ഥം. പരുത്തി, ചണം, ചകിരി, പട്ട്, കമ്പിളി എന്നിവ പ്രകൃതി ദത്ത നാരുകളുംപോളിയെസ്റ്റര്‍, പോളി അമൈഡ്, അക്രിലിക് എന്നിങ്ങനെ കൃത്രിമ നാരുകളും ഇന്നു നിലവിലുണ്ട്. ഭാഗിക മനുഷ്യ നിര്‍മിതമായ സെല്ലുലോസുകളും ഈ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മനുഷ്യര്‍ ഒരു കാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ സില്‍ക്ക്, പരുത്തി തുടങ്ങിയ നാരുകള്‍ കൊണ്ടായിരുന്നു നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്നു വസ്ത്രങ്ങളില്‍ കൃത്രിമ നാരുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. നൈലോണ്‍, പോളിയെസ്റ്റര്‍, ടെറിലിന്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഡോക്ടര്‍ വാലസ് കാരത്തേഴ്‌സ് എന്ന ഗവേഷകനാണ് കൃത്രിമ നാരുകള്‍ക്കു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഈ പരീക്ഷണത്തില്‍ പിറന്ന ആദ്യത്തെ കൃത്രിമ നാരാണ് നൈലോണ്‍.
ടെഫ്‌ളോണ്‍
ചൂടേറ്റാല്‍ ഉരുകാത്ത പ്ലാസ്റ്റിക്കുകളിലൊന്നാണ് ടെഫ്‌ളോണ്‍. ഇന്ന് പ്രചാരത്തിലുള്ള പല രാസവസ്തുക്കും ടെഫ്‌ളോണിനെ പൂര്‍ണമായും നശിപ്പിക്കാനാവില്ല. മൂന്നൂറ് ഡിഗ്രി മുതല്‍ മൈനസ് 190 ഡിഗ്രിവരെയുള്ള ഊഷ്മാവില്‍ ടെഫ്‌ളോണ്‍ സുരക്ഷിതരായിരിക്കും. സ്വര്‍ണത്തെപ്പോലും ലയിപ്പിക്കുന്ന അക്വാറീജിയക്കു പോലും ടെഫ്‌ളോണിനെ അലിയിക്കാന്‍ കഴിയില്ലെന്ന് സാരം. ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും സൂക്ഷിക്കാന്‍ ടെഫ്‌ളോണ്‍ പാത്രമാണ് ഏറ്റവും നല്ലത്.
പോളിവിനൈല്‍ ക്ലോറൈഡ്
തെര്‍മോപ്ലാസ്റ്റിക് വിഭാഗത്തില്‍പ്പെടുന്ന ഇവ പി.വി.സി എന്ന പേരിലാണ് അറിയപ്പെടുന്നത്. വിനൈല്‍ ക്ലോറൈഡ് തന്മാത്രകളുടെ പോളിമറീകരണമാണ് ഇതില്‍ സംഭവിക്കുന്നത്. സാധാരണ താപനിലയില്‍ വാതകരൂപത്തില്‍ കാണപ്പെടുന്ന വിനൈല്‍ ക്ലോറൈഡ് ഉള്‍പ്രേരകങ്ങളോ ഇനീഷിയേറ്ററുകളോ ഉപയോഗിച്ച് എമള്‍ഷനായോ സസ്‌പെന്‍ഷനായോ പോളിമറീകരണം നടത്തുന്നു. കാഠിന്യമുള്ള പി.വി.സിയുടെ മൃദുലതയ്ക്കു വേണ്ടി പ്ലാസ്റ്റിസൈസറുകളും താപമോ പ്രകാശമോ മൂലം വിഘടിക്കാതിരിക്കാന്‍ സ്‌റ്റെബിലൈസറുകളും ചേര്‍ക്കുന്നു.
പോളിസള്‍ഫോണുകള്‍
വ്യാവസായികമായി ഉപയോഗപ്പെടുത്തുന്ന തെര്‍മോപ്ലാസ്റ്റിക്കുകളാണ് ഇവ. ഉയര്‍ന്ന താപത്തില്‍ പ്രവര്‍ത്തിക്കുന്ന ആവശ്യമായ ആകൃതിയിലേക്ക് വളയ്ക്കാവുന്ന സര്‍ക്യൂട്ട് ബോഡുകളുടെ നിര്‍മാണത്തിന് ഇവ ഉപയോഗിക്കുന്നു.
പോളിഫിനലിന്‍ സള്‍ഫൈഡ്
മുന്നൂറ് ഡിഗ്രിസെല്‍ഷ്യസിലും ഉരുകാതിരിക്കുന്ന പോളിമറാണ്. അതിനാല്‍ തന്നെ വളരെ എളുപ്പത്തതില്‍ ഇവയ്ക്ക് തീ പിടിക്കാറില്ല. രാസപദാര്‍ഥങ്ങളോട് നിഷ്‌ക്രിയത കാണിക്കുന്ന ഇവ വ്യാവസായിക യന്ത്രഭാഗങ്ങളുടെ നിര്‍മാണം, ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ നിര്‍മാണം എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
ഇലാസ്റ്റോമര്‍
ഇലാസ്തികതയുടെ സ്വഭാവഗുണമുള്ള പദാര്‍ഥങ്ങളെ ഇലാസ്റ്റോമര്‍ എന്നാണ് വിളിക്കുന്നത്. സ്വാഭാവിക റബറും കൃത്രിമ റബറുമെല്ലാം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്.
കൃത്രിമ റബറുകള്‍
ലോകമഹായുദ്ധങ്ങളുടെ ഉപോല്‍പ്പന്നമാണ് കൃത്രിമ റബര്‍ എന്നുവിശേഷിപ്പിക്കാറുണ്ട്. ബ്യൂട്ടെല്‍ റബര്‍, ബ്യൂട്ടാഡെയിന്‍ റബര്‍, സിലിക്കോണ്‍ റബര്‍, നൈട്രല്‍ റബര്‍ തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. വളരെ നല്ല രീതിയില്‍ രാസപ്രതിരോധ ശേഷിയുള്ളവയാണ് ബ്യൂട്ടൈല്‍ റബറുകള്‍. വാതകങ്ങള്‍ നിറയ്ക്കാനുള്ള സംവിധാനങ്ങളില്‍ ഇവയെ ഉപയോഗപ്പെടുത്തുന്നു. മോട്ടോര്‍ വാഹനങ്ങളുടെ ടയറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ബ്യൂട്ടാഡെയിന്‍ റബര്‍. ഗമ്മുകളിലും ഡ്രൈക്ലീനിംഗ് ലായനിയിലും പാചക പാത്രങ്ങളിലുമൊക്കെ സിലിക്കോണ്‍ റബര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."