രാജ്യാന്തര കോടതിയെ തള്ളി അമേരിക്ക
വാഷിങ്ടണ്‍: രാജ്യാന്തര കോടതിയുടെ ഉത്തരവുകളില്‍നിന്ന് രക്ഷതേടി അമേരിക്ക. നെതര്‍ലന്‍ഡ്‌സിലെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് (ഐ.സി.ജെ) വിധിയുമായി ബന്ധപ്പെട്ടു രണ്ടു സുപ്രധാനമായ കരാറുകളില്‍നിന്ന് അമേരിക്ക പിന്‍വാങ്ങി. കോടതിയുടെ ഉത്തരവുകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാകുന്ന എല്ലാ കരാറുകളില്‍നിന്നും പിന്മാറുന്ന കാര്യം പരിശോധിക്കുന്നതായി യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ അറിയിച്ചു. ജറൂസലമിലെ യു.എസ് എംബസിയുമായി ബന്ധപ്പെട്ട് ഫലസ്തീനും യു.എസ് ഉപരോധവുമായി ബന്ധപ്പെട്ട് ഇറാനും കോടതിയില്‍ സമര്‍പ്പിച്ച ഹരജിക്കു പിറകെയാണു പുതിയ നീക്കം.
ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര കോടതിയായ ഐ.സി.ജെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും നിഷ്‌ക്രിയമായിരിക്കുകയും ചെയ്തതായി പ്രഖ്യാപനം നടത്തി ബോള്‍ട്ടന്‍ പറഞ്ഞു. ഇറാന്റെ ഹരജിയില്‍ അമേരിക്കയ്ക്കു പ്രതികൂലമായി കഴിഞ്ഞ ദിവസം രാജ്യാന്തര കോടതിയുടെ ഉത്തരവ് പുറത്തുവന്നിരുന്നു. മാനുഷിക സഹായം, വ്യോമയാന സുരക്ഷ തുടങ്ങിയവയെ ബാധിക്കുന്ന തരത്തിലാകരുത് ഇറാനെതിരായ ഉപരോധമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. 1955ല്‍ ഇറാനും അമേരിക്കയും തമ്മില്‍ രൂപപ്പെട്ട സൗഹാര്‍ദ കരാര്‍ (ട്രീറ്റി ഓഫ് അമിറ്റി)യുടെ ലംഘനമാണ് ട്രംപ് ഭരണകൂടം കഴിഞ്ഞ മെയ് മുതല്‍ തങ്ങള്‍ക്കെതിരേ നടപ്പാക്കി വരുന്ന ഉപരോധമെന്ന് കോടതിയില്‍ ഇറാന്‍ വാദിച്ചിരുന്നു. റസാ ഷാഹ് പഹ്‌ലവി ഭരണകൂടമാണ് അമേരിക്കയുമായി ഇത്തരത്തിലൊരു കരാറിലെത്തിയത്.
എന്നാല്‍, ഇറാനുമായുള്ള സൗഹൃദ കരാറില്‍നിന്ന് അമേരിക്ക പിന്മാറുന്നതായി കഴിഞ്ഞ ദിവസം യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഉപരോധത്തില്‍ വിധിപറയാന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്നും പോംപിയോ വ്യക്തമാക്കി.
ഇതിനു പിറകെയാണ് 1961ലെ വിയന്ന കണ്‍വന്‍ഷനില്‍വച്ചു തീരുമാനമായ ഒപ്ഷനല്‍ പ്രോട്ടോകോള്‍ ആന്‍ഡ് ഡിസ്പ്യൂട്ട് റെസല്യൂഷന്‍ കരാറില്‍നിന്ന് പിന്മാറുന്ന കാര്യം ജോണ്‍ ബോള്‍ട്ടന്‍ അറിയിച്ചത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ അന്തിമവിധി പറയാന്‍ രാജ്യാന്തര കോടതിക്ക് അധികാരം നല്‍കുന്നതാണു കരാര്‍. അതേസമയം, വിയന്ന കണ്‍വന്‍ഷനില്‍നിന്ന് ഉരുത്തിരിഞ്ഞ മറ്റു തീരുമാനങ്ങള്‍ അമേരിക്ക അംഗീകരിക്കുമെന്നും ബോള്‍ട്ടന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."