നാടണയാന്‍ സഹായം തേടി മലയാളികളടക്കം നാലു സ്ത്രീകള്‍
ജിദ്ദ: ജോലി തട്ടിപ്പിനിരയായ മലയാളികളടക്കം നാലു സ്ത്രീകള്‍ നാട്ടിലെത്താനായി അധികൃതരുടെ സഹായം തേടി. സ്വകാര്യ ശുചീകരണ കമ്പനിയില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കി യാത്രാനുമതിക്കായി കാത്തിരിക്കുന്നവരാണ് സഹായം തേടിയത്. ഒന്നര വര്‍ഷത്തോളമായി കാത്തിരിക്കുന്ന തമിഴ്‌നാട് കള്ളക്കുറിച്ചി സ്വദേശിനി അംബികാ ചിന്ന സ്വാമി, ആറു മാസമായി കാത്തിരുപ്പ് തുടരുന്ന കോട്ടയം സ്വദേശിനി സുമാ കേശവന്‍, കോഴിക്കോട് സ്വദേശിനി ശാരദാ കൃഷ്ണന്‍ എന്നിവരാണ് അബഹയിലെ ലേബര്‍ ക്യാംപില്‍ കഴിയുന്നത്.
കൂട്ടത്തില്‍ ജോലി സ്ഥലത്തെ പീഡനങ്ങള്‍ കാരണം സഹായം തേടിയെത്തിയ തമിഴ്‌നാട് സ്വദേശിനി ചിന്നമ്മാളും ഉള്‍പ്പെടും. തൊഴിലാളികളില്‍ നിന്നുള്ള സഹായാഭ്യര്‍ഥനയെത്തുടര്‍ന്ന് ലേബര്‍ ക്യാംപും അബഹ അഭയ കേന്ദ്രവും സന്ദര്‍ശിച്ച കെ.എം.സി.സി ലീഗല്‍ സെല്‍ വനിതാ വിഭാഗം പ്രവര്‍ത്തകരോടാണ് തൊഴിലാളികള്‍ തങ്ങളുടെ പ്രയാസങ്ങള്‍ വിശദീകരിച്ചത്. എട്ട് മാസം മുന്‍പ് സഊദിയിലെത്തിയ ചിന്നമ്മാള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം മാത്രമേ ലഭിച്ചിട്ടുള്ളൂ. കയ്യിലെ മര്‍ദ്ദനമേറ്റ അടയാളങ്ങള്‍ അവര്‍ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കാണിച്ചു കൊടുത്തു.
അതേസമയം ചിന്നമ്മാള്‍ തന്റെ കുട്ടിയുടെ കൈകള്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതാണെന്നും അതു സംബന്ധമായ കേസ് നിലവില്‍ ഉണ്ടെന്നും തൊഴിലുടമ അറിയിച്ചു. നാട്ടിലേക്ക് വിടണമെങ്കില്‍ വിസയുടെ നഷ്ടപരിഹാരമായി 22,000 റിയാല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരില്‍ നിന്ന് നീതി ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ലീഗല്‍ സെല്‍ വനിതാ വിഭാഗം പ്രവര്‍ത്തകരായ സബിത മെഹബൂബ്, സുഫൈജ മൊയ്തീന്‍, ഹസീന തിരൂര്‍ പറഞ്ഞു. യാത്രാ സംബന്ധമായി ഏതെങ്കിലും രീതിയിലുള്ള സഹായം ആവശ്യമെങ്കില്‍ അക്കാര്യവും കെ.എം.സി.സി ലീഗല്‍സെല്‍ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു. സ്‌പോണ്‍സറുമായി സംസാരിച്ച് കാര്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഇബ്‌റാഹിം പട്ടാമ്പി, കെ.എം.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി മൊയ്തീന്‍ കട്ടുപ്പാറ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."