പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത സംഭവം: പ്രതിയെ പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍
നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്വത്ത് മഹാക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത പ്രതിയെ മൂന്നു മണിക്കൂറിനകം പിടികൂടി ജില്ലയിലെ കലാപനീക്കം തകര്‍ത്തെറിഞ്ഞ് പൊലിസ്. ജനുവരി 19ന് വണ്ടൂര്‍ ബാണാപുരം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതും ഇയാളെന്നു തെളിഞ്ഞതോടെ മലപ്പുറത്തെ കലാപ സാധ്യതയാണ് പൊലിസിന്റെ ജാഗ്രതയില്‍ ഇല്ലാതായത്.
മത സാഹോദര്യത്തിന്റെ അടയാളമായി കണ്ടിരുന്ന വില്വത്ത് ക്ഷേത്രത്തിലാണ് നാടിന് ഞെട്ടലുണ്ടാക്കിയ സംഭവം നടന്നത്. കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി അറവ് നിരോധിച്ച പശ്ചാത്തലത്തിലും റമദാന്‍ വ്രതം ആരംഭിച്ച ദിവസത്തിലും ഉണ്ടായ വിഗ്രഹം തകര്‍ക്കല്‍ സാമുദായിക കലാപത്തിനുള്ള നീക്കമാണോ എന്ന ആശങ്ക പരന്നിരുന്നു.
വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ക്കലുമായി ബന്ധപ്പെട്ടുണ്ടായ വര്‍ഗീയ മുതലെടുപ്പ് തടഞ്ഞത് ക്ഷേത്രകമ്മിറ്റിയുടെയും പൊലിസിന്റെയും അവസരോചിത ഇടപെടലിലൂടെയാണ്. കേസിലെ പ്രതി തിരുവനന്തപുരം പുല്ലയില്‍ കിളിമാനൂര്‍ തെങ്ങ്‌വിള വീട്ടില്‍ മോഹനന്‍ എന്ന രാജാറാം മോഹന്‍ദാസ് പോറ്റിയെ (ഈശ്വരനുണ്ണി) സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പൊലിസ് പിടികൂടുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്തതോടെ ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തതിനു പിന്നില്‍ മുസ്‌ലിം വിഭാഗമാണെന്ന പ്രചാരണം നടത്തിക്കൊണ്ടിരുന്ന ചില ഹിന്ദുവര്‍ഗീയ സംഘടനകള്‍ക്ക് തിരിച്ചടിയായി. അതേസമയം പിടിയിലായ മോഹനന് മറ്റു സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. കൃത്യം നടത്തിയ ശേഷം തൃശൂരിലേക്ക് പോകാനായി ക്ഷേത്രത്തിനു മുന്നില്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് ഇയാളെ ക്ഷേത്രഭാരവാഹികള്‍ കണ്ടത്. തന്ത്രപരമായി ക്ഷേത്രത്തിനകത്ത് പിടിച്ചിരുത്തി പൊലിസിനെ അറിയിച്ചെങ്കിലും രക്ഷപ്പെട്ടു.
പിന്നീട് പൊലിസ് മമ്പാട് പൊങ്ങല്ലൂരിലെ വാടക വീട്ടില്‍ വച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവിവാഹിതനായ ഇയാള്‍ 14 വര്‍ഷമായി മലപ്പുറം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവരികയാണ്.
അഞ്ചുവര്‍ഷമായി മമ്പാട്ടെ പൊങ്ങല്ലൂരില്‍ ആണ് താമസം. ശനിയാഴ്ച പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തി വി.എം. ശിവപ്രസാദ് ക്ഷേത്ര നട തുറന്നപ്പോഴാണ് ശിവന്റെയും വിഷ്ണുവിന്റെയും വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടനെ ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൂക്കോട്ടുംപാടം സ്റ്റേഷനില്‍ നിന്ന് പൊലിസെത്തി ക്ഷേത്രകവാടം അടച്ചിട്ടു.
ഇതിനിടെ നിലമ്പൂരില്‍ ക്ഷേത്രം തകര്‍ത്തു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണവും ഉണ്ടായി. പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷിയോഗവും ചേര്‍ന്നിരുന്നു. ഹിന്ദു ഐക്യവേദി, ആര്‍.എസ്.എസ്., ബി.ജെ.പി. സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് തടയലും പ്രതിഷേധവും അരങ്ങേറുന്നതിനിടെയാണ് പൊലിസിന്റെ അന്വേഷണമികവില്‍ വിഗ്രഹം തകര്‍ത്ത പ്രതിയെ പിടികൂടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."