രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു: ഡോളറിനെതിരെ 73.70 ആയി, വെള്ളിയാഴ്ച ഒരു തീരുമാനമറിയും
ന്യൂഡല്‍ഹി: തുടര്‍ച്ചയായ റെക്കോര്‍ഡുകളോടെ രൂപയുടെ മൂല്യമിടിവ് തുടരുന്നു. ബുധനാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ യു.എസ് ഡോളറിനെതിരെ 73.34 മൂല്യമുണ്ടായിരുന്ന രൂപ ഇന്നു തുടങ്ങിയതു തന്നെ തകര്‍ച്ചയോടെയാണ്. തുടക്കത്തില്‍ 73.60 ല്‍ തൊട്ട് ഒരു ഘട്ടത്തില്‍ 73.70 രൂപയില്‍ വരെയെത്തി.
കടുത്ത വ്യാപാരക്കമ്മിയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മന്ത്രിതല യോഗം ചേരുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടാവുന്ന വര്‍ധന, കറന്‍സി അക്കൗണ്ട് കമ്മി, വ്യാപാരയുദ്ധത്തേത്തുടര്ന്ന് യു.എസ് കറന്‍സിയുടെ ശക്തിപ്പെടല്‍ തുടങ്ങി നിരവധി ഘടകങ്ങളാണ് ഇന്ത്യന്‍ രൂപയെ ഉലയ്ക്കുന്നത്.
കണ്ണ് ആര്.ബി.ഐ യോഗത്തിലേക്ക്
രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ കാര്യമായ നടപടിയൊന്നും കേന്ദ്ര സര്‍ക്കാരോ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയോ ഇതുവരെ കൈക്കൊണ്ടിട്ടില്ല. എന്നാല്‍ ബുധനാഴ്ച സാധാരണയുള്ള ദ്വൈമാസ നയരൂപീകരണ യോഗം തുടങ്ങിയിട്ടുണ്ട്. മൂന്നുദിവസത്തെ യോഗം വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ വിപണിയുടെ കണ്ണ് യോഗതീരുമാനത്തിലേക്കാണ്. രൂപയെ പിടിച്ചുയര്‍ത്താന്‍ കാര്യമായ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."